കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി

തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ എതിര്‍സ്ഥാനാര്‍ഥി മൂസ്‌ലിം ലീഗിലെ എം എ റസാഖ് മാസ്റ്ററിനെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്നാരോപിച്ചായിരുന്നു ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.

Update: 2019-01-17 09:04 GMT

കൊച്ചി : കൊടുവള്ളി നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥി കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. കൊടുവള്ളി മണ്ഡലത്തിലെ രണ്ടു വോട്ടര്‍മാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി ഉത്തരവുണ്ടായിരിക്കുന്നത്. അതേ സമയം, സുപ്രിം കോടതിയില്‍ അപ്പീല്‍ പോകുന്നതിന് 30 ദിവസത്തേക്ക് വിധി നടപ്പാക്കുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്തിട്ടുണ്ട്.

തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ എതിര്‍സ്ഥാനാര്‍ഥി മൂസ്‌ലിം ലീഗിലെ എം എ റസാഖ് മാസ്റ്ററിനെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്നാരോപിച്ചായിരുന്നു ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. 

ഈ ആവശ്യമാണ് ഇപ്പോള്‍ ഹൈക്കോടതി അംഗീകരിച്ച് കാരാട്ട് റസാഖിന്റെ വിജയം റദ്ദാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.എം എ റസാഖിനെ 573 വോട്ടിനാണ് കാരാട്ട് റസാഖ് തോല്‍പ്പിച്ചത്.പ്രചരണ വേളയില്‍ താന്‍ എതിര്‍സ്ഥാനാര്‍ഥിയെ വ്യക്തിഹത്യ നടത്തിയിട്ടില്ലെന്ന് കോടതി വിധിയറിഞ്ഞ ശേഷം കാരാട്ട് റസാഖ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.ഇക്കാര്യത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ല.കോടതിക്ക് അതു ബോധ്യമായോ എന്ന് തനിക്കറിയില്ല.വിധിക്കെതിരെ ഇടതുമുന്നണി നേതാക്കളുമായി ആലോചിച്ച ശേഷം സുപ്രിം കോടതിയെ സമീപിക്കുമെന്നും കാരാട്ട് റസാഖ് പറഞ്ഞു.

Tags: