പോലിസ് സംഘത്തെ കൊന്ന വികാസ് ദുബെയുടെ സഹായിയെ വെടിവച്ച് കൊന്നു

Update: 2020-07-08 05:34 GMT

കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ പോലിസ് സംഘത്തെ വെടിവച്ച് കൊലപ്പെടുത്തിയ ഗുണ്ടാസംഘത്തലവന്‍ വികാസ് ദുബെയുടെ അടുത്ത സഹായിയെ പോലിസ് വെടിവച്ച് കൊലപ്പെടുത്തി. കാണ്‍പുരില്‍ ഡിഎസ്പി ഉള്‍പ്പെടെയുള്ള എട്ടു പോലിസുകാരെ വെടിവച്ച കൊന്ന കേസില്‍ പ്രതിയായ വികാസ് ദുബെയുടെ അനുയായിയാ അമര്‍ ദുബെയാണ് കൊല്ലപ്പെട്ടത്. ഹമിര്‍പുരില്‍ ബുധനാഴ്ച രാവിലെ നടന്ന ഏറ്റുമുട്ടലിലാണ് അമര്‍ ദുബെ കൊല്ലപ്പെട്ടതെന്ന് ഉത്തര്‍പ്രദേശ് ലോ ആന്റ് ഓര്‍ഡര്‍ എഡിജിപി പ്രശാന്ത് കുമാര്‍ പറഞ്ഞു. ഹമിര്‍പുര്‍ ലോക്കല്‍ പോലിസുമായി ചേര്‍ന്ന് യുപി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്(എസ്ടിഎഫ്) നടത്തിയ ഏറ്റുമുട്ടലിലാണ് അമര്‍ ദുബെയെ വധിച്ചത്. ഇയാളുടെ തലയ്ക്ക് 25,000 രൂപ വിലയിട്ടിരുന്നു. വെടിവയ്പില്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ക്കും എസ്ടിഎഫിന്റെ കോണ്‍സ്റ്റബിളിനും പരിക്കേറ്റതായി പോലിസ് അറിയിച്ചു.

    അമര്‍ ദുബെയുടെ കൈയില്‍ നിന്ന് ഒരു ഓട്ടോമാറ്റിക് ആയുധവും ബാഗും കണ്ടെടുത്തതായി ഹമിര്‍പൂര്‍ പോലിസ് സൂപ്രണ്ട്(എസ്പി) ശ്ലോക് കുമാറിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തേക്ക് ഫോറന്‍സിക് പുറപ്പെട്ടിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടക്കുന്നതായും അദ്ദേഹം പറഞ്ഞു.

    എന്നാല്‍, സംഭവത്തിലെ മുഖ്യപ്രതിയായ വികാസ് ദുബെയെ കണ്ടെത്താന്‍ പോലിസിനു ഇതുവരെ കഴിഞ്ഞിട്ടില്ല. വികാസ് ദുബെയെ ബിജ്‌നോറില്‍ തന്റെ സംഘത്തോടൊപ്പം കാറില്‍ കണ്ടതായി റിപോര്‍ട്ടുകളുണ്ടായിരുന്നു. ഇദ്ദേഹത്തെ കണ്ടെത്താന്‍ എസ്ടിഎഫും 40 ഓളം പോലിസ് സംഘങ്ങളും തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായാണു പോലിസ് പറയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബിക്രുവില്‍വച്ച് എട്ടു പോലിസുകാരെ കൊലപ്പെടുത്തിയ ശേഷം ദുബെയും കൂട്ടാളികളും രക്ഷപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് ദുബെയുടെ അടുത്ത സഹായി ദയാശങ്കര്‍ അഗ്‌നിഹോത്രി, ബന്ധു ശര്‍മ, അയല്‍വാസി സുരേഷ് വര്‍മ, വീട്ടു ജോലിക്കാരി രേഖ എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ബിജെപി നേതാവും യുപി മുന്‍ മന്ത്രിയുമായ സന്തോഷ് ശുക്ലയെ 2001 പോലിസ് സ്‌റ്റേഷനില്‍ കൊലപ്പെടുത്തിയ കേസ് ഉള്‍പ്പെടെ 60ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് വികാസ് ദുബെ.

Kanpur gangster Vikas Dubey's close aide Amar Dubey shot dead in police encounter

Tags:    

Similar News