കണ്ണവം സയ്യിദ് സ്വലാഹുദ്ദീന്‍ വധം: ഉന്നത ഗൂഢാലോചന പുറത്ത് കൊണ്ടുവരണം-എസ്ഡിപിഐ

ഡിസംബര്‍ 4നു തലശ്ശേരി ഡി വൈഎസ് പി ഓഫിസിലേക്ക് മാര്‍ച്ച്

Update: 2020-11-30 08:33 GMT

കണ്ണൂര്‍: എസ്ഡിപിഐ പ്രവര്‍ത്തകന്‍ കണ്ണവത്തെ സയ്യിദ് മുഹമ്മദ് സ്വലാഹുദ്ദീന്‍ വധക്കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും കൊല്ലിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും എസ് ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ഡിസംബര്‍ 4നു വെള്ളിയാഴ്ച രാവിലെ 10നു തലശ്ശേരി ഡി വൈഎസ് പി ഓഫിസിലേക്ക് മാര്‍ച്ച് നടത്തും. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. വ്യത്യസ്ത പ്രദേശങ്ങളിലെ ആര്‍എസ്എസ് ക്രിമിനല്‍ സംഘമാണ് കൊലപാതകം നടത്തിയത്. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയാണ് ഇത് വ്യക്തമാക്കുന്നത്.     കൊലയാളികളെ കൂട്ടിയോജിപ്പിച്ച ആസൂത്രണം ഏത് തലത്തില്‍ നടന്നുവെന്ന് പോലിസ് കണ്ടെത്തണം. കൊന്നവരെ മാത്രം കണ്ടെത്തി അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കം പോലിസ് ഉപേക്ഷിക്കണം. പട്ടാപ്പകല്‍ സഹോദരിമാരുടെ മുന്നില്‍ വച്ച് അതിക്രൂരമായാണ് സ്വലാഹുദ്ദീന്‍ വധിക്കപ്പെട്ടത്. കൊലപാതകം ആസൂത്രണം ചെയ്തത് കണ്ണവത്തെ ശാഖാ മുഖ്യ ശിക്ഷക് അമല്‍ രാജിന്റെ നേതൃത്വത്തിലാണെന്ന പോലിസ് ഭാഷ്യം വിശ്വസിക്കാനാവില്ല. ഇടതുപക്ഷ ഭരണത്തില്‍ പോലും കൊലപാതകം നടത്തി ആര്‍എസ്എസ് നേതാക്കള്‍ വിലസുകയാണ്. ആര്‍ എസ് എസ് ഉന്നത നേതൃത്വത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ ഇത്തരം കൊലപാതകം നടക്കില്ല. കൊല്ലിച്ചവരെ നിയമത്തിനുമുമ്പില്‍ കൊണ്ട് വരുന്നതുവരെ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും ബഷീര്‍ കണ്ണാടിപ്പറമ്പ് വ്യക്തമാക്കി. കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എസ്ഡിപി ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സജീര്‍ കീച്ചേരി, മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് റഫീഖ് കീച്ചേരി എന്നിവര്‍ പങ്കെടുത്തു.

Tags: