ഖാദര്‍ കമ്മിറ്റി റിപോര്‍ട്: സ്‌റ്റേ തുടരും

സ്റ്റേ നീക്കുന്നതിനായി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്.റിപോര്‍ട് നടപ്പാക്കുന്നതിന് നേരത്തെ ഹൈക്കോടതി സമ്പൂര്‍ണമായ സ്റ്റേയായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത് ഇത് നീക്കണമെന്നായിരുന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് നീക്കാന്‍ ഹൈക്കോടതി തയാറായില്ല

Update: 2019-06-28 10:14 GMT

കൊച്ചി: ഹൈസ്‌കുള്‍-ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളുടെ ലയനം ശുപാര്‍ശ ചെയ്യുന്ന ഖാദര്‍ കമ്മിറ്റി റിപോര്‍ട് നടപ്പിലാക്കുന്നതിനെതിരെ നേരത്തെ പുറപ്പെടുവിച്ച സ്റ്റേ ഹൈക്കോടതി നീക്കിയില്ല.സ്റ്റേ നീക്കുന്നതിനായി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്.റിപോര്‍ട് നടപ്പാക്കുന്നതിന് നേരത്തെ ഹൈക്കോടതി സമ്പൂര്‍ണമായ സ്റ്റേയായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത് ഇത് നീക്കണമെന്നായിരുന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് പൂര്‍ണമായും നീക്കാന്‍ ഹൈക്കോടതി തയാറായില്ല. എന്നാല്‍ കെഇആര്‍ പരിഷ്‌കരണ നടപടിയുമായി സര്‍ക്കാരിനു മുന്നോട്ടു പോകാം.ചട്ടങ്ങള്‍ രൂപീകരിക്കുന്നതിന് തടസമില്ല പക്ഷേ അത് നടപ്പിലാക്കുന്നതിന് മുമ്പ് എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായം കേള്‍ക്കണമെന്നൂം കോടതി വ്യക്തമാക്കി.വിദ്യാര്‍ഥികള്‍, അധ്യാപകര്‍,സ്‌കൂള്‍ മാനേജുമെന്റുകള്‍ എന്നിവരടക്കമുള്ളവരുടെ അഭിപ്രായം കേള്‍ക്കാന്‍ സര്‍ക്കാര്‍ തയാറാകണം.

ഹൈസ്‌കുള്‍-ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളുടെ ലയനം നടപ്പാക്കാനുള്ള തീരുമാനത്തിനെതിരെ എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്സ് അസോസിയേഷനായിരുന്നു കോടതിയെ സമീപിച്ചത്. ലയനം ദേശീയ വിദ്യാഭ്യാസ നയത്തിനെതിരാണെന്നും യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന അധ്യാപകരുടെ അവകാശങ്ങളെ ഇത് ഹനിക്കുന്നതാണെന്നും ഹരജിക്കാര്‍ വാദിച്ചു.അശാസ്ത്രീയവും അപ്രായോഗികവും ഏകപക്ഷീയവുമായ കെണ്ടത്തലുകളാണ് ഖാദര്‍ കമ്മിറ്റി മുന്നോട്ടു വച്ചിട്ടുള്ളതെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി.ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതായിരുന്നു ഖാദര്‍ കമ്മിറ്റി റിപോര്‍ടിലെ പരാമര്‍ശം. ഖാദര്‍ കമ്മിറ്റി റിപോര്‍ട് നടപ്പിലാക്കുന്നതിനെതിരെ ഒരു വിഭാഗം അധ്യാപകരും വിവിധ സംഘടനകളും നേരത്തെ തന്നെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.എന്നാല്‍ ഇത് കാര്യമാക്കാതെ റിപോര്‍ട് നടപ്പിലാക്കുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതിനിടയിലാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.

Tags:    

Similar News