മുഖപത്രത്തെ മറയാക്കി കള്ളപ്പണം വെളുപ്പിച്ചെന്ന്; ഇ ഡിക്ക് രേഖകള്‍ നല്‍കിയെന്ന് കെ ടി ജലീല്‍

നാളെ കുഞ്ഞാലിക്കുട്ടിയെയും ഈ മാസം ഏഴിന് അദ്ദേഹത്തിന്റെ മകന്‍ ആഷിഖിനെയും ഇ ഡി വിളിപ്പിച്ചിട്ടുണ്ടെന്നാണ് താന്‍ മനസിലാക്കുന്നതെന്ന് കെ ടി ജലീല്‍ പറഞ്ഞു.ഇപ്പോള്‍ കൈമാറിയ രേഖകള്‍ക്ക് പുറമേ മറ്റു ചില രേഖകള്‍ കൂടി ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്. ആ രേഖകളും സംഘടിപ്പിച്ച് നല്‍കുമെന്നും കെ ടി ജലീല്‍ പറഞ്ഞു

Update: 2021-09-02 11:16 GMT

കൊച്ചി: മുഖപത്രത്തെ മറയാക്കി ലീഗ് നേതാക്കള്‍ കള്ളപ്പണം വെളുപ്പിച്ചെന്ന് മുന്‍ മന്ത്രി കെ ടി ജലീല്‍ എംഎല്‍എ.എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ഓഫിസില്‍ എത്തി മൊഴിയും രേഖകളും കൈമാറിയതിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കുഞ്ഞാലിക്കുട്ടിക്കെതിരെ താന്‍ ഉന്നയിച്ച സാമ്പത്തിക ആരോപണങ്ങളുമായി ബന്ധപ്പെട്ട് തന്റെ പക്കല്‍ നിന്നും ചില കാര്യങ്ങള്‍ അറിയേണ്ടതുണ്ട് എന്ന് മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഇ ഡി മൊഴിയെടുക്കാന്‍ വേണ്ടി തന്നെ നോട്ടീസ് അയച്ച് വിളിപ്പിച്ചതെന്ന് കെ ടി ജലീല്‍ പറഞ്ഞു.

ഇപ്പോള്‍ കൈമാറിയ രേഖകള്‍ക്ക് പുറമേ മറ്റു ചില രേഖകള്‍ കൂടി ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്. ആ രേഖകളും സംഘടിപ്പിച്ച് നല്‍കുമെന്നും കെ ടി ജലീല്‍ പറഞ്ഞു.നാളെ കുഞ്ഞാലിക്കുട്ടിയെയും ഈ മാസം ഏഴിന് അദ്ദേഹത്തിന്റെ മകന്‍ ആഷിഖിനെയും ഇ ഡി വിളിപ്പിച്ചിട്ടുണ്ടെന്നാണ് താന്‍ മനസിലാക്കുന്നതെന്നും കെ ടി ജലീല്‍ പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായിട്ടായിരിക്കും ഇരുവരെയും വിളിപ്പിച്ചിരിക്കുന്നതെന്നും കെ ടി ജലീല്‍ പറഞ്ഞു.

ലീഗിന്റെ മുഖപത്രത്തിന്റെ മറവില്‍ നടത്തിയ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും മറ്റു പലരുടെയും സാമ്പത്തിക ഉറവിടം സംബന്ധിച്ചും ഇ ഡി ചോദിച്ചു.അക്കാര്യങ്ങളും കഴിയുന്നതുപോലെ നല്‍കിയിട്ടുണ്ട്.മുഖപത്രത്തെയും മുസ് ലിം ലീഗ് സംഘടനയെയും സ്ഥാപനങ്ങളെയും മറിയാക്കി കള്ളപ്പണം വെളുപ്പിക്കുക,അവിഹിതമായി ധനസമ്പാദനം നടത്തുക ഇതൊക്കെ കുറച്ചു കാലമായി നടക്കുന്നുണ്ടെന്നും താന്‍ നല്‍കിയ രേഖകള്‍ ലീഗിനെ പ്രതിക്കൂട്ടിലാക്കുമോയെന്ന് കാത്തിരുന്ന് കാണാമെന്നും കെ ടി ജലീല്‍ പറഞ്ഞു.

പറഞ്ഞ കാര്യങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ നല്‍കാന്‍ താന്‍ ബാധ്യസ്ഥനാണ് അത് നല്‍കുമെന്നും കെ ടി ജലീല്‍ പറഞ്ഞു.എ ആര്‍ നഗര്‍ ബാങ്കുമായി ബന്ധപ്പെട്ട് താന്‍ ഉന്നയിച്ച വിഷയത്തിലെ രേഖകള്‍ ഇപ്പോള്‍ ഇ ഡി ക്ക് നല്‍കിയിട്ടില്ല.ബാങ്കുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ റിപോര്‍ട്ട് ഉദ്യോഗസ്ഥര്‍ രണ്ടു ദിവസം മുമ്പ് സമര്‍പ്പിച്ചിട്ടുണ്ട്. വിവരാവകാശ നിയമ പ്രകാരം അതിന്റെ പകര്‍പ്പ് എടുത്തതിനു ശേഷം മാധ്യമങ്ങളെ താന്‍ വീണ്ടും കാണുമെന്നും കെ ടി ജലീല്‍ പറഞ്ഞു.

ഇന്ന് രാവിലെ 11 മണിയോടെയാണ് കെ ടി ജലീല്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ കൊച്ചിയിലെ ഓഫിസില്‍ എത്തിയത്. വൈുകുന്നേരം നാലുമണിയോടെയാണ് മൊഴിയെടുപ്പ് പൂര്‍ത്തിയായത്.

Tags:    

Similar News