ജസ്റ്റിസ് യു യു ലളിത് സുപ്രിംകോടതി ചീഫ് ജസ്റ്റിസ്; ഉത്തരവില്‍ രാഷ്ട്രപതി ഒപ്പിട്ടു, ആഗസ്ത് 27ന് സത്യപ്രതിജ്ഞ

Update: 2022-08-10 14:15 GMT

ന്യൂഡല്‍ഹി: ജസ്റ്റിസ് ഉദയ് ഉമേഷ് ലളിതിനെ 49ാമത് സുപ്രിംകോടതി ചീഫ് ജസ്റ്റിസായി നിയമിച്ചുകൊണ്ടുള്ള ഉത്തരവില്‍ രാഷ്ട്രപതി ഒപ്പിട്ടു.

ഉത്തരവില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒപ്പുവച്ച വിവരം നിയമ, നീതിന്യായ മന്ത്രാലയമാണ് പുറത്തുവിട്ടത്.

ആഗസ്ത് 27ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും.

2014ലാണ് ജസ്റ്റിസ് ലളിത് സുപ്രിംകോടതിയില്‍ നിയമിക്കപ്പെടുന്നത്. ബാറില്‍നിന്ന് നേരിട്ടാണ് അദ്ദേഹം സുപ്രിംകോടതിയിലെത്തിയത്. ബാറില്‍നിന്ന് വന്ന് ചീഫ് ജസ്റ്റിസാവുന്ന രണ്ടാമത്തയാളാണ് ജസ്റ്റിസ് ലളിത്. നേരത്തെ ജസ്റ്റിസ് എസ് എം സിക്രി 1971ല്‍ സമാനമായ രീതിയില്‍ ചീഫ് ജസ്റ്റിസായിട്ടുണ്ട്.

സുപ്രിംകോടതി ലീഗല്‍ സര്‍വീസസ് കമ്മിറ്റിയില്‍ രണ്ട് ടേമുകളില്‍ ജസ്റ്റിസ് ലളിത് അംഗമായിരുന്നു. നിരവധി സുപ്രധാനമായ കേസുകളില്‍ അദ്ദേഹം വിധി പുറപ്പെടുവിച്ചിട്ടുണ്ട്.

1957 നവംബര്‍ 9ന് മഹാരാഷ്ട്രയിലെ സോളാപൂരില്‍ ജനനം. മഹാരാഷ്ട്ര ബാര്‍ കൗണ്‍സിലിലും ഗോവയിലും അഭിഭാഷകനായിരുന്നു. മുംബൈ ഹൈക്കോടതിയില്‍ 1985വരെ പ്രവര്‍ത്തിച്ചു. 1986ല്‍ ഡല്‍ഹിയിലേക്ക് മാറി.

1986-92 കാലത്ത് സോളിസിറ്റര്‍ ജനറല്‍ സോറബ്ജിയുടെ കൂടെ പ്രവര്‍ത്തിച്ചു.

2004 ഏപ്രിലില്‍ സുപ്രിംകോടതിയില്‍ മുതിര്‍ന്ന അഭിഭാഷകനായി. യമുനാനദി മലിനീകരണം പോലുള്ള പ്രധാനപ്പെട്ട പല കേസുകളിലും അമികസ് ക്യൂറിയായിരുന്നു. 2ജി കേസുകളില്‍ സിബിഐയുടെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി പ്രവര്‍ത്തിച്ചു.

ചീഫ് ജസ്റ്റിസ് എന്‍ വി രമണയാണ് ലളിതിന്റെ പേര് ശുപാര്‍ശ ചെയ്തത്.

Tags:    

Similar News