മാധ്യമപ്രവര്‍ത്തകന്റെ മരണം: ശ്രീറാം വെങ്കിട്ടരാമന് സസ്‌പെന്‍ഷന്‍

ശ്രീറാമിനെ സസ്‌പെന്റ് ചെയ്ത് ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. റിമാന്‍ഡിലായി 48 മണിക്കൂറിനകം സസ്‌പെന്‍ഡ് ചെയ്യണമെന്ന സര്‍വീസ് ചട്ടം നിലനില്‍ക്കെ ശ്രീറാമിനെതിരേ നടപടി സ്വീകരിക്കാത്തതിനെതിരേ കടുത്ത വിമര്‍ശനമുയര്‍മുയര്‍ന്നിരുന്നു. തുടര്‍ന്ന് ഇന്ന് ഉച്ചയോടെയാണ് ശ്രീറാമിനെ സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിച്ചത്.

Update: 2019-08-05 11:05 GMT

തിരുവനന്തപുരം: മദ്യപിച്ച് അമിതവേഗതയിലോടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിക്കാനിടയായ സംഭവത്തില്‍ സര്‍വേ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ശ്രീറാം വെങ്കിട്ടരാമനെ സസ്‌പെന്റ് ചെയ്തു. ശ്രീറാമിനെ സസ്‌പെന്റ് ചെയ്ത് ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. റിമാന്‍ഡിലായി 48 മണിക്കൂറിനകം സസ്‌പെന്‍ഡ് ചെയ്യണമെന്ന സര്‍വീസ് ചട്ടം നിലനില്‍ക്കെ ശ്രീറാമിനെതിരേ നടപടി സ്വീകരിക്കാത്തതിനെതിരേ കടുത്ത വിമര്‍ശനമുയര്‍മുയര്‍ന്നിരുന്നു. തുടര്‍ന്ന് ഇന്ന് ഉച്ചയോടെയാണ് ശ്രീറാമിനെ സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിച്ചത്. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായ കെ എം ബഷീര്‍ വാഹനമിടിച്ച് മരിച്ച കേസില്‍ ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് ശ്രീറാമിനെ അറസ്റ്റുചെയ്തത്.


 മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് പൊലിസ് ആദ്യം കേസെടുത്തതെങ്കിലും പിന്നീട് ശ്രീറാം മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പുകളും ചുമത്തുകയായിരുന്നു. അപകടത്തിന് ശേഷം തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ അഡ്മിറ്റായ ശ്രീറാമിനെ മജിസ്‌ട്രേറ്റുമായെത്തിയാണ് പൊലിസ് അറസ്റ്റുചെയ്തത്. പിന്നീട് റിമാന്‍ഡ് ചെയ്ത ശ്രീറാമിനെ മജിസ്‌ട്രേറ്റിന്റെ നിര്‍ദേശപ്രകാരം ജില്ലാ ജയിലിലേക്ക് മാറ്റിയെങ്കിലും ആരോഗ്യപ്രശ്‌നമുണ്ടെന്ന് ചൂണ്ടിക്കാട്ടി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ശ്രീറാം വെങ്കിട്ടരാമനെതിരായ കേസിന്റെ വിശദാംശങ്ങളടങ്ങിയ റിപോര്‍ട്ട് പോലിസ് സര്‍ക്കാരിന് കൈമാറിയിരുന്നു. ഇത് പരിശോധിച്ചശേഷമാണ് ചീഫ് സെക്രട്ടറിയുടെ നടപടി. മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. 

Tags:    

Similar News