ജെഎൻയു സമരം: ഐഷി ഘോഷടക്കം 54 പേർ പോലിസ് കസ്റ്റഡിയിൽ

പെൺകുട്ടികളെ അടക്കം വലിച്ച് ഇഴച്ചാണ് പൊലീസ് കൊണ്ടുപോയത്. ക്യാംപസിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. നിലവില്‍ പോലിസും വിദ്യാർഥികളും തമ്മിൽ സംഘർഷം തുടരുകയാണ്.

Update: 2019-11-18 09:22 GMT

ന്യൂഡൽഹി: ഫീസ് വർധനവ് അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ച് ജെഎൻയുവിലെ വിദ്യാർത്ഥികൾ നടത്തിയ പാർലമെന്‍റ് മാർച്ചിൽ സംഘർഷം. പ്രധാനപ്പെട്ട ഗേറ്റ് കടന്ന് വിദ്യാർത്ഥികൾ നടത്തിയ മാർച്ച് പോലിസ് തടഞ്ഞു. ബാരിക്കേഡുകൾ തകർത്ത് മുന്നോട്ട് വന്ന വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സംഘർഷത്തെ തുടര്‍ന്ന്, യൂനിയൻ നേതാവ് ഐഷി ഘോഷടക്കം 54 പേരെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. പെൺകുട്ടികളെ അടക്കം വലിച്ച് ഇഴച്ചാണ് പൊലീസ് കൊണ്ടുപോയത്. ക്യാംപസിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. നിലവില്‍ പോലിസും വിദ്യാർഥികളും തമ്മിൽ സംഘർഷം തുടരുകയാണ്. ക്യാംപസിൽ പോലിസ് നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.

പാര്‍ലമെന്റില്‍ ഇന്ന് ശീതകാല സമ്മേളനം ആരംഭിക്കാനിരിക്കെയാണ് വിദ്യാര്‍ഥികളുടെ പ്രതിഷേധ മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നത്. മാർച്ചിന് മുന്നോടിയായി ക്യാംപസിന് പുറത്ത് ആയിരത്തിലധികം പോലിസ് അർദ്ധസേനാ വിഭാഗങ്ങളെ വിന്യസിച്ചിരുന്നു. സംഘർഷാവസ്ഥ ഉടലെടുത്തതിനെത്തുടർന്ന് കൂടുതൽ പോലിസിനെ സംഭവ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

അതേസമയം ചർച്ചക്കായി കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രാലയം ഉന്നതാധികാര സമിതിയെ നിയോഗിച്ചു. യുജിസി മുൻ ചെയർമാൻ അടങ്ങുന്ന മൂന്നംഗ സമിതിയെയാണ് നിയോഗിച്ചത്. ഉന്നത വിദ്യാഭ്യാസ മേഖല സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണിതെന്നും വിദ്യാർഥികൾ കുറ്റപ്പെടുത്തുന്നു. നിലവിലെ വിദ്യാഭ്യാസ രീതി പൂര്‍ണ്ണമായും അട്ടിമറിക്കുന്നതാണ് സര്‍ക്കാര്‍ നയമെന്നാണ് വിദ്യാര്‍ഥികൾ ആരോപിക്കുന്നത്. ആവശ്യങ്ങൾ അംഗീകരിക്കപ്പെടും വരെ സമരം തുടരും എന്നാണ് വിദ്യാർത്ഥികളുടെ സംയുക്ത കൂട്ടായ്മയായ ജെഎൻയു സ്റ്റുഡന്‍റ്സ് യൂനിയൻറെ തീരുമാനം.

Tags:    

Similar News