കൊറോണയില്‍ വിറങ്ങലിച്ച് യൂറോപ്പ്; ഇറ്റലിയില്‍ 24 മണിക്കൂറിനുള്ളില്‍ 368 മരണം
സ്‌പെയിനില്‍ 97 പേരും ഫ്രാന്‍സില്‍ 29 പേരും ഇന്നലെ മാത്രം മരിച്ചിട്ടുണ്ട്.
ലണ്ടന്‍: പ്രഭവകേന്ദ്രമായ ചൈനയില്‍ കൊവിഡ് 19 വൈറസ് ബാധ ഏറെക്കുറെ നിയന്ത്രണവിധേയമാക്കിയെങ്കിലും ഭീതിവിതച്ച് യൂറോപ്പില്‍ അതിരൂക്ഷമായി പടരുകയാണ്. രോഗം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഞായറാഴ്ച മാത്രം ഇറ്റലിയില്‍ 368 പേരാണ് വൈറസ് ബാധയേറ്റ് മരിച്ചത്. 24,747 പേര്‍ക്കാണ് ഇറ്റലിയില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്.
യൂറോപ്പില്‍ വൈറസിന്റെ ഇപ്പോഴത്തെ പ്രഭവസ്ഥാനമായ ഇറ്റലിയിലെ വടക്കന്‍ ലംബോര്‍ഡി പ്രദേശത്താണ് വൈറസ് കൂടുതല്‍ ബാധിച്ചത്. ഇറ്റലിയില്‍ ആകെയുള്ള മരണനിരക്കില്‍ 67 ശതമാനവും വടക്കന്‍ ലംബോര്‍ഡിയിലാണ്. ഇതോടെ രാജ്യത്തെ ആകെ മരണനിരക്ക് 1,809 ആയി ഉയര്‍ന്നായി ഇറ്റാലിയന്‍ ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ ലോകാരോഗ്യ സംഘടന കൊവിഡ് 19 വൈറസിന്റെ നിലവിലെ പ്രഭവകേന്ദ്രമായി യൂറോപ്പിനെ പ്രഖ്യാപിച്ചു. പല യൂറോപ്യന്‍ രാജ്യങ്ങളും അതിര്‍ത്തികള്‍ പൂര്‍ണ്ണമായും അടയ്ക്കുന്ന നടപടിയിലേക്ക് നീങ്ങുകയാണ്.
സ്‌പെയിനില്‍ 97 പേരും ഫ്രാന്‍സില്‍ 29 പേരും ഇന്നലെ മാത്രം മരിച്ചിട്ടുണ്ട്. സ്‌പെയിനില്‍ 288 പേരും ഫ്രാന്‍സില്‍ 120 പേരും ഇതുവരെ കൊവിഡ് 19 ബാധയില്‍ മരിച്ചു. ഇംഗ്ലണ്ടിലും കൊവിഡ് നാശം വിതയ്ക്കുകയാണ്. 14 പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ ഇംഗ്ലണ്ടിലെ ആകെ മരണസംഖ്യ 35 ആയി.
കഴിഞ്ഞ 24 മണിക്കൂറില്‍ സ്വിറ്റ്‌സര്‍ലണ്ടിലെ രോഗബാധിതരുടെ എണ്ണം മൂന്നിരട്ടിയായി ഉയര്‍ന്ന് 2200ല്‍ എത്തി. 14 മരണങ്ങളാണ് സ്വിറ്റ്‌സര്‍ലണ്ടില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഇംഗ്ലണ്ടിനും അയര്‍ലണ്ടിനും കൂടി യാത്രാവിലക്ക് ഏര്‍പ്പെടുത്താന്‍ അമേരിക്ക തീരുമാനിച്ചു. ഇതോടെ 28 യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് അമേരിക്കയിലേക്ക് യാത്ര ചെയ്യാനാകില്ല. 62 പേരാണ് അമേരിക്കയില്‍ ഇതുവരെ മരിച്ചത്. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ അമേരിക്കയില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ റോം, മിലാന്‍ തുടങ്ങി രാജ്യത്തെ പ്രധാന നഗരങ്ങളില്‍ പാര്‍ക്കുകളും കളിസ്ഥലങ്ങളുമെല്ലാം പൂട്ടി.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇറാനില്‍ നൂറിലേറെ പേര്‍ മരിച്ചു. വൈറസ് ബാധിതരുടെ എണ്ണം 14,000 പിന്നിട്ടു.
എല്ലാ യൂറോപ്യന്‍ രാജ്യങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. പോര്‍ച്ചുഗല്‍ സ്‌പെയിനുമായുള്ള അതിര്‍ത്തി അടച്ചു. ജര്‍മനി, ഫ്രാന്‍സ്, ഓസ്ട്രിയ ഡെന്‍മാര്‍ക്ക് ലക്‌സംബര്‍ഗ് അതിര്‍ത്തികളില്‍ ശക്തമായ യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തി. ചെക്ക് റിപ്പബ്ലിക്കും പൗരന്‍മാരുടെ യാത്രകള്‍ക്ക് ഇന്നലെ മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജിസിസി രാജ്യങ്ങളും കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.

