പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ അമേരിക്കയ്‌ക്കെതിരേ ഐക്യപ്പെടണം: ഇറാന്‍ പ്രസിഡന്റ്

സയണിസത്തെ തുടച്ചുമാറ്റാന്‍ അയല്‍ രാജ്യങ്ങളോട് ആഹ്വാനം ചെയ്ത അദ്ദേഹം മേഖലയിലെ എല്ലാ പ്രശ്‌നങ്ങളുടെയും മൂലകാരണം അമേരിക്കയും സഖ്യ കക്ഷിയായ ഇസ്രായേലുമാണെന്നും വിമര്‍ശിച്ചു.

Update: 2019-04-18 10:56 GMT

തെഹ്‌റാന്‍: പശ്ചിമേഷ്യയിലെ രാജ്യങ്ങള്‍ അമേരിക്കയ്‌ക്കെതിരേ ഐക്യപ്പെടണമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. തെഹ്‌റാനില്‍ നടന്ന സൈനിക ദിന പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സയണിസത്തെ തുടച്ചുമാറ്റാന്‍ അയല്‍ രാജ്യങ്ങളോട് ആഹ്വാനം ചെയ്ത അദ്ദേഹം മേഖലയിലെ എല്ലാ പ്രശ്‌നങ്ങളുടെയും മൂലകാരണം അമേരിക്കയും സഖ്യ കക്ഷിയായ ഇസ്രായേലുമാണെന്നും വിമര്‍ശിച്ചു. ഇറാന്‍ സായുധ സേന മേഖലയിലെ രാജ്യങ്ങള്‍ക്കു ഭീഷണിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മേഖലയിലെ രാജ്യങ്ങള്‍ നൂറ്റാണ്ടുകളോളം യാതൊരു പ്രശ്‌നങ്ങളുമില്ലാതെ ഒരുമിച്ചു കഴിഞ്ഞിട്ടുണ്ട്. എന്തെങ്കിലും പ്രശ്‌നമുണ്ടായിട്ടുണ്ടെങ്കില്‍ അത് പുറത്തുനിന്നുള്ളവര്‍ സൃഷ്ടിച്ചതാണ്-റൂഹാനി പറഞ്ഞു. മേഖലയില്‍ ഇപ്പോള്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അതിന്റെ മൂല കാരണം സയണിസമോ അമേരിക്കയുടെ അഹങ്കാരമോ ആണ്.

ഇറാന്റെ സൈന്യം ഒരിക്കലും നിങ്ങള്‍ക്കോ നിങ്ങളുടെ താല്‍പര്യങ്ങള്‍ക്കോ എതിരല്ല. അത് കടന്നുകയറ്റക്കാര്‍ക്കെതിരേയാണ്-അയല്‍രാജ്യങ്ങളോടായി റൂഹാനി പറഞ്ഞു. നമുക്കൊരുമിച്ചു നില്‍ക്കാം. ഒരുമിച്ചു നിന്ന് അധിനിവേശകരെ തുരത്താം-ലൈവ് സംപ്രേക്ഷണം ചെയ്ത പ്രസംഗത്തില്‍ അദ്ദേഹം ആഹ്വാനം ചെയ്തു.

മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാരുടെ സാന്നിധ്യത്തിലായിരുന്നു റൂഹാനിയുടെ പ്രസംഗം. സൈനികരുടെ പരേഡും വിവിധ സൈനിക ഉപകരണങ്ങളുടെയും വാഹനങ്ങളുടെയും ആയുധങ്ങളുടെയും പ്രദര്‍ശനവും നടന്നു. 

Tags:    

Similar News