മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി; ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റിന് അറസ്റ്റുചെയ്യാം

ഇപ്പോള്‍ ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതി ഹരജി തള്ളിയത്. ഇതോടെ എന്‍ഫോഴ്‌സ്‌മെന്റിന് പി ചിദംബരത്തെ അറസ്റ്റുചെയ്യാം.

Update: 2019-09-05 06:19 GMT

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി. ഇപ്പോള്‍ ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതി ഹരജി തള്ളിയത്. ഇതോടെ എന്‍ഫോഴ്‌സ്‌മെന്റിന് പി ചിദംബരത്തെ അറസ്റ്റുചെയ്യാം. മുന്‍കൂര്‍ ജാമ്യം ആരുടെയും മൗലികാവകാശമല്ലെന്നും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഗൗരവമുള്ളതാണെന്നും സുപ്രിംകോടതി നിരീക്ഷിച്ചു.

സിബിഐ കസ്റ്റഡി ഇന്ന് തീരാനിരിക്കെയാണ് എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ പി ചിദംബരത്തിന് കനത്ത തിരിച്ചടിയുണ്ടായിരിക്കുന്നത്. തനിക്കുള്ള സ്വത്തിനെല്ലാം കൃത്യമായ രേഖകളുണ്ടെന്നും ഒരു തെളിവും എന്‍ഫോഴ്‌മെന്റിന്റെ കൈയിലില്ലെന്നും പി ചിദംബരം വാദിച്ചു. എന്നാല്‍, ചിദംബരത്തിനെതിരായ കുറ്റങ്ങള്‍ മുദ്രവച്ച കവറില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ദിവസങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് സുപ്രിംകോടതി ഉത്തരവിട്ടത്. അതേസമയം, സിബിഐയുടെ അറസ്റ്റും കസ്റ്റഡിയും ചോദ്യംചെയ്തുള്ള ചിദംബരത്തിന്റെ ഹരജിയും സുപ്രിംകോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ഈ കേസില്‍ ചിദംബരത്തെ തിഹാര്‍ ജയിലേക്ക് അയക്കുന്നത് സുപ്രിംകോടതി തടഞ്ഞിരിക്കുകയാണ്.

ചിദംബരത്തിനെതിരേ സിബിഐ നല്‍കിയ തെളിവുകള്‍ പരിശോധിച്ചാവും ഇക്കാര്യത്തിലെ സുപ്രിംകോടതി തീരുമാനം. സിബിഐ കേസിലെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതിനാല്‍ ഉച്ചയ്ക്കുശേഷം ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ ചിദംബരത്തെ ഹാജരാക്കും. സിബിഐയും എന്‍ഫോഴ്‌സ്‌മെന്റും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ചിദംബരവും മകന്‍ കാര്‍ത്തി ചിദംബരവും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷകളില്‍ ഡല്‍ഹി സിബിഐ പ്രത്യേക കോടതി ജഡ്ജി ഒ പി സൈനിയാവും വിധി പറയുക. 

Tags: