പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം പടരുന്നു; പശ്ചിമബംഗാളിലെ വിവിധയിടങ്ങളില്‍ ഇന്റര്‍നെറ്റ് നിരോധനം, തീവണ്ടി സര്‍വീസുകള്‍ തടസ്സപ്പെട്ടു

മൂന്നാം ദിവസവും പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന് അയവ് വരാത്ത സാഹചര്യത്തിലാണ് നടപടി. മാള്‍ഡ, മുര്‍ഷിദാബാദ്, ഉത്തര്‍ ദിനാജ് പൂര്‍, ഹൗറ ജില്ലകളിലും നോര്‍ത്ത് പര്‍ഗാനാസ് ജില്ലയിലെ ബരാസാത്, ബസിര്‍ഹട്ട് സബ് ഡിവിഷനുകളിലും സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബാരുയ് പൂര്‍, കാനിംഗ് സബ് ഡിവിഷനുകളിലുമാണ് ഇന്റര്‍നെറ്റ് സേവനം നിരോധിച്ചിരിക്കുന്നത്.

Update: 2019-12-15 13:03 GMT

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമയെത്തിനെതിരേ പ്രക്ഷോഭം തെരുവു കലാപമായി മാറിയ പശ്ചിമബംഗാളിലെ അഞ്ച് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിരോധിച്ചു. മൂന്നാം ദിവസവും നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന് അയവ് വരാത്ത സാഹചര്യത്തിലാണ് നടപടി. മാള്‍ഡ, മുര്‍ഷിദാബാദ്, ഉത്തര്‍ ദിനാജ് പൂര്‍, ഹൗറ ജില്ലകളിലും നോര്‍ത്ത് പര്‍ഗാനാസ് ജില്ലയിലെ ബരാസാത്, ബസിര്‍ഹട്ട് സബ് ഡിവിഷനുകളിലും സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബാരുയ് പൂര്‍, കാനിംഗ് സബ് ഡിവിഷനുകളിലുമാണ് ഇന്റര്‍നെറ്റ് സേവനം നിരോധിച്ചിരിക്കുന്നത്.

അതേസമയം, മുര്‍ഷിദാബാദ് ജില്ലയിലെ ലാല്‍ഗൊല റയില്‍വേസ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട അഞ്ച് തീവണ്ടികള്‍ സമരക്കാര്‍ കത്തിച്ചിരുന്നു. പിന്നാലെ തൊട്ടടുത്തുള്ള കൃഷ്ണഗഞ്ച് റെയില്‍വേ സ്‌റ്റേഷനിലെ ഒരു ട്രെയിനിനും സമരക്കാര്‍ തീയിട്ടു. കൊല്‍ക്കത്തയ്ക്ക് തൊട്ടടുത്തുള്ള ഹൗറ സ്‌റ്റേഷനടുത്ത് നിര്‍ത്തിയിട്ട 15 ബസ്സുകളും പ്രക്ഷോഭകര്‍ അഗ്നിക്കിരയാക്കി.

ആവര്‍ച്ചുള്ള ആഭ്യര്‍ഥനയും ഉപദേശവും തള്ളി ചില സംഘടിത വര്‍ഗീയ ശക്തികള്‍ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ സംഘടിച്ച് കലാപം അഴിച്ച് വിടാന്‍ ശ്രമിക്കുന്നതായി ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ആരോപിക്കുന്നു. ഈ സാഹചര്യത്തില്‍ ഇന്റര്‍നെറ്റ് നിരോധിക്കുകയല്ലാതെ മറ്റൊരു വഴിയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. പൗരത്വ നിയമഭേദഗതിക്ക് എതിരായ പ്രതിഷേധം വര്‍ഗീയകലാപത്തിലേക്ക് വഴിമാറുന്ന സാഹചര്യത്തിലാണ് നടപടിയെന്നും അധികൃതര്‍ അറിയിച്ചു.

കേന്ദ്രസര്‍ക്കാര്‍ ദേശീയപൗരത്വ നിയമം ഭേദഗതി ചെയ്തതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപക സംഘര്‍ഷമാണ് നടമാടുന്നത്.കിഴക്കന്‍ റെയില്‍വേ ഈ പ്രദേശം വഴി കടന്ന് പോകുന്ന തീവണ്ടികളെല്ലാം റദ്ദാക്കുകയും വഴി തിരിച്ച് വിടുകയും ചെയ്തു. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ദേഗംഗയിലും, ആംദംഗയിലും, ഖര്‍ദ കല്യാണി എക്‌സ്പ്രസ് വേയിലും, ഭിര്‍ഭും, മുര്‍ഷിദാബാദ് ജില്ലകളിലും റോഡ് ഗതാഗതം തടഞ്ഞു. ഇതേത്തുടര്‍ന്ന് അക്രമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇവിടങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും സമാധാനയാത്രകള്‍ സംഘടിപ്പിച്ച് വരികയാണ്.

Tags:    

Similar News