മാലെ ദ്വീപിലെ പ്രവാസികളുമായി 'ഐഎന്‍എസ് ജലാശ്വ' കൊച്ചി തീരമണഞ്ഞു

വെള്ളിയാഴ്ച രാത്രി ഒമ്പതു മണിയോടെ കൊച്ചിയിലേക്ക് തിരിച്ച കപ്പലില്‍ 698 പേരാണുള്ളത്. പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നാവികസേന അയച്ച രണ്ടു കപ്പലുകളില്‍ ആദ്യത്തേതാണിത്.

Update: 2020-05-10 04:19 GMT

കൊച്ചി: ലോക്ഡൗണില്‍ കുടുങ്ങിയ മാലെ ദ്വീപിലെ പ്രവാസികളായ മലയാളികളേയും വഹിച്ചുള്ള നാവികസേന കപ്പല്‍ 'ഐഎന്‍എസ് ജലാശ്വ' കൊച്ചിയുടെ തീരമണഞ്ഞു. കൊച്ചിതീരത്തെത്തിയ ജലാശ്വയെ നാവിക സേനയുടെ ഹെലികോപ്റ്ററിന്റേയും പൈലറ്റ് ബോട്ടുകളേയും അകമ്പടിയോടെയാണ് പോര്‍ട്ടിലെത്തിച്ചത്.

വെള്ളിയാഴ്ച രാത്രി ഒമ്പതു മണിയോടെ കൊച്ചിയിലേക്ക് തിരിച്ച കപ്പലില്‍ 698 പേരാണുള്ളത്. പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നാവികസേന അയച്ച രണ്ടു കപ്പലുകളില്‍ ആദ്യത്തേതാണിത്. നാവികസേനയുടെ മറ്റൊരു കപ്പലായ ഐഎന്‍എസ് മഗറും അടുത്തദിവസം ദ്വീപിലെത്തും.

നാവികസേനയുടെ നേതൃത്വത്തിലുള്ള ഓപ്പറേഷന്‍ 'സമുദ്രസേതു'വിന്റെ ഭാഗമായാണ് കപ്പല്‍ അയച്ചത്. ആദ്യ ക്രമീകരണങ്ങള്‍ പ്രകാരം 732 പേരെയാണ് യാത്രയ്ക്ക് തിരഞ്ഞെടുത്തത്. ഇതില്‍ ചിലരെ പരിശോധനകള്‍ക്കൊടുവില്‍ ഒഴിവാക്കി.

മലയാളികള്‍ക്കൊപ്പം ഇതരസംസ്ഥാനങ്ങളിലുളളവരും കപ്പലിലുണ്ട്. 440 മലയാളികളും 156 തമിഴ്‌നാട് സ്വദേശികളുമാണ് സംഘത്തിലുള്ളത്. ഇവരില്‍ 19 പേര്‍ ഗര്‍ഭിണികളും 14 പേര്‍ കുട്ടികളുമാണ്. വിശദമായ പരിശോധന തുറമുഖത്തുണ്ടാകും. രോഗലക്ഷണങ്ങള്‍ ഉള്ളവരെ കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റും. മറ്റുള്ളവരെ അതാത് ജില്ലകളിലെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും. മറ്റ് സംസ്ഥാനങ്ങളിലുള്ളവര്‍ എറണാകുളത്തെ നിരീക്ഷണ കേന്ദ്രത്തിലായിരിക്കും 14 ദിവസത്തേക്ക് കഴിയേണ്ടത്. പ്രത്യേക പരിഗണനാ ലിസ്റ്റിലുള്ളവരെ പ്രത്യേക സജ്ജമാക്കിയ കാറില്‍ വീടുകളിലേക്ക് അയക്കും.

പത്ത് എമിഗ്രേഷന്‍ കൗണ്ടറുകളാണ് യാത്രക്കാരുടെ രേഖകള്‍ പരിശോധിക്കുന്നതിനായി കൊച്ചി പോര്‍ട്ടില്‍ ഒരുക്കിയിരിക്കുന്നത്. കപ്പലില്‍ എത്തുന്നവരെ വിമാനത്താവളത്തിന് സമാനമായ രീതിയില്‍ കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് വിവിധ ഘട്ടങ്ങളിലായി പരിശോധികും. മൂന്ന് മണിക്കൂര്‍ കൊണ്ട് പരിശോധനകള്‍ പൂര്‍ത്തിയാക്കി എല്ലാ യാത്രക്കാരെയും പുറത്തിറക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ

Tags:    

Similar News