പൗരത്വ ഭേദഗതി നിയമത്തില്‍ കത്തി രാജ്യം; ഡല്‍ഹിയില്‍ ഇന്റര്‍നെറ്റിന് വിലക്ക്, അതിര്‍ത്തികള്‍ അടച്ചു, വ്യാപക അറസ്റ്റ്, യുപിയില്‍ ബസ്സുകള്‍ കത്തിച്ചു

രാജ്യ തലസ്ഥാനത്തും രാജ്യത്തെ വിവിധസംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളിലും കര്‍ണാടകത്തിലെ പ്രമുഖ പട്ടണങ്ങളിലെല്ലാം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

Update: 2019-12-19 09:42 GMT

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരെ ഡല്‍ഹിയില്‍ പ്രതിഷേധം ശക്തമാകുന്നു. നിരോധനാജ്ഞ ലംഘിച്ച് മാര്‍ച്ച് നടത്താനെത്തിയ ഇടതു നേതാക്കളായ സീതാറാം യെച്ചൂരി, ബൃന്ദ കാരാട്ട്, നീലോല്‍പ്പല്‍ ബസു, ഡി രാജ, എസ്ഡിപിഐ ദേശീയ സെക്രട്ടറി ഡോ.തസ്ലിം റഹ്മാനി, കാംപസ് ഫ്രണ്ട് ദേശീയ സെക്രട്ടറി എസ് എം റാഷിദ്, കമ്മിറ്റി അംഗം പി വി ഷുഹൈബ് തുടങ്ങിയവരെ പോലിസ് അറസ്റ്റ് ചെയ്തു.

പ്രതിഷേധത്തിനെത്തിയ യോഗേന്ദ്ര യാദവ്, സന്ദീപ് ദീക്ഷിത്, ഉമര്‍ ഖാലിദ്, നദീം ഖാന്‍, ധരംവീര്‍ ഗാന്ധി തുടങ്ങിയവര്‍ അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. ജന്ദര്‍ മന്ദറിലും ചെങ്കോട്ടയിലും ഒരു തരത്തിലുമുള്ള പ്രതിഷേധങ്ങള്‍ക്കും പോലിസ് അനുമതി നല്‍കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. രാജ്യ തലസ്ഥാനത്തും രാജ്യത്തെ വിവിധസംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളിലും കര്‍ണാടകത്തിലെ പ്രമുഖ പട്ടണങ്ങളിലെല്ലാം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

പ്രതിഷേധം ശക്തമായതോടെ രാജ്യതലസ്ഥാനത്ത് ഇന്റര്‍നെറ്റിനും മൊബൈല്‍ ഫോണിനും നിരോധനം ഏര്‍പ്പെടുത്തി. എയര്‍ടെല്‍, വോഡാഫോണ്‍ തുടങ്ങിയ നെറ്റുവര്‍ക്കുകളാണ് നഗരത്തിലെ ചിലയിടങ്ങളില്‍ നിരോധിച്ചത്.

സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് നിരോധനമെന്ന് എയര്‍ടെല്‍ അറിയിച്ചു. ഡല്‍ഹിയിലെ പ്രമുഖ മെട്രോ സ്‌റ്റേഷനുകളെല്ലാം പോലിസ് അടച്ചു. മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത് പോലിസ് രാജാണെന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചു. രാജ്യമൊട്ടാകെ നിരോധനാജ്ഞ നടപ്പാക്കാനാണോ മോദി ശ്രമിക്കുന്നതെന്നും യെച്ചൂരി ചോദിച്ചു. ഉത്തര്‍ പ്രദേശില്‍ പക്ഷോഭകര്‍ ബസ്സുകള്‍ കത്തിച്ചു. ലക്‌നോ ഉള്‍പ്പെടെയുള്ള നഗരങ്ങളിലാണ് പ്രക്ഷോഭകര്‍ ബസ്സുകള്‍ കത്തിച്ചത്.

ബെംഗളുരുവില്‍ പുസ്തകപ്രകാശനം തടഞ്ഞതിനെതിരെ പ്രതിഷേധിച്ച വിഖ്യാത ചരിത്രകാരന്‍ രാമചന്ദ്രഗുഹയെ പോലിസ് അറസ്റ്റ് ചെയ്തു. പോലിസിന്റെ നിരോധനാജ്ഞ ലംഘിച്ചും ആയിരക്കണക്കിന് ആളുകളാണ് ഡല്‍ഹിയില്‍ പ്രതിഷേധിക്കാനെത്തിയത്. ജാമിഅ മില്ലിയ വിദ്യാര്‍ത്ഥികളും ഇടതുപാര്‍ട്ടികളും ഇന്ന് ഡല്‍ഹിയില്‍ പ്രതിഷേധമാര്‍ച്ച് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ തലസ്ഥാനത്ത് പോലിസ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. എന്നാല്‍ സമരത്തില്‍ നിന്നും പിന്മാറില്ലെന്ന് ജാമിഅ മില്ലിയ സമരസമിതി അറിയിച്ചു. പ്രതിഷേധം ശക്തമാകുന്നത് കണക്കിലെടുത്ത് ഡല്‍ഹിയിലേക്കുള്ള അതിര്‍ത്തി റോഡുകള്‍ പൊലീസ് അടച്ചിരിക്കുകയാണ്.

കൊല്‍ക്കത്തയിലും ജാമിയ വിദ്യാര്‍ത്ഥികളെ അനുകൂലിച്ചും, രാജ്യമെമ്പാടും നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെതിേരയും വന്‍ പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. തമിഴ്‌നാട്ടിലും പ്രതിഷേധം കത്തിപ്പടരുകയാണ്. ചെന്നൈ എംജിആര്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയവരെ അറസ്റ്റ് ചെയ്തു. വിവിധ മുസ്ലീം സംഘടനാ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. തിരുച്ചിറപ്പള്ളിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു. മുപ്പത് പേര്‍ അറസ്റ്റില്‍. കടലൂര്‍ പെരിയാര്‍ ആര്‍ട്‌സ് കോളേജില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍. പൗരത്വ നിയമ ഭേദഗതിക്ക് എതിരെ മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചില്‍ അഭിഭാഷകരുടെ പ്രതിഷേധം. കോടതിയുടെ പ്രധാന കവാടത്തിന് മുന്നിലാണ് പ്രതിഷേധം.

പ്രതിഷേധത്തിനായി പുറപ്പെട്ട ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ നൂറോളം വിദ്യാര്‍ത്ഥികളെ തെലങ്കാന പോലിസ് കസ്റ്റഡിയില്‍ എടുത്തു. മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ മൊയ്‌നാബാദ് പൊലീസ് സ്‌റ്റേഷനിലാണുള്ളത്.

ജമാഅത്തെ ഇസ്‌ലാമി തെലങ്കാന പ്രസിഡന്റ് ഹാമിദ് മുഹമ്മദ് ഖാനും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. അജന്ത ഗേറ്റില്‍നിന്നാണ് ഇദ്ദേഹത്തെ പോലിസ് അറസ്റ്റ് ചെയ്തത്. ഡല്‍ഹയില്‍ വിദ്യാര്‍ഥികളെ പ്രതിഷേധസ്ഥലത്തേക്ക് എത്താന്‍ കഴിയാതെ തടയുക എന്ന തന്ത്രമാണ് പോലിസ് സ്വീകരിക്കുന്നത്.

Tags:    

Similar News