കശ്മീര്‍, എന്‍ആര്‍സി, സിഎഎ തിരിച്ചടിച്ചു; ആഗോള ജനാധിപത്യ സൂചികയിലും ഇന്ത്യ പിറകോട്ട്

പൗരത്വ ഭേദഗതി നിയമം രാജ്യത്ത് കടുത്ത എതിര്‍പ്പിന് ഇടയാക്കിയിട്ടുണ്ട്. മുസ് ലിംകള്‍ അടക്കം പ്രക്ഷോഭവുമായി തെരുവില്‍ ഇറങ്ങി. നഗരങ്ങളില്‍ വലിയ രീതിയിലുള്ള പ്രക്ഷോഭത്തിനും വര്‍ഗീയ ധ്രുവീകരണത്തിനും കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Update: 2020-01-22 13:29 GMT

ന്യൂഡല്‍ഹി: ആഗോള ജനാധിപത്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം താഴോട്ട്. എക്കണോമിക് ഇന്റലിജന്റ്‌സ് യൂനിറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഇന്ത്യ 41ല്‍ നിന്ന് 51ാം സ്ഥാനത്തെത്തി. എക്കണോമിസ്റ്റ് ഗ്രൂപ്പിന്റെ ഗവേഷണ വിഭാഗമാണ് എക്കണോമിക് ഇന്റലിജന്റ്‌സ് യൂനിറ്റ്. തെരഞ്ഞെടുപ്പ് പ്രക്രിയ, ബഹുസ്വരത, ഗവണ്‍മെന്റ് പ്രവര്‍ത്തനം, രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടപെടല്‍, രാഷ്ട്രീയ സംസ്‌കാരം, പൗര സ്വാതന്ത്ര്യം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് സൂചിക തയ്യാറാക്കുക.


2018ല്‍ 7.23 ആയിരുന്നു ഇന്ത്യയുടെ സ്‌കോറെങ്കില്‍ 2019ല്‍ 6.90 ആയി കുറഞ്ഞു. ഏഷ്യഓസ്‌ട്രേലിയ മേഖലയില്‍ മലേഷ്യ, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് പിറകില്‍ എട്ടാമതാണ് ഇന്ത്യയുടെ സ്ഥാനം. 9.87 സ്‌കോറോടെ നോര്‍വേയാണ് പട്ടികയില്‍ മുന്നില്‍. 1.08 പോയിന്റ് നേടിയ ഉത്തരകൊറിയ പട്ടികയില്‍ അവസാനമാണ്. 2.26 മാര്‍ക്ക് നേടിയ ചൈനയുടെ സ്ഥാനം 153 ആണ്. ഫ്രാന്‍സ്, ചിലി, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങള്‍ ഫുള്‍ ഡെമോക്രസി റാങ്കിലെത്തി.

കശ്മീരിന് പ്രത്യേക പദവി റദ്ദാക്കല്‍, ദേശീയ പൗരത്വ പട്ടിക അസമില്‍ നടപ്പാക്കല്‍ തുടങ്ങിയ വിവാദ വിഷയങ്ങളാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യക്ക് തിരിച്ചടിയായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ എടുത്തുകളയുന്നതിന് മുമ്പ് വലിയ രീതിയില്‍ സൈന്യത്തെ വിന്യസിച്ച് ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ കവര്‍ന്നതായും കുറ്റപ്പെടുത്തി. മുന്‍ മുഖ്യമന്ത്രിമാര്‍ അടക്കം മുതിര്‍ന്ന നേതാക്കളെയടക്കം തടവിലാക്കി, ഇന്റര്‍നെറ്റും ടെലിഫോണ്‍ സംവിധാനങ്ങളും വിച്ഛേദിച്ച് കശ്മീരില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അസമില്‍ എന്‍ആര്‍സി നടപ്പാക്കിയതോടെ ന്യൂനപക്ഷമായ മുസ്‌ലിംകള്‍ അടക്കം 19 ലക്ഷം പേര്‍ പുറത്തായി. മുസ്‌ലിംകളെ ലക്ഷ്യമിട്ടാണ് എന്‍ആര്‍സി നടപ്പാക്കുന്നതെന്നും ആരോപണമുണ്ട്. ഇന്ത്യയിലെ മുസ്‌ലിം ജനസംഖ്യയെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഏകദേശം 20 കോടി(14.9 ശതമാനം) മുസ്‌ലിംകള്‍ ഇന്ത്യയില്‍ ജീവിക്കുന്നു.

പൗരത്വ ഭേദഗതി നിയമം രാജ്യത്ത് കടുത്ത എതിര്‍പ്പിന് ഇടയാക്കിയിട്ടുണ്ട്. മുസ് ലിംകള്‍ അടക്കം പ്രക്ഷോഭവുമായി തെരുവില്‍ ഇറങ്ങി. നഗരങ്ങളില്‍ വലിയ രീതിയിലുള്ള പ്രക്ഷോഭത്തിനും വര്‍ഗീയ ധ്രുവീകരണത്തിനും കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.




Tags:    

Similar News