എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ്: ഐജി പി വിജയനെ സര്‍വീസില്‍ സസ്‌പെന്റ് ചെയ്തു

പ്രതിയുടെ യാത്രാവിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് ആരോപണം

Update: 2023-05-18 17:15 GMT

തിരുവനന്തപുരം: എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ് പ്രതിയുടെ യാത്രാവിവരങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപിച്ച് ഐജി പി വിജയനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. ഡിജിപി അനില്‍കാന്തിന്റെ അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് നടപടിക്കു കാരണമായി പറയുന്നത്. കേസിലെ പ്രതിയുമായുള്ള യാത്രാവിവരങ്ങള്‍ പുറത്തായത് വിജയന്‍ വഴിയാണെന്ന് എഡിജിപി എം ആര്‍ അജിത്കുമാര്‍ റിപോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്നാണ് ഡിജിപിക്ക് റിപോര്‍ട്ട് കൈമാറിയത്. കേസില്‍ തുടരന്വേഷണത്തിന് എഡിജിപി പി പത്മകുമാറിനെ ചുമതലപ്പെടുത്തുകയും ചെയ്തു.

    എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ നിന്ന് കേരളത്തിലേക്ക് അതീവരഹസ്യമായി കൊണ്ടുവരുന്നതില്‍ വീഴ്ചപറ്റിയെന്നും അന്വേഷണത്തിന്റെ ഭാഗമല്ലാതിരുന്ന ഐജി വിജയനും ജിഎസ്‌ഐ കെ മനോജ് കുമാറും പ്രതിയെ കൊണ്ടുവരുന്ന സംഘവുമായി ബന്ധപ്പെട്ടെന്നുമാണ് റിപോര്‍ട്ട് നല്‍കിയിരുന്നത്. തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അത്യധികം സൂക്ഷ്മതയോടെ പ്രവര്‍ത്തിക്കേണ്ട വിഭാഗമാണെന്നും സുരക്ഷയില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണം ആവശ്യമാണെന്നും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 1999 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ പി വിജയനെ കുറച്ചുകാലം മുമ്പാണ് തീവ്രവാദ വിരുദ്ധസേനയുടെ തലപ്പത്തുനിന്ന് മാറ്റിയത്. എഡിജിപി മുമ്പാകെ റിപോര്‍ട്ട് ചെയ്യാന്‍ പി വിജയന്‍ ഐപിഎസിന് നിര്‍ദേശവും നല്‍കിയിരുന്നെങ്കിലും പകരം നിയമനം നല്‍കിയിരുന്നില്ല. കണ്ണൂര്‍ റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയ്ക്കാണ് തീവ്രവാദ വിരുദ്ധസേനയുടെ ചുമതല നല്‍കിയത്. സ്റ്റുഡന്റ് കേഡറ്റ് ചുമതലയില്‍നിന്നു ഇദ്ദേഹത്തെ നേരത്തെ നീക്കിയിരുന്നു.

    ഇക്കഴിഞ്ഞ ഏപ്രില്‍ രണ്ടിന് രാത്രി ഒമ്പതരയോടെയാണ് ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ തീവയ്പുണ്ടായത്.ട്രെയിനില്‍ പെട്രോള്‍ ഒഴിച്ച് തീയിട്ടതിനെ തുടര്‍ന്ന് രക്ഷപ്പെടാനായി പുറത്തേക്ക് ചാടിയ സ്ത്രീയും കുഞ്ഞും യുവാവും മരണപ്പെട്ടിരുന്നു. എന്‍ ഐ എ കൊച്ചി യൂനിറ്റാണ് കേസ് അന്വേഷിക്കുന്നത്.

Tags:    

Similar News