ഇടുക്കി ഡാം തുറന്നു; മൂന്ന് വര്‍ഷത്തിനുശേഷം ആദ്യം, തീരങ്ങളില്‍ അതീവജാഗ്രത

Update: 2021-10-19 05:33 GMT

ഇടുക്കി: ജലനിരപ്പ് പരമാവധി ശേഷിയിലെത്തിയ സാഹചര്യത്തില്‍ മൂന്നുവര്‍ഷത്തിനുശേഷം ഇടുക്കി ഡാം തുറന്നു. 2018ലെ പ്രളയത്തിനുശേഷം ഇടുക്കി ഡാമിന്റെ ഷട്ടര്‍ ആദ്യമായാണ് തുറക്കുന്നത്. ഡാമിനുള്ളത് അഞ്ച് ഷട്ടറുകളാണ്. അവയില്‍ മധ്യത്തിലെ മൂന്ന് മൂന്ന് ഷട്ടറുകള്‍ 35 സെ.മീ ആണ് ഉയര്‍ത്തുക. രാവിലെ 10.55 ന് മുന്നറിയിപ്പ് സൈറണ്‍ മുഴക്കി ജലസേചന മന്ത്രി റോഷി അഗസ്റ്റിന്‍, വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി, ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ്, വൈദ്യുതി ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ എസ് സുപ്രിയ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പ്രസന്നകുമാര്‍, എക്‌സിക്യൂട്ടീവ് ആര്‍ ശ്രീദേവി എന്നിവരുടെ സാന്നിധ്യത്തില്‍ ആദ്യം മൂന്നാമത്തെ ഷട്ടര്‍ തുറന്നു.

ചെറുതോണിയിലെ ജലനിരപ്പ് വിലയിരുത്തി അഞ്ചുമിനിറ്റിന് ശേഷം രണ്ടാമത്തെ ഷട്ടറും വീണ്ടും അഞ്ചുമിനിറ്റ് ശേഷം നാലാമത്തെ ഷട്ടറും 35 സെ.മീ. ഉയര്‍ത്തും. ആദ്യം വെള്ളമെത്തുക ചെറുതോണി ടൗണിലാണ്. സെക്കന്റില്‍ ഒരുലക്ഷം ലിറ്റര്‍ വെള്ളമാണ് ഇടുക്കിയില്‍നിന്നും തുറന്നുവിടുക. താഴെ പെരിയാര്‍ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. ചെറുതോണി ടൗണ്‍ മുതല്‍ പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ അതീവജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സന്‍ കൂടിയായ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. ഡാം തുറക്കുന്ന സമയം വെള്ളപ്പാച്ചിലുണ്ടാവുന്ന സ്ഥലങ്ങളില്‍ പുഴ മുറിച്ചുകടക്കുന്നത് നിരോധിച്ചു. ഈ സ്ഥലങ്ങളിലെ പുഴകളില്‍ മീന്‍പിടിത്തം പാടില്ല. നദിയില്‍ കുളിക്കുന്നതും തുണി അലക്കുന്നതും ഒഴിവാക്കണം.

വീഡിയോ, സെല്‍ഫി എടുക്കല്‍, ഫേസ്ബുക്ക് ലൈവ് എന്നിവ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഈ മേഖലകളില്‍ വിനോദസഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പെരിയാറിന്റെ തീരത്തേക്കിറങ്ങരുത്. അറബിക്കടലില്‍ വെള്ളമെത്തുന്നതോടെ തിരമാല ശക്തമാവുമെന്നതിനാല്‍ കടല്‍തീരത്തും ജാഗ്രത വേണം. പൊതുജനങ്ങള്‍ പോലിസിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. മാധ്യമപ്രവര്‍ത്തകര്‍ അവര്‍ക്ക് അനുവദിച്ചിട്ടുള്ള സ്ഥലങ്ങളില്‍നിന്ന് മാത്രം ചിത്രീകരണം നടത്തേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു.

മൂവാറ്റുപുഴയാറിലെ ജലനിരപ്പ് മുന്നറിയിപ്പ് നിലയ്ക്ക് മുകളിലേയ്ക്ക് ഉയര്‍ന്നതിനാല്‍ നദീ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കോട്ടയം ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. നദിയില്‍ ഇറങ്ങരുത്. നദീതീരത്തുനിന്ന് മൊബൈലില്‍ സെല്‍ഫി എടുക്കുന്നതടക്കമുള്ളവ ഒഴിവാക്കണം. ഇടുക്കി ഡാം തുറന്ന സാഹചര്യത്തില്‍ ജലനിരപ്പ് വീണ്ടും ഉയരാനിടയുണ്ട്. എല്ലാ താലൂക്കുകളിലും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുന്നതിന് ഡെപ്യൂട്ടി കലക്ടര്‍മാരെ നിയോഗിച്ചിട്ടുണ്ട്.

Tags: