വാഹന രജിസ്‌ട്രേഷന്‍ നിരക്ക് ഉയര്‍ത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രാലയം ഇതുസംബന്ധിച്ച കരട് വിജ്ഞാപനം പുറത്തിറക്കി. പുതിയ പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് രജിസ്‌ട്രേഷന്‍ ചാര്‍ജ് 5,000 രൂപ ആക്കിയും രജിസ്‌ട്രേഷന്‍ പുതുക്കാന്‍ 10,000 രൂപയുമായാണ് ഉയര്‍ത്താന്‍ ഒരുങ്ങുന്നത്.

Update: 2019-07-27 08:36 GMT

ന്യൂഡല്‍ഹി: പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഫീസും പഴയ വാഹനങ്ങള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഫീസും ഉയര്‍ത്താനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രാലയം ഇതുസംബന്ധിച്ച കരട് വിജ്ഞാപനം പുറത്തിറക്കി. പുതിയ പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് രജിസ്‌ട്രേഷന്‍ ചാര്‍ജ് 5,000 രൂപ ആക്കിയും രജിസ്‌ട്രേഷന്‍ പുതുക്കാന്‍ 10,000 രൂപയുമായാണ് ഉയര്‍ത്താന്‍ ഒരുങ്ങുന്നത്. നിലവില്‍ ഇത് രണ്ടിനും 600 രൂപ മാത്രമാണ് നിരക്ക് ഈടാക്കിയിരുന്നത്. എന്നാല്‍, പുതിയ ഇരുചക്രവാഹനങ്ങള്‍ക്ക് നിലവിലുള്ള 50 രൂപ മാറി 1,000 രൂപയും പഴയത് പുതുക്കാന്‍ 2,000 രൂപയും നല്‍കണം.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കുന്നതിന്റെ ഭാഗമായാണ് ഗതാഗതമന്ത്രാലയത്തിന്റെ പുതിയ നീക്കം. കാലപ്പഴക്കമുള്ള ഇന്ധനവാഹനങ്ങള്‍ ഒഴിവാക്കാനും പെട്രോള്‍, ഡീസല്‍ വാഹനവില്‍പന കുറയ്ക്കാനുമുള്ള ലക്ഷ്യമാണ് ഇതുവഴി മന്ത്രാലയം നേടാന്‍ ഉദ്ദേശിക്കുന്നത്. കാര്‍, ഇരുചക്രവാഹനങ്ങള്‍ക്ക് പുറമേ മറ്റു വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ചാര്‍ജും ഉയര്‍ത്താന്‍ നിര്‍ദേശമുണ്ട്. കൂടാതെ ഇറക്കുമതി ചെയ്യുന്ന കാറുകളുടെ രജിസ്‌ട്രേഷന്‍ ചാര്‍ജും 5,000 രൂപയില്‍നിന്ന് 40,000 ആക്കി ഉയര്‍ത്തുമെന്നും ശുപാര്‍ശയുണ്ട്. മാത്രവുമല്ല, ഇറക്കുമതി ചെയ്യുന്ന മോട്ടോര്‍ സൈക്കിളുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ 2,500 നിന്ന് 20,000 രൂപ അടയ്‌ക്കേണ്ടിവരും. പുതിയ നിരക്കുകള്‍ വൈകാതെ തന്നെ പ്രാബല്യത്തില്‍ വരുമെന്നും അധികൃതര്‍ അറിയിച്ചു.


Tags:    

Similar News