'ഹിന്ദുത്വ പോപ്പ്': മുസ്‌ലിം വംശഹത്യയെ പ്രോല്‍സാഹിപ്പിക്കുന്ന ഗാനങ്ങളുമായി ഗായകര്‍

Update: 2022-06-02 14:17 GMT

ന്യൂഡല്‍ഹി: ദേശവ്യാപകമായി സംഘപരിവാറിന്റെ നേതൃത്വത്തില്‍ മുസ് ലിം വംശഹത്യാ ആഹ്വാനങ്ങളുമായി ഹിന്ദുത്വ സമ്മേളനങ്ങള്‍ അരങ്ങേറുന്നതിനിടെ എരിതീയില്‍ എണ്ണയൊഴിച്ച് 'ഹിന്ദുത്വ പോപ്പ് ഗായകര്‍'. ഭക്തിഗാനങ്ങളിലൂടെ ഉത്തര്‍പ്രദേശില്‍ ശ്രദ്ധേയനായ കൃഷ്ണവംശിയാണ് മുസ് ലിം വിരുദ്ധ വിദ്വേഷം ജനിപ്പിക്കുന്ന ഗാനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഹിന്ദി, ഭോജ്പുരി ഭാഷകളിലാണ് കൃഷ്ണവംശി പാടുന്നത്. മുസ്‌ലിം വിരുദ്ധ പ്രസ്താവനകള്‍ കൊണ്ടും നയങ്ങള്‍ കൊണ്ടും കുപ്രസിദ്ധനായ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗിയുടെ നാട്ടിലാണ് ഇത്തരം ഗാനങ്ങള്‍ ഹിന്ദുത്വര്‍ ഏറ്റെടുത്തിരിക്കുന്നതെന്ന് 'അല്‍ ജസീറ' റിപ്പോര്‍ട്ടില്‍ പറയുന്നു. തന്റെ പല ഗാനങ്ങളിലും കൃഷ്ണവംശി മുസ് ലിംകള്‍ 'പാകിസ്താനിലേക്ക് പോകേണ്ട ദേശവിരുദ്ധര്‍' ആണെന്ന് സൂചിപ്പിക്കുന്നു. 'ഉടന്‍ ഉണര്‍ന്നില്ലെങ്കില്‍ മുസ്ലീങ്ങള്‍ ഹിന്ദുക്കളെ നമസ്‌കരിക്കാന്‍ നിര്‍ബന്ധിക്കും'. കൃഷ്ണവംശിയുടെ ഒരു ഗാനത്തിലെ വരികള്‍ ഇങ്ങനെയാണ്.

നേരത്തെ മത സൗഹാര്‍ദത്തിന് ആഹ്വാനം ചെയ്യുന്ന ഗാനങ്ങള്‍ ആലപിച്ച വ്യക്തിയാണ് കൃഷ്ണവംശി. എന്നാല്‍, ഹിന്ദുത്വര്‍ തുടര്‍ ഭരണം നേടുകയും മുസ് ലിം വിരുദ്ധ വംശഹത്യാ നീക്കങ്ങള്‍ ശക്തിപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ജനപ്രിയരായ കലാകാരന്‍മാരെ ഉപയോഗിച്ച് ജനങ്ങളില്‍ വിദ്വേഷം പടര്‍ത്തുന്നത്.

രാമ നവമി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഹിന്ദുത്വ റാലികളിലും മുസ് ലിം വിരുദ്ധ പാട്ടുകള്‍ ഉയര്‍ന്നുകേട്ടു. പള്ളികള്‍ക്ക് മുന്നില്‍ മുസ് ലിം വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയ ഹിന്ദുത്വര്‍ വലിയ ശബ്ദത്തില്‍ ഇത്തരം വിദ്വേഷ ഗാനങ്ങളും ആലപിച്ചു.

ഇത്തരം ഡസന്‍ കണക്കിന് സംഗീത വീഡിയോകള്‍ യൂ ട്യൂബിലും മറ്റു സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളിലും വൈറലായിട്ടുണ്ട്.

ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗവില്‍ നിന്ന് എന്‍ജിനീയറിങ് ബിരുദധാരിയായ കൃഷ്ണവന്‍ഷിക്ക് ബോളിവുഡ് ഗായകനാകാനായിരുന്നു ആഗ്രഹം. എന്നാല്‍, ബോളിവുഡ് രംഗത്ത് എത്തിപ്പെടാന്‍ കൃഷ്ണവന്‍ഷിക്ക് ആയില്ല. ഇതോടെ, ലൈവ് ഷോകളിലും മറ്റ് സ്‌റ്റേജ് പ്രോഗ്രാമുകളിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു.

2014 ല്‍ മോദി അധികാരത്തിലേറിയതോടെ രാജ്യത്ത് വര്‍ഗീയ ധ്രുവീകരണം ശക്തിപ്പെട്ടു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക്, പ്രധാനമായും മുസ്‌ലിംകള്‍ക്ക് നേരെയുള്ള വിദ്വേഷ ആക്രമണങ്ങള്‍ ദൈനംദിനം വര്‍ധിച്ചു. അത്തരമൊരു സാഹചര്യത്തില്‍ സംഗീതം, കവിത, സിനിമ തുടങ്ങിയ സാംസ്‌കാരിക മേഖലയും വെറുപ്പിന്റെ രാഷ്ട്രീയം നിലനിറുത്താനുള്ള ഉപകരണങ്ങളായി മാറി. അടുത്തിടെ റിലീസായ 'ദി കശ്മീര്‍ ഫയല്‍സ്' എന്ന സിനിമയും മുസ് ലിം വെറുപ്പ് ഉല്‍പാദിപ്പിക്കാന്‍ സംഘപരിവാര്‍ ഉപകരണമാക്കി.

കഴിഞ്ഞ മാസങ്ങളില്‍, ഹിന്ദു ആഘോഷങ്ങളില്‍ ഹിന്ദുത്വ സംഘടനകള്‍ മുസ് ലിം ഭൂരിപക്ഷ മേഖലകളില്‍ മാര്‍ച്ചുകള്‍ നടത്തുകയും പള്ളികള്‍ക്ക് പുറത്ത് ഇസ് ലാമോഫോബിക് വരികളുമായി ഉച്ചത്തിലുള്ള സംഗീതം ആലപിക്കുകയും ചെയ്തതോടെ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുസ് ലിം വിരുദ്ധ കലാപങ്ങള്‍ അരങ്ങേറി.

Tags:    

Similar News