ജെഎന്‍യു ആക്രമണം: ഉത്തരവാദിത്തം ഏറ്റെടുത്ത് ഹിന്ദു രക്ഷാദള്‍

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമിച്ചാല്‍ ഇതേ രീതിയിലുള്ള ആക്രമണങ്ങള്‍ മറ്റുള്ള സര്‍വകലാശാലകളിലും സ്വീകരിക്കുമെന്നും ഹിന്ദു രക്ഷാദള്‍ മേധാവി പിങ്കി ചൗധരി മുന്നറിയിപ്പ് നല്‍കി.

Update: 2020-01-07 07:49 GMT

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹിന്ദുത്വ സംഘടനയായ ഹിന്ദു രക്ഷാദള്‍. സംഭവുമായി ബന്ധപ്പെട്ടുള്ള വീഡിയോ സംഘടന പുറത്ത് വിട്ടു. ജെഎന്‍യുവില്‍ സംഭവിച്ചതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഞങ്ങള്‍ ഏറ്റെടുക്കുന്നു'വെന്നാണ് വീഡിയോയിലൂടെ ഹിന്ദു രക്ഷാദള്‍ മേധാവി പിങ്കി ചൗധരി പറയുന്നത്.

ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാണ് ജെഎന്‍യുവെന്നും ഹിന്ദു രക്ഷാ ദള്‍ ആരോപിച്ചു. ഇത് വച്ചുപൊറുപ്പിക്കാന്‍ സാധിക്കില്ല. ആക്രമണത്തിന്റെ എല്ലാ ഉത്തരവാദിത്തവും തങ്ങള്‍ ഏറ്റെടുക്കുന്നുവെന്നും . ആക്രമണം നടത്തിയത് തങ്ങളുടെ പ്രവര്‍ത്തകരാണെന്നും പിങ്കി ചൗധരി വീഡിയോയില്‍ പറഞ്ഞു. ജെഎന്‍യു കമ്യൂണിസ്റ്റുകളുടെ ഹബ്ബാണ് . അത്തരം ഹബ്ബുകള്‍ ഞങ്ങള്‍ ഒരിക്കലും അനുവദിക്കില്ല. തങ്ങളുടെ മതത്തെയും രാജ്യത്തെയും അപമാനിക്കുന്ന സമീപനമാണ് അവരുടേത്. ദേശ വിരുദ്ധമാണെന്ന രീതിയിലുള്ള സമീപനമാണ് ഞങ്ങളുടെ മതത്തോട് അവര്‍ കാട്ടുന്നത്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമിച്ചാല്‍ ഇതേ രീതിയിലുള്ള ആക്രമണങ്ങള്‍ മറ്റുള്ള സര്‍വകലാശാലകളിലും സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പിങ്കി പറയുന്നു.

കഴിഞ്ഞ ദിവസം ക്യാപസിനുള്ളില്‍ മുഖംമൂടി ധരിച്ച ഗുണ്ടാ സംഘം മാരകായുധങ്ങളുമായി നടത്തിയ ആക്രമണത്തില്‍ അദ്ധ്യാപകരും വിദ്യാര്‍ഥികളുമായി 30 പേര്‍ക്ക് പരിക്കേറ്റിരുന്നു. ജെഎന്‍യു യൂണിയന്‍ അദ്ധ്യക്ഷ ഐഷെ ഘോഷ് അടക്കമുള്ളവരുടെ തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണം നടത്തിയത് എബിവിപി, ആര്‍എസ്എസ് ഗുണ്ടകളാണെന്ന് ആയിരുന്നു ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ ആരോപിച്ചത്. എന്നാല്‍ എസ്എഫ്‌ഐ, ഐസ ഇടതു സംഘടനകളാണ് ആക്രമണത്തിനു പിന്നിലെന്ന് എബിവിപിയും ആരോപിച്ചത് ഇതിന് പിന്നാലെയാണ് അക്രമത്തിന്റെ ഉത്തരവാദിത്വം തീവ്രഹിന്ദു സംഘടന ഏറ്റെടുത്തത്. അക്രമവുമായി ബന്ധപ്പെട്ട ആസൂത്രണം സംബന്ധിച്ച വാട്‌സ്ആപ്പ് സന്ദേശങ്ങളും പ്രചരിച്ചിരുന്നു.

Tags:    

Similar News