മഴയില്‍ നാലുമരണം; ചിന്നക്കനാലില്‍ മണ്ണിടിഞ്ഞ് പിഞ്ചുകുഞ്ഞ് മരിച്ചു

കനത്ത മഴ തുടരുകയും പുഴകളില്‍ വെള്ളം ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇരിട്ടി, ഇരിക്കൂര്‍ പുഴയുടെ തീരങ്ങളിലും മറ്റ് പുഴകളുടെ തീരങ്ങളിലും താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.

Update: 2019-08-08 10:39 GMT



കോഴിക്കോട്: സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നു. നാലുപേര്‍ മരിച്ചു. ചിന്നക്കനാലില്‍ മണ്ണിടിഞ്ഞ് പിഞ്ചുകുഞ്ഞാണ് മരിച്ചത്. ചിന്നക്കനാല്‍ വില്ലേജില്‍ ചാന്‍സലര്‍ റിസോര്‍ട്ടിന് പിന്‍വശം ഏലതോട്ടത്തില്‍ ഫാമിന് മുകളില്‍ മണ്ണിടിഞ്ഞാണ് ഒരു വയസ്സുള്ള മഞ്ജുശ്രീ എന്ന കുട്ടി മരണപ്പെട്ടത്. മൂന്നുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മാസ് എസ്‌റ്റേറ്റ് ജീവനക്കാരായ തമിഴ്‌നാട് സ്വദേശികളായ ദമ്പതികളുടെ മകളാണ് മഞ്ജുശ്രൂ. കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയായ മട്ടന്നൂരില്‍ തോട്ടില്‍ വീണ് മധ്യവയസ്‌കന്‍ മരിച്ചു. കുഴിക്കല്‍ ശില്‍പ നിവാസില്‍ കെ പത്മനാഭനാ(54)ണു മരിച്ചത്. വിറകുവെട്ടു തൊഴിലാളിയാണ്. വ്യാഴാഴ്ച രാവിലെ 11ഓടെയാണ് വീട്ടിനടുത്തുള്ള തോട്ടില്‍ വീണത്. ഇടുക്കി മേഖലയില്‍ കനത്ത മണ്ണിടിച്ചില്‍ തുടരുകയാണ്. മരണപ്പെട്ടവരില്‍ മൂന്നുപേരും ഇടുക്കി ജില്ലയിലാണ്.

പത്മനാഭന്‍


    കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ശക്തമാണ്. അടയ്ക്കാത്തോട് മേഖലയിലും നെല്ലിയോടിയിലെ പാറയില്‍തൊടിലും ചപ്പമലയിലുമാണ് ഉരുള്‍പൊട്ടലുണ്ടായത്. ബാവലി പുഴയില്‍ വെള്ളം ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് കണിച്ചാര്‍ ടൗണില്‍ വ്യാപാരസ്ഥാപനങ്ങളില്‍ വെള്ളം കയറി. ഉരുള്‍പൊട്ടലിനെ തുടന്ന് നീണ്ടുനോക്കി ടൗണിനോട് ചേര്‍ന്നുള്ള തോട്ടില്‍ വെള്ളം ഉയര്‍ന്ന് കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയുടെ മതില്‍ തകര്‍ന്നു. പാലക്കാട് അട്ടപ്പാടിയില്‍ വീടിനു മുകളില്‍ മരം വീണും വയനാട്ടില്‍ പനമരത്ത് സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റുന്നതിനിടെയും രണ്ടു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

    



     അട്ടപ്പാടി ഷോളയൂര്‍ ചുണ്ടകുളം ഊരിലെ കാര, പനമരം മാതോത്ത് പൊയില്‍ കാക്കത്തോട് കോളനിയില്‍ ബാബുവിന്റെ ഭാര്യ മുത്തു(24) എന്നിവരാണ് മരിച്ചത്. അട്ടപ്പാടിയില്‍ വീടിനുള്ളില്‍ ഉറങ്ങിക്കിടന്നവരുടെ മുകളിലേക്കു മരം വീഴുകയായിരുന്നു. കോയമ്പത്തൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ പാഴ്‌സല്‍ കെട്ടിടം മഴയില്‍ തകര്‍ന്നു വീണ് രണ്ടുപേര്‍ മരിച്ചതായും റിപോര്‍ട്ടുണ്ട്.

    

കനത്ത മഴ തുടരുകയും പുഴകളില്‍ വെള്ളം ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇരിട്ടി, ഇരിക്കൂര്‍ പുഴയുടെ തീരങ്ങളിലും മറ്റ് പുഴകളുടെ തീരങ്ങളിലും താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളിലുള്ള ജനങ്ങളും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിക്കേണ്ടതാണ്.







Tags: