ഹരേണ്‍ പാണ്ഡ്യ വധം: 12 പ്രതികള്‍ക്കും ജീവപര്യന്തം കഠിനതടവ്

കേസില്‍ പ്രതികളായിരുന്ന 12 പേരെ വെറുതെ വിട്ട ഗുജറാത്ത് ഹൈക്കോടതി ഉത്തരവിനെതിരേ സിബിഐ നല്‍കിയ ഹരജിയിലാണ് സുപ്രിംകോടതി വിധിയുണ്ടായിരിക്കുന്നത്. 2003 മാര്‍ച്ച് 23നാണ് നരേന്ദ്രമോദി മന്ത്രിസഭയിലെ ഹരേണ്‍ പാണ്ഡ്യ അഹമ്മദാബാദില്‍ കൊല്ലപ്പെട്ടത്.

Update: 2019-07-05 09:26 GMT

ന്യൂഡല്‍ഹി: ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി ഹരേണ്‍ പാണ്ഡ്യയെ കൊലപ്പെടുത്തിയ കേസില്‍ 12 പ്രതികളെയും സുപ്രിംകോടതി ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചു. കേസില്‍ പ്രതികളായിരുന്ന 12 പേരെ വെറുതെ വിട്ട ഗുജറാത്ത് ഹൈക്കോടതി ഉത്തരവിനെതിരേ സിബിഐ നല്‍കിയ ഹരജിയിലാണ് സുപ്രിംകോടതി വിധിയുണ്ടായിരിക്കുന്നത്. 2003 മാര്‍ച്ച് 23നാണ് നരേന്ദ്രമോദി മന്ത്രിസഭയിലെ ഹരേണ്‍ പാണ്ഡ്യ അഹമ്മദാബാദില്‍ കൊല്ലപ്പെട്ടത്. 2003 മാര്‍ച്ച് 26ന് രാവിലെയാണ് ദുരൂഹസാഹചര്യത്തില്‍ ഹരേണ്‍ പാണ്ഡ്യയെ കാറില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രഭാതസവാരിയ്ക്ക് പുറത്തിറങ്ങിയതായിരുന്നു അദ്ദേഹം.

കേസില്‍ 2007 ല്‍ പ്രത്യേക കോടതി 12 പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. വെടിയുണ്ടകളേറ്റ നിലയിലാണ് പാണ്ഡ്യേയുടെ മൃതദേഹം കണ്ടെത്തിയത്. ഗുജറാത്ത് കലാപത്തിലുള്ള പ്രതികാരം പ്രതികള്‍ നടപ്പാക്കിയെന്നായിരുന്നു സിബിഐ കുറ്റപത്രം. എന്നാല്‍, 211 ആഗസ്ത് 29ന് കേസിലെ പ്രതികളെ ഗുജറാത്ത് ഹൈക്കോടതി വെറുതെ വിട്ടു. തെറ്റായ രീതിയില്‍ അന്വേഷണം നടത്തിയതിന് സിബിഐയെ നിശിതമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ വിധി. ഇത് തള്ളിക്കളഞ്ഞാണ് ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, വിനീത് സരണ്‍ എന്നിവരടങ്ങിയ ബെഞ്ച് വിചാരണക്കോടതി വിധി ശരിവയ്ക്കുന്നത്.

അതേസമയം, കേസില്‍ പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സന്നദ്ധസംഘടനയായ സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍ നല്‍കിയ ഹരജിയും കോടതി തള്ളി. ഹരജിക്കാര്‍ 50,000 രൂപ പിഴയടയ്ക്കണമെന്നും ഇനിയും ഹരജിയുമായി വരരുതെന്നും കോടതി നിര്‍ദേശിച്ചു. ഗുജറാത്തിലെ ബിജെപിയില്‍ നരേന്ദ്രമോദി ഉള്‍പ്പെടയുള്ള നേതാക്കളുടെ ശക്തനായ എതിരാളിയായിരുന്നു ഹരേണ്‍ പാണ്ഡ്യ. നിലവില്‍ എന്‍ഐഎ മേധാവിയായ വൈ സി മോദിയുടെ നേതൃത്വത്തിലുള്ള സിബിഐ സംഘമാണ് അന്ന് കേസ് അന്വേഷിച്ചത്.  

Tags:    

Similar News