ഗ്യാന്‍വാപി മസ്ജിദ്: അലഹബാദ് ഹൈക്കോടതി വിധി നിരാശാജനകം- എസ് ഡിപിഐ

Update: 2023-12-20 07:03 GMT

ന്യൂഡല്‍ഹി: ഗ്യാന്‍വാപി മസ്ജിദ് കമ്മിറ്റിയും യുപി സുന്നി സെന്‍ട്രല്‍ വഖ്ഫ് ബോര്‍ഡും നല്‍കിയ ഹരജികള്‍ തള്ളിയ അലഹബാദ് ഹൈക്കോടതി വിധി അങ്ങേയറ്റം നിരാശാജനകമാണെന്ന് എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷറഫുദ്ദീന്‍ അഹമ്മദ്. രാജ്യം ഭരിക്കുന്ന വലതുപക്ഷ ഫാഷിസ്റ്റുകള്‍ രാജ്യത്തെ ഒരു വിഭാഗത്തെ ലക്ഷ്യമിട്ടുകൊണ്ടിരിക്കുമ്പോള്‍, തങ്ങളുടെ പ്രയാസങ്ങള്‍ പരിഹരിക്കാനും തങ്ങളുടെ പൗരാവകാശങ്ങളും ഭരണഘടനാവകാശങ്ങളും മനുഷ്യാവകാശങ്ങളും സംരക്ഷിക്കാനുമുള്ള അവസാന ആശ്രയമായാണ് അവര്‍ ജുഡീഷ്യറിയെ കാണുന്നത്. ഹൈക്കോടതി വിധി അവരെ നിരാശരാക്കിയിരിക്കുകയാണ്. ഹിന്ദുത്വ ശക്തികള്‍ ഉടമസ്ഥാവകാശം ഉന്നയിക്കുന്ന പള്ളികളെ സംരക്ഷിക്കാനായിട്ടുള്ളതാണ് ബാബരി മസ്ജിദ് പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ നടപ്പാക്കിയ ആരാധനാലയ നിയമം 1991. ഈ നിയമപ്രകാരം സംരക്ഷിക്കപ്പെടേണ്ട ആരാധനാലയങ്ങളില്‍ ഒന്നാണ് ഗ്യാന്‍വാപി മസ്ജിദ്. 1991ലെ നിയമത്തിനു അലഹബാദ് ഹൈക്കോടതി നല്‍കിയ പുതിയ വ്യാഖ്യാനം, വാസ്തവത്തില്‍, ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികളുടെ അവകാശവാദങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുന്നതായിപ്പോയി. ഹിന്ദുത്വ ശക്തികള്‍ക്ക് അനുകൂലമായ കോടതി വിധികളേക്കാള്‍ അസ്വസ്ഥകരമാണ് ഈ വിഷയത്തില്‍ മുഖ്യധാരാ മതേതര രാഷ്ട്രീയ പാര്‍ട്ടികള്‍ എന്ന് വിളിക്കപ്പെടുന്നവര്‍ പുലര്‍ത്തുന്ന മൗനം. നാശത്തിന്റെ വക്കിലാണ് രാജ്യത്തെ ജനാധിപത്യവും മതേതരത്വവും. അത് സംഭവിക്കാതിരിക്കേണ്ടതും 1991ലെ ആരാധനാലയ നിയമത്തിന്റെ പരിധിയില്‍ വരുന്ന മുഴുവന്‍ ആരാധനാലയങ്ങളുടെയും സംരക്ഷണം ഉറപ്പാക്കേണ്ടതും രാജ്യത്തെ എല്ലാ മതേതര മനസ്സുകളുടെയും ഉത്തരവാദിത്തമാണ്. സാമുദായിക സൗഹാര്‍ദ്ദവും പൗരന്മാരുടെ സമാധാനപരമായ ജീവിതവും നിലനിര്‍ത്താന്‍ രാജ്യത്തിന് കഴിയട്ടെയെന്നു പ്രത്യാശിക്കാമെന്നും അഡ്വ. ഷറഫുദ്ദീന്‍ അഹമ്മദ് പറഞ്ഞു.

Tags: