പശുക്കൊല: മോദിക്ക് കത്തെഴുതിയ ചലച്ചിത്ര പ്രവർത്തകർക്കെതിരേ രാജ്യദ്രോഹക്കുറ്റം
"ജയ് ശ്രീറം" വിളി രാജ്യത്ത് കൊലവിളി പോലെയായി മാറിയെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മുസ്‌ലിംകളെയും ദലിതരെയും മറ്റു ന്യൂനപക്ഷങ്ങളെയും ഹിന്ദുത്വർ തല്ലിക്കൊല്ലുന്ന സംഭവങ്ങള്‍ നിര്‍ത്താന്‍ അടിയന്തര ഇടപടല്‍ വേണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു.
ന്യൂഡൽഹി: വർധിച്ചു വരുന്ന ഹിന്ദുത്വ ആക്രമണങ്ങൾക്കെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തെഴുതിയ ചലച്ചിത്ര പ്രവർത്തകർക്കെതിരേ രാജ്യദ്രോഹ കേസ്. ബിഹാറിലെ മുസാഫർപൂരിലെ സർദാർ പോലിസാണ് കേസെടുത്തിരിക്കുന്നത്. രാംചന്ദ്ര ഗുഹ, മണിരത്നം, അപർണ സെൻ, അടൂർ ഗോപാലകൃഷ്‌ണൻ തുടങ്ങി അമ്പതോളം ചലച്ചിത്ര പ്രവർത്തകാർ മോദിക്ക് തുറന്ന കത്തെഴുതിയിരുന്നു.
അഭിഭാഷകൻ സുധീർ കുമാർ ഓജ സമർപ്പിച്ച ഹരജിയിൽ രണ്ട് മാസം മുമ്പ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് സൂര്യ കാന്ത് തിവാരി കേസെടുക്കാൻ ഉത്തരവിട്ടതിനെ തുടർന്നാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇദ്ദേഹം നേരത്തേ കോണ്‍ഗ്രസിന്‍െയും ജനതാദളിന്റേയും പ്രവര്‍ത്തകനായിരുന്നുവെന്നും കോണ്‍ഗ്രസിന്റെ ബീഹാര്‍ അഭിഭാഷക കമ്മിറ്റി ചെയര്‍മാനായിരുന്നുവെന്നും ഫേസ്ബുക്ക് പേജില്‍ അദ്ദേഹം സ്വയം പരിചയപ്പെടുത്തുന്നത്. അതേസമയം, ഇദ്ദേഹം ഹിന്ദു മഹാ സഭ പ്രവര്‍ത്തകനാണെന്ന് ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
ആഗസ്ത് 20 നാണ് സിജെഎം ഉത്തരവ് പുറപ്പെടുവിച്ചത്. കത്തിൽ ഒപ്പുവെച്ച അമ്പത് പേരും പ്രതികളാണ്.
രാജ്യത്തിന്റെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കുകയും പ്രധാനമന്ത്രിയുടെ ശ്രദ്ധേയമായ പ്രകടനത്തെ ദുർബലപ്പെടുത്തുകയും ചെയ്തു, വിഘടനവാദ പ്രവണതകളെ പിന്തുണയ്ക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് കോൺഗ്രസ്സ് അഭിഭാഷകൻ പരാതിയിൽ ഉന്നയിച്ചത്. സമാധാനം നശിപ്പിക്കൽ, മതവികാരം വ്രണപ്പെടുത്തൽ എന്നീ ചാർജുകളാണ് പോലിസ് ചുമത്തിയിട്ടുള്ളത്.
ഈ വർഷം ജൂലൈയിൽ ചലച്ചിത്ര പ്രവർത്തകരായ മണിരത്നം, അനുരാഗ് കശ്യപ്, ശ്യാം ബെനഗൽ, നടൻ സൗമിത്ര ചാറ്റർജി, ഗായകൻ ശുഭാ മുദ്ഗൽ എന്നിവരുൾപ്പെടെ അമ്പത് പ്രമുഖരാണ് കത്ത് എഴുതിയത്. "ജയ് ശ്രീറാം" വിളി രാജ്യത്ത് കൊലവിളി പോലെയായി മാറിയെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മുസ്‌ലിംകളെയും ദലിതരെയും മറ്റു ന്യൂനപക്ഷങ്ങളെയും ഹിന്ദുത്വർ തല്ലിക്കൊല്ലുന്ന സംഭവങ്ങള്‍ നിര്‍ത്താന്‍ അടിയന്തര ഇടപടല്‍ വേണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു.
2016ല്‍ മാത്രം ദലിതര്‍ക്കെതിരെ 840 ആക്രമണങ്ങൾ റിപോര്‍ട്ട് ചെയ്തെന്ന ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക് ആശങ്ക ഉയര്‍ത്തുന്നു. ഇത്തരം ദുഃഖകരമായ സംഭവങ്ങളിലേക്ക് പ്രധാനമന്ത്രിയുടെ ശ്രദ്ധ പതിയണം. പാര്‍ലമെന്റില്‍ തള്ളിപ്പറഞ്ഞതുകൊണ്ടു മാത്രമായില്ല, ഇത്തരം പ്രവൃത്തികളെ ജാമ്യമില്ലാ കുറ്റമാക്കി മാറ്റണം. എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ അവസരമില്ലാതെ ജനാധിപത്യം പൂര്‍ണമാകില്ല. സര്‍ക്കാരിനെതിരെ പ്രതിഷേധം ഉയര്‍ത്തുന്നവരെ അർബൻ നക്സലുകളെന്നോ ദേശദ്രോഹികളെന്നോ കുറ്റപ്പെടുത്തുകയല്ല വേണ്ടതെന്നും കത്തില്‍ പറഞ്ഞിരുന്നു.

