ഫസല്‍ വധക്കേസ്: തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

ഫസലിന്റെ സഹോദരനും സിപിഎം അനുഭാവിയുമായ അബ്ദുല്‍ സത്താര്‍ നല്‍കിയ ഹരജിയിലാണ് കേസ് അന്വേഷിക്കുന്ന സിബി ഐയ്ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്

Update: 2021-07-07 07:28 GMT

കൊച്ചി: തലശ്ശേരിയില്‍ എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസല്‍ വധക്കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്.ഫസലിന്റെ സഹോദരനും സിപിഎം അനുഭാവിയുമായ അബ്ദുല്‍ സത്താര്‍ നല്‍കിയ ഹരജിയിലാണ് കേസ് അന്വേഷിക്കുന്ന സിബി ഐയ്ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മറ്റൊരു കേസില്‍ പോലിസ് കസ്റ്റഡിയിലിരിക്കെ ആര്‍ എസ് എസ് പ്രവര്‍ത്തകനായ കുപ്പി സുബീഷ് നല്‍കിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി. ഇതേ ആവശ്യം ഉന്നയിച്ച് നേരത്തേ അബ്ദുല്‍ സത്താര്‍ വിചാരണക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.നിലവില്‍ കേസില്‍ സിബി ഐ അന്വേഷണം പൂര്‍ത്തിയാക്കി കൊടി സുനി, സിപിഎം നേതാക്കളായ കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നിവരടക്കമുള്ളവരെ പ്രതികളാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതിന്റെ വിചാരണ കാത്തു കിടക്കുകയാണ്.

തുടക്കത്തില്‍ തന്നെ കേസന്വേഷണം അട്ടിമറിക്കാന്‍ നീക്കം നടന്നതിനെ തുടര്‍ന്ന് കൊല്ലപ്പെട്ട ഫസലിന്റെ ഭാര്യ സി എച്ച് മറിയു സമര്‍പ്പിച്ച ഹരജിയുടെ അടിസ്ഥാനത്തിലായിരുന്നു നേരത്തെ കോടതി സിബി ഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്. ഏറെക്കാലത്തെ നിയമപോരാട്ടത്തിനൊടുവില്‍ 2008 ഏപ്രില്‍ 5നാണ് സിബിഐ കേസ് ഏറ്റെടുത്തത്. സി പി എം പ്രവര്‍ത്തകനും നിരവധി കൊലക്കേസുകളില്‍ പ്രതിയുമായ ചൊക്ലി മീത്തലെച്ചാലില്‍ എം കെ സുനില്‍കുമാര്‍ എന്ന കൊടി സുനിയാണ് ഒന്നാംപ്രതി. ഇല്ലത്തുതാഴെ വയലാലം നെടിയകുനിയില്‍ ബിജു എന്ന പാച്ചൂട്ടി ബിജു,

കോടിയേരി മൂഴിക്കര മൊട്ടമ്മേല്‍ ജിതേഷ് എന്ന ജിത്തു,തലശ്ശേരി തിരുവങ്ങാട് നരിക്കോട് കുന്നുമ്മല്‍ വലിയപുരയില്‍ അരുണ്‍ദാസ് എന്ന ചെറിയ അരൂട്ടന്‍,തലശ്ശേരി ഉക്കണ്ടന്‍പീടിക മുണ്ടോത്തുംകണ്ടി എം കെ കലേഷ് എന്ന ബാബു,തിരുവങ്ങാട് കുട്ടിമാക്കൂല്‍ അരുണ്‍ നിവാസില്‍ അരുണ്‍കുമാര്‍ എന്ന അരൂട്ടന്‍,കുട്ടിമാക്കൂല്‍ കുതിയില്‍ വീട്ടില്‍ ചന്ദ്രശേഖരന്‍ എന്ന കാരായി ചന്ദ്രശേഖരന്‍,തലശ്ശേരി കതിരൂര്‍ താഴേ പുതിയവീട്ടില്‍ രാജന്‍ എന്ന കാരായി രാജന്‍ എന്നിവരാണ് സിബി ഐ സമര്‍പ്പിച്ച കുറ്റപത്രത്തിലെ മറ്റു പ്രതികള്‍.

എന്‍ഡിഎഫ് തലശേരി സബ് ഡിവിഷന്‍ കൗണ്‍സില്‍ അംഗവും തേജസ് ദിനപ്പത്രത്തിന്റെ ഏജന്റുമായിരുന്ന മുഹമ്മദ് ഫസലിനെ 2006 ഒക്ടോബര്‍ 22 ന് ചെറിയ പെരുന്നാള്‍ തലേന്നാണ് വെട്ടിക്കൊലപ്പെടുത്തിയത്. പുലര്‍ച്ചെ സൈക്കിളില്‍പത്രവിതരണത്തിനു പോവുന്നതിനിടെ സൈദാര്‍ പള്ളിക്കു സമീപം റോഡിലാണ് കൊലപാതകം നടന്നത്.സിപിഎം അനുഭാവിയായിരുന്ന ഫസല്‍ എന്‍ഡിഎഫില്‍ ചേര്‍ന്നതിലുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. സുബീഷിന്റെ മൊഴി സിപിഎം നേതാക്കളായ പ്രതികളെ സംരക്ഷിക്കാനായി കെട്ടിച്ചച്ചതാണെന്നും പ്രോസിക്യൂഷന്‍ നേരത്ത കോടതിയില്‍ വ്യക്തമാക്കിയിരുന്നു. മാത്രമല്ല, കസ്റ്റഡിയില്‍ പീഡിപ്പിച്ച ശേഷം ഫസല്‍ വധക്കേസില്‍ തന്നെക്കൊണ്ട് കള്ളമൊഴി പറയിപ്പിക്കുകയായിരുന്നുവെന്ന് കുപ്പി സുബീഷ് തന്നെ പിന്നീട് കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനം നടത്തി വ്യക്തമാക്കിയത്.

Tags:    

Similar News