വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചാല്‍ മാത്രം മടക്കം; പ്രഖ്യാപിച്ച പ്രക്ഷോഭ പരിപാടികള്‍ തുടരുമെന്ന് കര്‍ഷകര്‍

ബുധനാഴ്ച ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ ഈ ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുമെന്നാണ് റിപോര്‍ട്ടുകള്‍. ഇതിന് ശേഷം ശൈത്യകാല സമ്മേളനത്തില്‍ ബില്ല് അവതരിപ്പിച്ച് വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാനാണ് കേന്ദ്രനീക്കം.

Update: 2021-11-21 09:54 GMT

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഔപചാരികമായി പിന്‍വലിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോവുമെന്ന് കര്‍ഷസംഘടനകള്‍. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ യോഗത്തിലാണ് സമരം ശക്തമായിത്തന്നെ തുടരാന്‍ തീരുമാനിച്ചത്. മിനിമം താങ്ങുവില സംബന്ധിച്ച നിയമം കൊണ്ടുവരണമെന്നും സമരത്തിന്റെ പേരില്‍ കര്‍ഷകര്‍ക്കെതിരേ ചുമത്തിയ പോലിസ് കേസുകള്‍ പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ കര്‍ഷകര്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നതാണ്.

റേഡിയോ പ്രഖ്യാപനം കൊണ്ട് സമരം അവസാനിപ്പിക്കില്ലെന്നും നിയമം രേഖാമൂലം പിന്‍വലിച്ചെങ്കില്‍ മാത്രമേ മടക്കമുള്ളൂവെന്നും കര്‍ഷകര്‍ കേന്ദ്രസര്‍ക്കാരിനെ ധരിപ്പിച്ചതാണ്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ നേരത്തെ പ്രഖ്യാപിച്ച സമരമുറകള്‍ അതേപടി തുടരാനാണ് ഡല്‍ഹി അതിര്‍ത്തികളില്‍ ക്യാംപ് ചെയ്യുന്ന കര്‍ഷകരുടെ ഉറച്ച തീരുമാനം. ഈ മാസം അവസാനം പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുമ്പോള്‍ മാത്രമേ നിയമങ്ങള്‍ ഔദ്യോഗികമായി പിന്‍വലിക്കാന്‍ കഴിയൂ. കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ഞങ്ങള്‍ ചര്‍ച്ചചെയ്തു. അതിനുശേഷം ചില തീരുമാനങ്ങള്‍ കൈക്കൊണ്ടു.

കര്‍ഷകരുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ച മുന്‍കൂര്‍ തീരുമാനിച്ച സമരപരിപാടികള്‍ അതേപടി തുടരും- ഡല്‍ഹി- ഹരിയാന അതിര്‍ത്തിയായ സിംഘുവില്‍ സമരം ചെയ്യുന്ന കര്‍ഷക നേതാവ് ബല്‍ബീര്‍ സിങ് രാജേവല്‍ പറഞ്ഞു. നവംബര്‍ 22ന് ലഖ്‌നോവില്‍ കര്‍ഷക സമ്മേളനം, നവംബര്‍ 26ന് എല്ലാ അതിര്‍ത്തികളിലും സമ്മേളനങ്ങള്‍, നവംബര്‍ 29ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് എന്നിവ ആസൂത്രിത പരിപാടികളില്‍ ഉള്‍പ്പെടുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതുമെന്നും കര്‍ഷകര്‍ പറഞ്ഞു.

ഇന്നലെ ചേര്‍ന്ന കര്‍ഷക സംഘടനകളുടെ കോര്‍ കമ്മിറ്റി യോഗത്തില്‍ സമരവുമായി മുന്നോട്ടു പോകാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിരുന്നു. അതേസമയം, വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാനുള്ള നടപടിക്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വേഗത്തിലാക്കി. റദ്ദാക്കല്‍ ബില്ലിന് ഈയാഴ്ച തന്നെ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കും. മൂന്ന് നിയമങ്ങളും റദ്ദാക്കുന്നതിനുവേണ്ടി കൃഷി മന്ത്രാലയവും ഭക്ഷ്യ പൊതുവിതരണമന്ത്രാലയവും ബില്ലുകള്‍ തയ്യാറാക്കിവരികയാണ്.

ബുധനാഴ്ച ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ ഈ ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുമെന്നാണ് റിപോര്‍ട്ടുകള്‍. ഇതിന് ശേഷം ശൈത്യകാല സമ്മേളനത്തില്‍ ബില്ല് അവതരിപ്പിച്ച് വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാനാണ് കേന്ദ്രനീക്കം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചത്. കര്‍ഷകര്‍ സമരം ആരംഭിച്ച് ഒരുവര്‍ഷത്തിന് ശേഷമാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനമുണ്ടായത്. പഞ്ചാബ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക തീരുമാനമുണ്ടായത്.

Tags: