മൂന്നാംഘട്ട പ്രക്ഷോഭത്തിനൊരുങ്ങി കര്‍ഷക സംഘടനകള്‍; അഖിലേന്ത്യാ കണ്‍വന്‍ഷന്‍ വിളിച്ചു

Update: 2021-08-20 07:28 GMT

ന്യൂഡല്‍ഹി: കാര്‍ഷികനിയമങ്ങള്‍ക്കെതിരേ മൂന്നാംഘട്ട പ്രക്ഷോഭത്തിനൊരുങ്ങി കര്‍ഷക സംഘടനകള്‍. തുടര്‍സമര പരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ സംഘടനകള്‍ അഖിലേന്ത്യാ കണ്‍വന്‍ഷന്‍ വിളിച്ചു. യുപി നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അടുത്ത മാസം അഞ്ചിന് കിസാന്‍ മഹാപഞ്ചായത്തും ചേരുന്നുണ്ട്.

കര്‍ഷക സമരം ഒന്‍പത് മാസം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് സംയുക്ത കിസാന്‍ മോര്‍ച്ച അഖിലേന്ത്യാ കണ്‍വന്‍ഷന്‍ വിളിച്ചത്. പാര്‍ലമെന്റിലേക്ക് അടക്കം മാര്‍ച്ച് സംഘടിപ്പിച്ചെങ്കിലും നിയമങ്ങള്‍ പിന്‍വലിക്കുന്നതില്‍ സര്‍ക്കാരില്‍ നിന്നും യതൊരു നീക്കം ഇതുവരെയില്ല. ഈ സാഹചര്യത്തില്‍ തുടര്‍സമരപരിപാടികള്‍ ശക്തമാക്കണം, ഡല്‍ഹി അതിര്‍ത്തികളില്‍ സമരം തുടരുമ്പോഴും സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുന്ന മറ്റ് സമരരീതികളിലേക്ക് കടക്കണം എന്നിങ്ങനെയുള്ള കാര്യങ്ങളാകും അഖിലേന്ത്യാ കണ്‍വന്‍ഷനിലെ പ്രധാന അജണ്ട. കണ്‍വന്‍ഷനിലേക്ക് തൊഴിലാളി സംഘടനകളെയും ക്ഷണിച്ചിട്ടുണ്ട്.

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുസഫര്‍നഗറില്‍ സെപ്തംബര്‍ അഞ്ചിന് നടത്തുന്ന മഹാപഞ്ചായത്തില്‍ രാകേഷ് ടിക്കായത്ത്, ദര്‍ശന്‍പാല്‍ അടക്കം കര്‍ഷകനേതാക്കള്‍ പങ്കെടുക്കും. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുകയെന്നതാണ് ലക്ഷ്യമെന്ന് കര്‍ഷകസംഘടനകള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Tags: