വിടപറഞ്ഞത് വിവേചനങ്ങളുടെ ഒരു വര്‍ഷം; 2020 സമര തീഷ്ണമാവും

കശ്മീര്‍, അസം എന്‍ആര്‍സി, യുഎപിഎ, എന്‍ഐഎ നിയമങ്ങളിലെ ഭേദഗതി, മുത്വലാഖ്, ബാബരി വിധി, പൗരത്വ ഭേദഗതി നിയമം തുടങ്ങി മുസ്‌ലിംകളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളാണ് 2019ല്‍ കഴിഞ്ഞുപോയത്.

Update: 2019-12-31 18:08 GMT

കോഴിക്കോട്: കരിനിയമങ്ങളും വര്‍ഗീയമായ നിയമ ഭേദഗതികളും കൊണ്ട് കലുഷിതമായ ഒരു വര്‍ഷമാണ് കഴിഞ്ഞുപോയത്. 2019 മെയ് 30ന് രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ തുടങ്ങിയ വിഭജന രാഷ്ട്രീയ നയങ്ങള്‍ പൗരത്വ ഭേദഗതി നിയമത്തിലൂടെ രാജ്യത്തെ പ്രക്ഷോഭങ്ങളിലേക്ക് തള്ളിവിട്ടു. അന്താരാഷ്ട്ര, ആഭ്യന്തര, സാമ്പത്തിക രംഗങ്ങളില്‍ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കിയ ദിവസങ്ങളാണ് കടന്നുപോയത്. കശ്മീര്‍, അസം എന്‍ആര്‍സി, യുഎപിഎ, എന്‍ഐഎ നിയമങ്ങളിലെ ഭേദഗതി, മുത്വലാഖ്, ബാബരി വിധി, പൗരത്വ ഭേദഗതി നിയമം തുടങ്ങി മുസ്‌ലിംകളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളാണ് 2019ല്‍ കഴിഞ്ഞുപോയത്.


കശ്മീര്‍ സംബന്ധിച്ച തീരുമാനമാണ് അന്താരാഷ്ട്ര തലത്തില്‍ തന്നെ ഏറെ ചര്‍ച്ചയായതും രാജ്യത്തെ ഒറ്റപ്പെടുത്തിയതും. സ്വതന്ത്ര്യകാലം മുതല്‍ ഇന്ത്യയുടെ ഒരു വലിയ പ്രശ്‌നമായി തുടര്‍ന്നിരുന്ന കാശ്മീര്‍ വിഷയം ആഗസ്റ്റ് അഞ്ചിനെടുത്ത തീരുമാനത്തിലൂടെ പുതിയ വഴിത്തിരിവിലെത്തി.

ജമ്മു കാശ്മീരിനുള്ള പ്രത്യേക അവകാശങ്ങള്‍ ഉള്‍പ്പെട്ട 370ാം വകുപ്പും, 35 എ വകുപ്പും എടുത്തുകളയുകയും ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞ് രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയുമാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. തീരുമാനം നടപ്പാക്കുന്നതിന് മുമ്പ് കശ്മീര്‍ താഴ്‌വര സൈനിക നിയന്ത്രണത്തിലാക്കുകയും മുന്‍ മുഖ്യമന്ത്രിമാരാടക്കം പ്രധാനപെട്ട നിരവധി രാഷ്ട്രീയക്കാരെ വീട്ടു തടങ്കലിലാക്കുകയും ചെയ്തു. വാര്‍ത്ത വിനിമയ ബന്ധങ്ങള്‍ വിച്ഛേദിച്ച് കശ്മീരെ ഒറ്റപ്പെടുത്തി.

വലിയ പ്രതിഷേധങ്ങള്‍ കാശ്മീരില്‍ നടന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ആദ്യം ഈ റിപ്പോര്‍ട്ടുകളെ തള്ളി കളയുകയാണ് സര്‍ക്കാര്‍ ചെയ്തത്. കാശ്മീര്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നു. പാകിസ്താന്‍ ഐക്യരാഷ്ട്ര സഭയുടെ രക്ഷാ സമിതിയുടെ പരിഗണയിലെത്തിച്ചു. കാശ്മീരില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ പരിഷ്‌ക്കാരങ്ങള്‍ക്കെതിരെ ഒരു പറ്റം ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. കേസുകള്‍ സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കയാണ്.


യുഎപിഎ നിയമത്തില്‍ വരുത്തിയ ഭേദഗതിയാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ വിവാദമായ തീരുമാനം. വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാന്‍ അനുവദിക്കുന്നതായിരുന്നു നിയമ ഭേദഗതി. ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ എന്‍ഐഎയ്ക്ക് അധികാരവും പുതിയ ഭേദഗതിയിലൂടെ കൈവരും. കടുത്ത മനുഷ്യാവാകാശ ലംഘനങ്ങളാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നതെന്നാണ് ഭേദഗതിയെ എതിര്‍ക്കുന്നവരുടെ ആരോപണം. ഈ നിയമ ഭേദഗതിയും സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിരിക്കയാണ്.

മുത്വലാഖ് ബില്ല് നിയമമാക്കിയതാണ് മറ്റൊരു പ്രധാന സംഭവം. മുത്വലാഖ് ചൊല്ലി, ഭാര്യയെ ഉപേക്ഷിക്കുന്നത് കൃത്യമായി പരിഗണിക്കുന്നതാണ് നിയമം. മുസ്‌ലിം സ്ത്രീകളുടെ സാമൂഹ്യ ഉന്നമനവുമായി ബന്ധപ്പെട്ട് നിര്‍ണായകമെന്നാണ് സര്‍ക്കാരിന്റെ വാദം.


വിവാദമായ ബില്ലുകള്‍ അവതരിപ്പിച്ചും നിയമ നിര്‍മാണങ്ങള്‍ നടത്തിയും രാജ്യത്തെ നേരിട്ട് ബാധിക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ നിന്ന് മോദി സമര്‍ത്ഥമായി ശ്രദ്ധതിരിച്ചു. സാമ്പത്തിക മേഖലയിലെ കടുത്ത പ്രതിസന്ധിയാണ് രണ്ടാം മോദി ഭരണകാലത്ത് രാജ്യം നേരിടുന്നത്. രാജ്യത്തെ മൊത്തം ആഭ്യന്തര ഉല്‍പാദനം അഞ്ച് ശതമാനത്തില്‍ താഴുകയും വിവിധ മേഖലകളില്‍ മാന്ദ്യവും സാമ്പത്തിക രംഗത്തെ പിടിച്ചുലച്ചു. സാമ്പത്തിക ഉത്തേജക പാക്കേജ് എന്ന രീതിയില്‍ സര്‍ക്കാര്‍ ചില നടപടികള്‍ പ്രഖ്യാപിച്ചെങ്കിലും അത് യാതൊരു മാറ്റവും ഉണ്ടാക്കിയില്ല. സാമ്പത്തിക മാന്ദ്യത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തില്‍ നിന്ന് 1.76 ലക്ഷം കോടി രൂപ സര്‍ക്കാറിന് കൈമാറി.


2019 അവസാനിക്കുമ്പോള്‍ തികച്ചും വിവേചനപരമെന്ന് പൊതു സമൂഹവും രാജ്യത്തെ സംഘപരിവാര്‍ ഒഴികേയുള്ള മുഴുവന്‍ സാമൂഹിക-രാഷ്ട്രീയ സംഘടനാ നേതാക്കളും വിലയിരുത്തിയ രണ്ട് സംഭവങ്ങളും കടന്നു പോയി. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ഭൂമി ഹിന്ദുക്ഷേത്രം നിര്‍മിക്കാന്‍ വിട്ടുനല്‍കണമെന്ന് സുപ്രീംകോടതി ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ച വിധിയായിരുന്നു അവയില്‍ ഒന്ന്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റേതാണ് ഐകകണ്‌ഠ്യേനയുള്ള വിധി. 1992ല്‍ തകര്‍ക്കപ്പെട്ട പള്ളി നിലനിന്നിരുന്ന 2.7 ഏക്കര്‍ കോമ്പൌണ്ട് ഭൂമിക്ക് പകരമായി പള്ളി നിര്‍മിക്കാന്‍ മുസ്‌ലിംകള്‍ക്ക് അഞ്ച് ഏക്കര്‍ സ്ഥലം നല്‍കണമെന്നും മൂന്ന് മാസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണമെന്നും സുപ്രീംകോടതി വിധിച്ചു. അലഹബാദ് വിധി പുറപ്പെടുവിച്ച വിധി ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജികളിന്മേലുള്ള അന്തിമവിധിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സുപ്രീംകോടതി വിധി വിവേചനപരമാണെന്ന് മുസ്‌ലിം നേതാക്കള്‍ ആരോപിച്ചു. നീതി നിഷേധത്തിനെതിരേ വിവിധ സംഘടനകള്‍ പ്രതിഷേധിക്കുകയും തെരുവില്‍ ഇറങ്ങുകയും ചെയ്തു.


2019 അവസാനിക്കുമ്പോള്‍ രാജ്യത്തെ പ്രക്ഷോഭങ്ങളിലേക്ക് എടുത്തെറിഞ്ഞ് പൗരത്വ ഭേദഗതി നിയമവും ബിജെപി സര്‍ക്കാര്‍ നടപ്പാക്കി. മുസ് ലിംകളെ മാത്രം ഒഴിവാക്കിയുള്ള പൗരത്വ ഭേദഗതി നിയമം രാജ്യത്തെ വീണ്ടും വിഭജനത്തിലേക്ക് നയിക്കുമെന്ന വിലയിരുത്തലും ഉണ്ടായി. വര്‍ഗീയ ലക്ഷ്യത്തോടെയുള്ള പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് സംഘപരിവാര്‍ ഒഴികേയുള്ള എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ആവശ്യപ്പെട്ടു. മുസ്‌ലിം വിരുദ്ധമായ നിയമത്തിനെതിരേ രാജ്യം ഒന്നാകെ പ്രക്ഷോഭത്തിന് ഇറങ്ങിയതും വിദ്യാര്‍ഥികള്‍ ഡല്‍ഹിയിലെ തെരുവുകള്‍ കീഴടക്കിയതും 2020 സമര തീഷ്ണമാകും എന്നതിന് നേര്‍ സാക്ഷ്യമായി.

Full View



Tags:    

Similar News