'കരസേന മേധാവി രാഷ്ട്രീയത്തില്‍ ഇടപെട്ടിട്ടില്ല'; വിവാദമായതോടെ വിശദീകരണവുമായി കരസേന

പ്രതിഷേധങ്ങളെ വിമര്‍ശിച്ച കരസേന മേധാവി ബിപിന്‍ റാവത്തിന്റെ നടപടി തെറ്റാണെന്ന് മുന്‍ നാവികസേന അഡ്മിറല്‍ ജനറല്‍ എല്‍ രാംദാസും വിമര്‍ശിച്ചിരുന്നു. 'നിഷ്പക്ഷരായിരിക്കുക, എന്നതാണ് മൂന്ന് സേനകളിലുള്ളവരോടും ആഭ്യന്തരമായി നിര്‍ദ്ദേശിക്കുന്നതെന്ന് മുന്‍ ജനറല്‍ പറഞ്ഞു.

Update: 2019-12-27 07:13 GMT

ന്യൂഡല്‍ഹി: പൗരത്വ പ്രതിഷേധങ്ങളിലെ കരസേന മേധാവി ബിപിന്‍ റാവത്തിന്റെ പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി കരസേന. ജനറല്‍ ബിപിന്‍ റാവത്ത് രാഷ്ട്രീയത്തിലിടപെട്ട് അഭിപ്രായം പറഞ്ഞിട്ടില്ലെന്നാണ് കരസേന നല്‍കുന്ന വിശദീകരണം. നേതൃത്വത്തെക്കുറിച്ച് ചില ഉദാഹരണങ്ങള്‍ നല്‍കുക മാത്രമായിരുന്നു. പൗരത്വനിയമം പരാര്‍ശിക്കുകയോ അവ തള്ളിപറയുകയോ ബിപിന്‍ റാവത്ത് ചെയ്തിട്ടില്ലെന്നും സേനാവൃത്തങ്ങള്‍ വിശദീകരിക്കുന്നു.

'സായുധ കലാപത്തിലേക്ക് ആള്‍ക്കൂട്ടത്തെ നയിക്കുന്നവര്‍ നേതാക്കളല്ല'', എന്നായിരുന്നു പൗരത്വ പ്രക്ഷോഭത്തെക്കുറിച്ച് ബിപിന്‍ റാവത്തിന്റെ പ്രതികരണം. പൗരത്വ നിയമഭേദഗതിക്ക് എതിരായ പ്രക്ഷോഭങ്ങള്‍ രാജ്യത്ത് കൊടുമ്പിരിക്കൊള്ളുമ്പോള്‍ ആദ്യമായാണ് കരസേനാമേധാവി രാഷ്ട്രീയപരാമര്‍ശം നടത്തുന്നത്. ഇതിന് പിന്നാലെ രാഷ്ട്രീയചായ്‌വില്ലാതെ നിഷ്പക്ഷമായി കൊണ്ടുപോകേണ്ട പദവിയിലിരുന്ന് ഒരു രാഷ്ട്രീയ നിലപാടിനെ കരസേനാമേധാവി പിന്തുണച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികളടക്കം രംഗത്തെത്തിയിരുന്നു. രാഷ്ട്രീയം സംസാരിക്കാന്‍ കരസേനാമേധാവിയെ അനുവദിച്ചാല്‍ രാജ്യം എങ്ങോട്ട് നീങ്ങുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ചോദ്യം.

ജനകീയ വിഷയങ്ങളില്‍ സൈന്യം ഇടപെടുന്നത് ഭരണഘടന ലംഘനമാണെന്നും പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ആരോപിച്ചു. വിരമിക്കാന്‍ അഞ്ച് ദിവസം മാത്രം ശേഷിക്കെയാണ് കരസേന മേധാവി ബിപിന്‍ റാവത്തിന്റെ പ്രസ്താവന വിവാദമായത്. കലാപം അഴിച്ചുവിടുന്ന ആള്‍ക്കൂട്ടത്തെ നയിക്കുന്നവര്‍ നേതാക്കളല്ലെന്ന പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം എന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം.

ബിപിന്‍ റാവത്തിന്റെ പ്രസ്താവന എല്ലാ പരിധികളും ലംഘിക്കുന്നതും സൈന്യത്തിന്റെ നിക്ഷ്പക്ഷത തകര്‍ക്കുന്നതുമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടി. പ്രസ്താവന ആക്ഷേപവും അധാര്‍മികവും ആണ്. ബിപിന്‍ റാവത്ത് പെരുമാറിയത് ബിജെപി നേതാവിനെ പോലെയാണ്. സൈന്യത്തിന്റെ നിഷ്പക്ഷത നിലനിര്‍ത്താന്‍ ബിപിന്‍ റാവത്തിനെ നിയന്ത്രിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

പ്രസ്താവന രാജ്യത്തെ വിവിധ സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുന്നതാണെന്ന് എഐഎംഎം ആരോപിച്ചു. പ്രസ്താവന രാജ്യത്തെ ഭരണഘടനാ സംവിധാനങ്ങള്‍ക്ക് ആഘാതമേല്‍പ്പിക്കുന്നതാണ്. മോദി സര്‍ക്കാരിന് കീഴില്‍ രാജ്യത്തെ സ്ഥിതിഗതികള്‍ എത്രത്തോളം അധപതിച്ചു എന്നതിന് തെളിവാണിതെന്നും ഇടതുപാര്‍ട്ടികള്‍ പ്രതികരിച്ചു.

പ്രതിഷേധങ്ങളെ വിമര്‍ശിച്ച കരസേന മേധാവി ബിപിന്‍ റാവത്തിന്റെ നടപടി തെറ്റാണെന്ന് മുന്‍ നാവികസേന അഡ്മിറല്‍ ജനറല്‍ എല്‍ രാംദാസും വിമര്‍ശിച്ചു. 'നിഷ്പക്ഷരായിരിക്കുക, എന്നതാണ് മൂന്ന് സേനകളിലുള്ളവരോടും ആഭ്യന്തരമായി നിര്‍ദ്ദേശിക്കുന്നത്. ഇത്തരം തത്വങ്ങളാണ് സേന കാലാകാലങ്ങളായി പിന്തുടരുന്നത്. നമ്മള്‍ രാജ്യത്തെയാണ് സേവിക്കുന്നത് അല്ലാതെ രാഷ്ട്രീയ ശക്തികളെയല്ല എന്ന ചട്ടം വളരെ വ്യക്തമാണ്. ഇന്ന് നമ്മള്‍ കേട്ടിട്ടുള്ള ഏതെങ്കിലും രാഷ്ട്രീയ വീക്ഷണങ്ങള്‍ പ്രകടിപ്പിക്കുക എന്നത് ശരിയായ രീതിയല്ല. അത് എത്ര ഉയര്‍ന്ന റാങ്കിലിരിക്കുന്നയാളാണെങ്കിലും. അത് ശരിയായ നടപടിയല്ല', മുന്‍ നാവികസേന അഡ്മിറല്‍ ജനറല്‍ എല്‍ രാംദാസ് പറഞ്ഞു.

Tags:    

Similar News