ഡല്‍ഹി കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥന്റെ മരണം: എഎപി നേതാവ് താഹിര്‍ ഹുസയ്ന്‍ അറസ്റ്റില്‍

കള്ളക്കേസാണ് ചുമത്തിയിട്ടുള്ളതെന്നും താഹിര്‍ ഹുസയ്‌ന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും അഡ്വ. മുകേഷ് കാലിയ ചൂണ്ടിക്കാട്ടി

Update: 2020-03-05 11:14 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സംഘപരിവാരം പോലിസ് സഹായത്തോടെ നടത്തിയ ആക്രമണത്തിനിടെ ഇന്റലിജന്‍സ് ബ്യൂറോ(ഐബി) ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ കൊല്ലപ്പെട്ട സംഭവത്തില്‍ ബന്ധമുണ്ടെന്നാരോപിച്ച് പ്രതി ചേര്‍ക്കപ്പെട്ട ആം ആദ്മി പാര്‍ട്ടി(എഎപി) കൗണ്‍സിലര്‍ താഹിര്‍ ഹുസയ്‌നെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച കോടതിയില്‍ കീഴടങ്ങുന്നുവെന്ന് കാണിച്ച് നല്‍കിയ ഹരജി ഡല്‍ഹി മെട്രോപൊളിറ്റന്‍ അഡീഷനല്‍ ചീഫ് മജിസ്‌ട്രേറ്റ് വിഷല്‍ പഹുജ തള്ളിയതിനു പിന്നാലെയാണ് അറസ്റ്റ്. ശര്‍മയുടെ പിതാവിന്റെ പരാതിയില്‍ ഹുസയ്‌നെതിരേ പോലിസ് കേസെടുക്കുകയും തുടര്‍ന്ന് എഎപി സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു. താഹിറിനെതിരേ ഐപിസി 365 തട്ടിക്കൊണ്ടുപോവല്‍, 302 കൊലപാതകം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരുന്നത്. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും കീഴടങ്ങാന്‍ സന്നദ്ധനാണെന്നും കാണിച്ച് കോടതിയില്‍ നല്‍കിയ ഹരജി തള്ളിയതിനു പിന്നാലെ അവിടെയെത്തിയ ഡല്‍ഹി പോലിസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

    താഹിറിന്റെ ജീവന് ഭീഷണിയുണ്ടെന്നും അതിനാലാണ് കാര്‍ക്കാര്‍ദോമ കോടതിക്കു പകരം റോസ് അവന്യൂ കോടതിയെ കീഴടങ്ങാന്‍ സമീപിച്ചതെന്നും താഹിര്‍ ഹുസയ്‌നു വേണ്ടി ഹാജരായ അഡ്വ. മുകേഷ് കാലിയ പറഞ്ഞു. കള്ളക്കേസാണ് ചുമത്തിയിട്ടുള്ളതെന്നും ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

    അതേസമയം, വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ തന്റെ വീട്ടിലേക്ക് ഒരുസംഘം അതിക്രമിച്ചു കയറിയെന്നും താനും കലാപത്തിന്റെ ഇരയാണെന്നുമായിരുന്നു താഹിര്‍ ഹുസയ്ന്‍ പറഞ്ഞിരുന്നത്. കലാപത്തില്‍ നിന്നു രക്ഷപ്പെടാന്‍ ഏതാനുംപേര്‍ ഇദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നതായും ഇവര്‍ക്ക് അഭയമേകിയതാണ് താഹിറിനെതിരേ കേസെടുക്കാന്‍ കാരണമെന്നും ആക്ഷേപമുയര്‍ന്നിരുന്നു. ഫെബ്രുവരി 24, 25 തിയ്യതികളില്‍ ചാന്ദ് ബാഗില്‍ വിന്യസിച്ച സുരക്ഷാ സേനയ്ക്ക് കൗ ണ്‍സിലറുടെ വസതി ജനക്കൂട്ടം വളഞ്ഞതായി വിവരം ലഭിച്ചെങ്കിലും അവിടെയെത്തിയപ്പോള്‍ അങ്ങനെയൊരു സംഭവം ഇല്ലെന്നുമായിരുന്നു പോലിസ് പറഞ്ഞിരുന്നത്. ഫെബ്രുവരി 26ന് അങ്കിത് ശര്‍മയുടെ മൃതദേഹം ഓവിചാലില്‍നിന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹുസയ്‌നെതിരേ കൊലപാതകക്കുറ്റം ചുമത്തിയത്. തുടര്‍ന്ന് പോലിസ് ഇദ്ദേഹത്തിന്റെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഹുസയ്‌ന്റെ വീടിന്റെ ടെറസില്‍നിന്ന് പെട്രോള്‍ ബോംബുകള്‍ ഉള്‍പ്പെടെയുള്ളവ കണ്ടെടുത്തെന്നും അയല്‍ വീടുകളില്‍ പെട്രോള്‍ ബോംബും കല്ലും എറിഞ്ഞതായും ഹുസൈനെതിരേ ആരോപണമുയര്‍ന്നിരുന്നു. അതേസമയം, കലാപത്തിലുടനീളം മുന്‍ ആം ആദ്മി കൗണ്‍സിലര്‍ താഹിര്‍ ഹുസയ്ന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി ബന്ധപ്പെട്ടിരുന്നതായാണ് ബിജെപിയുടെ ആരോപണം. പോലിസ് എഫ് ഐ ആര്‍ രജിസ്‌ററ്റര്‍ ചെയ്തതിനു പിന്നാലെ എഎപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ഹുസയ്ന്‍ ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിച്ചിരുന്നു.





Tags:    

Similar News