കാംപസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറിയെ ഇഡി അറസ്റ്റ് ചെയ്തു; രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം

ഇഡി നടപടി അതിരു കടന്നതാണെന്ന് കാംപസ് ഫ്രണ്ട് ദേശീയ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ഇഡി സംഘപരിവാറിന്റെ ചട്ടുകമായി മാറിയെന്നാണ് വ്യക്തമാവുന്നത്.

Update: 2020-12-12 10:40 GMT

തിരുവനന്തപുരം: കാംപസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി റഊഫ് ഷെരീഫിനെ തിരുവനന്തപുരം വിമാനത്താവളത്തില്‍ തടഞ്ഞു വെച്ച് ഇഡി അറസ്റ്റ് ചെയ്തു. ഇഡിയുടെ അന്യായ പകപോക്കല്‍ നടപടിക്കെതിരേ കാംപസ് ഫ്രണ്ട് ദേശവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു.

ഇഡി നടപടി അതിരു കടന്നതാണെന്ന് കാംപസ് ഫ്രണ്ട് ദേശീയ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ഇഡി സംഘപരിവാറിന്റെ ചട്ടുകമായി മാറിയെന്നാണ് വ്യക്തമാവുന്നത്.

ഇ ഡി യെ മുന്‍നിര്‍ത്തി ആര്‍എസ്എസ് നടത്തുന്ന പ്രതികാര നടപടികള്‍ അതിര് കടന്നിരിക്കുന്നു. സര്‍ക്കാര്‍ ഏജന്‍സികള്‍ സംഘപരിവാറിന്റെ കൂലിക്കാരായി വേഷം കെട്ടി ഇറങ്ങുന്നത് തടയാന്‍ രാജ്യസ്‌നേഹികള്‍ക്ക് ബാധ്യതയുണ്ട്. സിഎഎ എന്‍ആര്‍സി വിരുദ്ധ പ്രക്ഷോഭത്തില്‍ മുന്‍ നിരയിലുണ്ടായിരുന്ന വിദ്യാര്‍ത്ഥി നേതാവാണിദ്ദേഹം. പൗരത്വ നിയമം വീണ്ടും കെട്ടി എഴുന്നള്ളിക്കാനുള്ള നീക്കങ്ങളെ എന്ത് വില കൊടുത്തും തടയണമെന്നും ദേശീയ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

വെറുപ്പിന്റെ രാഷ്ട്രീയത്തെ നേരിടുന്നതില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ പിന്മാറുമെന്നത് ആര്‍.എസ്.എസിന്റെ തോന്നലുകള്‍ മാത്രമാണ്. ജനറല്‍ സെക്രട്ടറിക്കെതിരായ നീക്കത്തിനെതിരെ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ശക്തമായ പ്രതിഷേധം ഉയരണമെന്നും ദേശീയ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

ദിവസങ്ങള്‍ക്ക് മുമ്പ് ഇഡി പോപുലര്‍ ഫ്രണ്ട് ഓഫിസുകളിലും ദേശീയ നേതാക്കളുടെ വീടുകളിലും റെയ്ഡ് നടത്തിയിരുന്നു. ഇതിനെതിരേ ഇന്നലെ പോപുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപക പ്രതിഷേധം അരങ്ങേറി. ഇഡി ആര്‍എസ്എസ്സിന്റെ ചട്ടുകമായി മാറുകയാണെന്ന് പോപുലര്‍ ഫ്രണ്ട് ആരോപിച്ചു.

Tags: