കത് വ ഫണ്ട് തട്ടിപ്പ് ആരോപണം ഇഡി അന്വേഷിക്കും; സി കെ സുബൈറിന് നോട്ടീസ്

ആരോപണം ശരിവച്ച് ദേശീയ വൈസ് പ്രസിഡന്റും പാണക്കാട് ഹൈദരലി തങ്ങളുടെ മകനുമായ മുഈനലി തങ്ങള്‍ രംഗത്തെത്തിയത് ലീഗിനെ പ്രതിരോധത്തിലാക്കിയിരുന്നു.

Update: 2021-04-18 07:01 GMT

കോഴിക്കോട്: കത്‌വ, ഉന്നാവോ ഇരകളുടെ കുടുംബത്തിനു വേണ്ടി യൂത്ത് ലീഗ് പിരിച്ച തുക വകമാറ്റിയെന്ന ആരോപണം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് മുന്‍ ജനറല്‍ സെക്രട്ടറി സി കെ സുബൈറിന് സമന്‍സ് അയച്ചു. ഈ മാസം 22ന് കൊച്ചിയിലെ ഓഫിസില്‍ ഹാജരാവണമെന്നാണ് നോട്ടീസില്‍ പറയുന്നത്. നോട്ടീസ് ലഭിച്ചതായും 22നു തന്നെ താന്‍ ഹാജരാവുമെന്നും സുബൈര്‍ അറിയിച്ചു. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെയും ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. യൂത്ത് ലീഗ് മുന്‍ ദേശീയ സമിതി അംഗം യൂസഫ് പടനിലമാണ് ആദ്യമായി ഫണ്ട് വകമാറ്റിയെന്ന് ആരോപിച്ചത്. ഒരു കോടിയോളം രൂപ ഇരകള്‍ക്ക് കൈമാറാതെ സംസ്ഥാന നേതാക്കള്‍ വകമാറ്റിയെന്നും 15 ലക്ഷത്തോളം രൂപ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് നടത്തിയ യുവജന യാത്രയ്ക്കു വേണ്ടി ഉപയോഗിച്ചെന്നും രണ്ടു വര്‍ഷമാവാറായിട്ടും ഇതുവരെ കണക്ക് അവതിരിപ്പിച്ചില്ലെന്നുമായിരുന്നു ആരോപണം.

    ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്കു കാരണമായ വെളിപ്പെടുത്തല്‍ യൂത്ത് ലീഗില്‍ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ കുന്നമംഗലത്ത് വിമത സ്ഥാനാര്‍ഥിയായതിനെ ചൊല്ലി ലീഗില്‍ നിന്നു സസ്‌പെന്റ് ചെയ്യപ്പെട്ട യൂസുഫ് പടനിലത്തിന്റെ ആരോപണം ശരിവച്ച് ദേശീയ വൈസ് പ്രസിഡന്റും പാണക്കാട് ഹൈദരലി തങ്ങളുടെ മകനുമായ മുഈനലി തങ്ങള്‍ രംഗത്തെത്തിയത് ലീഗിനെ പ്രതിരോധത്തിലാക്കിയിരുന്നു. യൂത്ത് ലീഗിനു പുറമെ എംഎസ് എഫും പണപ്പിരിവ് നടത്തിയെന്നും കണക്ക് അവതരിപ്പിച്ചിച്ചില്ലെന്നും ആദ്യം പറഞ്ഞ മുഈനലി ശിഹാബ് തങ്ങള്‍ പിന്നീട് മലക്കംമറിയുകയായിരുന്നു. സംഭവത്തില്‍ പി കെ ഫിറോസിനെതിരേ സംസ്ഥാന പോലിസ് കേസെടുത്തിരുന്നു. 2018 ഏപ്രില്‍ 20ന് വെള്ളിയാഴ്ച പള്ളികളില്‍ നടത്തിയ ഫണ്ട് സമാഹരണമാണ് വിവാദമായത്.ഇതിനു പിന്നാലെ ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. എന്നാല്‍, പാര്‍ട്ടി പ്രവര്‍ത്തക നല്‍കിയ മറ്റൊരു പരാതിയിലാണ് സി കെ സുബൈറിനെതിരേ നടപടിയെടുത്തതെന്നാണ് വിശദീകരിച്ചിരുന്നത്.

Tags: