ആദിവാസി ഡോക്ടറുടേത് കൊലപാതകം: ആരോപണവുമായി അഭിഭാഷകന്‍

പ്രതികള്‍ പായലിന്റെ മൃതദേഹം മറ്റെവിടേക്കോ കൊണ്ടുപോയി തെളിവ് നശിപ്പിച്ചതിനു ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ അട്ടിമറി സംശയിക്കുന്നതായും മരണപ്പെടാനുണ്ടായ സാഹചര്യവും ശരീരത്തിലെ നീലനിറവും കൊലപാതക സാധ്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നും അഭിഭാഷകന്‍ വ്യക്തമാക്കി

Update: 2019-05-30 05:59 GMT

മുംബൈ: മുംബൈയിലെ മെഡിക്കല്‍ പിജി വിദ്യാര്‍ഥിനി പായല്‍ തഡ്‌വിയുടേത് ആത്മഹത്യയല്ല മറിച്ച് കൊലപാതകമെന്ന് ഗുരുതര ആരോപണവുമായി അഭിഭാഷകന്‍. പായലിന്റെ മൃതദേഹം മറ്റെവിടെയോ കൊണ്ടുപോയതിനുശേഷമാണ് പ്രതികള്‍ ആശുപത്രിയിലെത്തിച്ചതെന്നും അതിനാല്‍ അട്ടിമറിയുണ്ടെന്ന് സംശയിക്കുന്നതായും പായലിന്റെ കുടുംബത്തിനുവേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ നിതിന്‍ സല്യൂട്ട് കോടതി മുമ്പാകെ ബോധിപ്പിച്ചു.

പ്രതികള്‍ പായലിന്റെ മൃതദേഹം മറ്റെവിടേക്കോ കൊണ്ടുപോയി തെളിവ് നശിപ്പിച്ചതിനു ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ അട്ടിമറി സംശയിക്കുന്നതായും മരണപ്പെടാനുണ്ടായ സാഹചര്യവും ശരീരത്തിലെ നീലനിറവും കൊലപാതക സാധ്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. അതിനാല്‍ ഇത് കൊലപാതകമായി കണക്കാക്കി പോലിസ് അന്വേഷണം നടത്തണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

എന്നാല്‍, പായലിന്റെ മൃതദേഹം കണ്ടെത്തിയ മുറി അകത്തുനിന്നും പൂട്ടിയിരുന്നെന്നും അതിനാല്‍ ഈ ആരോപണത്തില്‍ കഴമ്പില്ലെന്നുമാണ് പ്രതിഭാഗം അഭിഭാഷകന്റെ വാദം.പായലിന്റെ കഴുത്തില്‍ കുരുക്കിന്റെ പാടുണ്ടെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.പായലിന്റെ മരണവുമായി ബന്ധപ്പെട്ട് സീനിയര്‍ ഡോക്ടര്‍മാരായ ഡോ. ഹേമ അഹുജ, ഡോ. അങ്കിത ഖാണ്ടേവാല്‍, ഡോ.ഭക്തി മെഹറെ എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

മൂന്ന് ഡോക്ടര്‍മാര്‍ അറസ്റ്റിലാണ്. ജാതിയധിക്ഷേപവും നിരന്തര ചൂഷണവുമാണ് രണ്ടാം വര്‍ഷ ഗൈനക്കോളജി വിഭാഗം വിദ്യാര്‍ത്ഥിനിയായ തഡ്‌വിയെ മരണത്തിലേക്ക് തള്ളിവിട്ടതെന്നാണ് പോലിസ് പറയുന്നത്.

പട്ടിക ജാതി, പട്ടിക വര്‍ഗ(അക്രമം തടയല്‍) നിയമം, ആത്മഹത്യാ പ്രേരണ, മഹാരാഷ്ട്ര റാഗിങ് നിരോധന നിയമം, 1999 തുടങ്ങിയ വകുപ്പുകളിലാണ് ഇവരെ അറസ്റ്റു ചെയ്തത്.

സീനിയര്‍ ഡോക്ടര്‍മാര്‍ നിരന്തരം ജാതിയധിക്ഷേപം നടത്തിയതിനെത്തുടര്‍ന്നാണു തന്റെ മകള്‍ ആത്മഹത്യ ചെയ്തതെന്ന് തഡ്‌വിയുടെ അമ്മ ആബിദ സല്‍മാന്‍ നേരത്തെ ആരോപിച്ചിരുന്നു.

മകള്‍ മരിക്കുന്നതിനു മുന്‍പുതന്നെ അവര്‍ പ്രതികള്‍ക്കെതിരേ ആശുപത്രി അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും അധികൃതര്‍ നടപടി സ്വീകരിച്ചില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. തദ് വിയുടെ കിടക്കവിരിയിലാണ് അറസ്റ്റിലായ മൂന്നു പേര്‍ കാലുകള്‍ തുടച്ചിരുന്നതെന്നതടക്കമുള്ള ഗുരുതര ആരോപണമുയര്‍ന്നിരുന്നു.

മെയ് 22നാണ് ബിവൈഎല്‍ നായര്‍ ആശുപത്രിയിലെ ഹോസ്റ്റലില്‍ ആദിവാസി വിഭാഗത്തില്‍ പെടുന്ന പായലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.


Tags: