മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. ഡി ബാബു പോള്‍ അന്തരിച്ചു

ശനിയാഴ്ച രാവിലെ 1.15ഓടെ തിരുവനന്തപുരത്താണ് അന്ത്യം

Update: 2019-04-12 19:57 GMT

തിരുവനന്തപുരം: മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയും കിഫ്ബി ഭരണസമിതി അംഗവുമായ ഡോ. ഡി ബാബു പോള്‍ ഐഎഎസ്(78) അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 1.15ഓടെ തിരുവനന്തപുരത്താണ് അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നവകേരള നിര്‍മാണ പദ്ധതികളുടെ ഉപദേശകനായും അദ്ദേഹം പ്രവര്‍ത്തിച്ചു വരികയായിരുന്നു.യാക്കോബായ സഭയുടെ കോര്‍ എപ്പിസ്‌കോപ്പയായിരുന്ന ഫാദര്‍ പൗലോസ് ചീരോത്തോട്ടത്തിന്റെയും അധ്യാപികയായിരുന്ന മേരി പോളിന്റെയും മകനായി 1941 മെയ് 29ന് പെരുമ്പാവൂരിലാണ് ജനനം.പിതാവ് പ്രഥമാധ്യാപകായ കുറുപ്പംപടി എംജിഎം ഹൈസ്‌കൂളില്‍നിന്ന് എസ്എസ്എല്‍സിക്ക് സംസ്ഥാനത്ത് മൂന്നാംറാങ്ക് നേടിയിരുന്നു. ആലുവ യൂനിയന്‍ ക്രിസ്ത്യന്‍ കോളജിലും തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനിയറീങിലും തുടര്‍പഠനം. പ്രതിരോധശാസ്ത്രത്തിലും വേദശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം നേടിയ ഇദ്ദേഹം 1962ല്‍ സര്‍ക്കാരില്‍ ജൂനിയര്‍ എന്‍ജിനീയറായി. 1964 ല്‍ എഴാം റാങ്കോടെയാണ് ഐഎഎസ് നേടിയത്. അഡീഷഷല്‍ ചീഫ് സെക്രട്ടറിയായിരിക്കെ സ്വയംവിരമിച്ച് തദ്ദേശഭരണ ഓംബുഡ്‌സമാനാവുകയായിരുന്നു. 2001ല്‍ എ കെ ആന്റണി മന്ത്രിസഭ ഓംബുഡ്‌സ്മാനെ പിരിച്ചുവിട്ടതോടെയാണ് ഔദ്യോഗിക സേവനത്തിനു വിരാമമായത്.

    ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ പ്രൊജക്റ്റ് കോ-ഓഡിനേറ്ററും സ്‌പെഷ്യല്‍ കലക്ടറുമായി 1971 സപ്തംബര്‍ എട്ടുമുതല്‍ പ്രവര്‍ത്തിച്ചു. ഇടുക്കി ജില്ല നിലവില്‍ വന്ന 1972 ജനുവരി 26 മുതല്‍ 1975 ആഗസ്ത് 19 വരെ ഇടുക്കി ജില്ലാ കലക്ടറായിരുന്നു. അഡീഷനല്‍ ചീഫ് സെക്രട്ടറി, തദ്ദേശ സ്വയംഭരണ ഓംബുഡ്‌സ്മാന്‍ അംഗം, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍, കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ തുടങ്ങിയ പദവികള്‍ അലങ്കരിച്ചിട്ടുണ്ട്. 30ഓളം പുസ്തകങ്ങള്‍ എഴുതിയ അദ്ദേഹം വിവിധ പത്രങ്ങളിലും ആനുകാലികങ്ങളിലും കോളമെഴുതുകയും ചെയ്തിരുന്നു. എഴുത്തുകാരന്‍, ചിന്തകന്‍, പ്രഭാഷകന്‍ എന്ന നിലയിലും ബാബു പോള്‍ പ്രശസ്തനാണ്. ഇദ്ദേഹം തയ്യാറാക്കിയ വേദശബ്ദരത്‌നാകരം എന്ന ബൈബിള്‍ വിജ്ഞാനകോശം 2000ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടുകയുണ്ടായി. ഭാര്യ: പരേതയായ നിര്‍മലാ പോള്‍. മക്കള്‍: ചെറിയാന്‍ സി പോള്‍(ബംഗളുരു), മറിയം സി പോള്‍. മരുമക്കള്‍: സതീഷ്(ബിസിനസ്, എറണാകുളം), ദീപ. സഹോദരന്‍: കെ റോയി പോള്‍(മുന്‍ വ്യോമയാന സെക്രട്ടറി, എയര്‍ഇന്ത്യ മുന്‍ ചെയര്‍മാന്‍).



Tags:    

Similar News