'ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കരുത്'; ഇഡിയോട് സുപ്രിംകോടതി

Update: 2023-05-17 07:24 GMT

ന്യൂഡല്‍ഹി: അന്വേഷണത്തിന്റെ മറവില്‍ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കരുതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് സുപ്രീം കോടതി, മദ്യവില്‍പ്പന ക്രമക്കേടില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ കുടുക്കണമെന്ന് ഇഡി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന ഛത്തീസ്ഗഡ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് സുപ്രിംകോടതിയുടെ പരാമര്‍ശം. ഹരജികളില്‍ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് ഛത്തീസ്ഗഡ് സര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ എസ് കെ കൗള്‍, എ അമാനുല്ല എന്നിവരുടെ ബെഞ്ചിന്റെ പരാമര്‍ശം.

    എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തങ്ങളെയും കുടുംബാംഗങ്ങളെയും അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും മുഖ്യമന്ത്രിയെ പ്രതിയാക്കാന്‍ ശ്രമിക്കുകയും ചെയ്തതായി നിരവധി സംസ്ഥാന എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ ആരോപിച്ചതായി ഛത്തീസ്ഗഡ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഇഡിയുടെ അഴിഞ്ഞാട്ടമാണെന്നും എക്‌സൈസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയാണെന്നും ഛത്തീസ്ഗഡ് സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ സുപ്രിം കോടതിയെ അറിയിച്ചു. നിരവധി സംസ്ഥാന എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥരാണ് ഭീഷണിപ്പെടുത്തുന്നുവെന്ന ആരോപണനുമായി രംഗത്തുവന്നത്. ഇത് ഞെട്ടിക്കുന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. ഭയപ്പെടുത്തുന്ന പെരുമാറ്റം കാരണം ഒരു യഥാര്‍ത്ഥ കാരണം സംശയിക്കപ്പെടുമെന്നും സുപ്രിംകോടതി അഭിപ്രായപ്പെട്ടു. എന്നാല്‍, ഇഡിയെ പ്രതിനിധീകരിച്ച് ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു ആരോപണങ്ങള്‍ നിഷേധിച്ചു. മദ്യ ക്രമക്കേടിനെക്കുറിച്ചാണ് അന്വേഷണ ഏജന്‍സി അന്വേഷണം നടത്തുന്നതെന്നായിരുന്നും അദ്ദേഹത്തിന്റെ വാദം. കേസില്‍ ഇഡി അന്വേഷണത്തെ ചോദ്യം ചെയ്ത് ചിലര്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ കക്ഷി ചേരാന്‍ അനുമതി തേടി ഛത്തീസ്ഗഢ് സര്‍ക്കാര്‍ അപേക്ഷ സമര്‍പ്പിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ ചില വ്യവസ്ഥകളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്തും ബിജെപി ഇതര സംസ്ഥാന സര്‍ക്കാരപകള്‍ക്കെതിരേ അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗം സംബന്ധിച്ചും ഛത്തീസ്ഗഡ് സര്‍ക്കാര്‍ കഴിഞ്ഞ മാസം സുപ്രിം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

Tags:    

Similar News