'ഞങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്'; കേന്ദ്രത്തിന് മുന്നറിയിപ്പുമായി കര്‍ഷക സംഘടനകള്‍

Update: 2021-05-20 05:15 GMT

ന്യൂഡല്‍ഹി: കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്തിന്റെ അതിര്‍ത്തിയില്‍ ആറുമാസത്തോളമായി പ്രക്ഷോഭം തുടരുന്ന കര്‍ഷക സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിനു വീണ്ടും മുന്നറിയിപ്പുമായി രംഗത്ത്. ഞങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്നും ചര്‍ച്ചയ്ക്കു തുടക്കമിടുകയും ആവശ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്യണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച (എസ്‌കെഎം) കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. തമ്പടിച്ചിരിക്കുന്ന കര്‍ഷകര്‍ക്കു മേല്‍ ദുരിതം വര്‍ധിപ്പിച്ച് ദേശീയ തലസ്ഥാനത്ത് മഴ കൂടി പെയ്യുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നും മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ ഗ്യാരണ്ടി നല്‍കണമെന്നും ആവശ്യപ്പെട്ട് ആയിരക്കണക്കിന് കര്‍ഷകരാണ് പഞ്ചാബ്, ഹരിയാന, പശ്ചിമ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് ഡല്‍ഹി അതിര്‍ത്തി സ്ഥലങ്ങളായ സിങ്കു, തിക്രി, ഗാസിപൂര്‍ എന്നിവിടങ്ങളില്‍ തമ്പടിക്കുന്നത്.

    കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 470ലേറെ കര്‍ഷകര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. നിരവധി പ്രക്ഷോഭകര്‍ക്ക് അവരുടെ ജോലി, വിദ്യാഭ്യാസം തുടങ്ങിയവ ഉപേക്ഷിക്കേണ്ടിവന്നു. എന്നിട്ടും കേന്ദ്രസര്‍ക്കാരിന്റെ മനോഭാവത്തില്‍ യാതൊരു മാറ്റവുമുണ്ടായിട്ടില്ല. സര്‍ക്കാര്‍ കര്‍ഷകരെ പരിഗണിക്കുകയും അവരുടെ ക്ഷേമം ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കില്‍ ചര്‍ച്ച തുടങ്ങുകയും ആവശ്യങ്ങള്‍ അംഗീകരിക്കുകയുംചെയ്യണമെന്നും സംഘടനകള്‍ താക്കീത് നല്‍കി.

    പ്രതിഷേധിക്കുന്ന യൂനിയനുകളും സര്‍ക്കാരും തമ്മില്‍ ഇതുവരെ 11 തവണ ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെങ്കിലും ഇരുപക്ഷവും തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍ പ്രതിസന്ധി തുടരുകയാണ്. വിവാദ കാര്‍ഷിക നിയമങ്ങള്‍ 12-18 മാസത്തേക്ക് നിര്‍ത്തിവയ്ക്കാമെന്ന് ജനുവരിയില്‍ സര്‍ക്കാര്‍ അറിയിച്ചെങ്കിലും കര്‍ഷക സംഘടനകള്‍ ഇത് നിരസിക്കുകയായിരുന്നു. കൂടുതല്‍ ഉത്തരവുകള്‍ ഉണ്ടാകുന്നതുവരെ നിയമങ്ങള്‍ നടപ്പാക്കുന്നത് സുപ്രിം കോടതി സ്റ്റേ ചെയ്യുകയും പ്രതിസന്ധി പരിഹരിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. ഉല്‍പ്പാദനത്തിന്റെയോ കയറ്റുമതിയുടെയോ വര്‍ധനവിന്റെ പേരില്‍ ക്രെഡിറ്റെടുക്കുന്ന സര്‍ക്കാര്‍ നഷ്ടങ്ങളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പ്രക്ഷോഭം നടത്തുന്ന കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ എസ്‌കെഎം പറഞ്ഞു. ബുധനാഴ്ച ഡല്‍ഹിയില്‍ മഴയോടൊപ്പം ടൗട്ടേ ചുഴലിക്കാറ്റ് കൂടിയായപ്പോള്‍ പ്രക്ഷോഭ വേദികളില്‍ തടസ്സങ്ങളുണ്ടായിട്ടുണ്ട്. 'മഴയെത്തുടര്‍ന്ന് ഭക്ഷണവും താമസവും സംബന്ധിച്ച് പ്രതിസന്ധിയുണ്ടായി. റോഡുകളും പ്രതിഷേധ സ്ഥലങ്ങളുടെ പല ഭാഗങ്ങളും മഴവെള്ളം കൊണ്ട് നിറഞ്ഞതായും യൂനിയന്‍ പറഞ്ഞു.

Tags: