നിര്‍ഭയ കേസില്‍ പ്രതികള്‍ക്ക് മരണ വാറണ്ട്; വധശിക്ഷ ഈ മാസം 22ന് നടപ്പാക്കും

അക്ഷയ് സിങ്, പവന്‍ ഗുപ്ത, വിനയ് സിങ്, മുകേഷ് സിങ് എന്നിവരെയാണ് തൂക്കിലേറ്റുക. രാവിലെ ഏഴുമണിയോടെയാണ് വധശിക്ഷ നടപ്പാക്കുക.

Update: 2020-01-07 11:47 GMT

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ നാല് പ്രതികള്‍ക്കും മരണ വാറണ്ട്. വധശിക്ഷ ഈ മാസം 22ന് നടപ്പാക്കും. അക്ഷയ് സിങ്, പവന്‍ ഗുപ്ത, വിനയ് സിങ്, മുകേഷ് സിങ് എന്നിവരെയാണ് തൂക്കിലേറ്റുക. രാവിലെ ഏഴുമണിയോടെയാണ് വധശിക്ഷ നടപ്പാക്കുക. പട്യാല കോടതിയാണ് മരണ വാറണ്ട് പുറപ്പെടുവിച്ചത്.

മൂന്നുമണിക്കൂറോളം നീണ്ട കോടതി നടപടികള്‍ക്കൊടുവിലാണ് കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചത്. പ്രതികള്‍ക്ക് ദയാഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും നല്‍കാന്‍ സമയം നല്‍കണമെന്ന് പ്രതിഭാഗം അഭിഭാഷകര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് ജഡ്ജി പ്രതികളുമായി വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിച്ചു. ഇരയുടെ മാതാപിതാക്കള്‍, അഭിഭാഷകര്‍, പോലിസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ മാത്രമാണ് ആ സമയത്ത് കോടതിക്കുള്ളില്‍ ഉണ്ടായിരുന്നത്.

വീഡിയോ കോണ്‍ഫറന്‍സില്‍ പ്രതികള്‍ തങ്ങള്‍ക്ക് ദയാഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും നല്‍കാന്‍ സമയം നല്‍കണമെന്ന് വീണ്ടും ആവശ്യപ്പെട്ടു. എന്നാല്‍, എന്തുകൊണ്ട് നിര്‍ദേശിച്ച സമയത്തിനുള്ളില്‍ അത് ചെയ്തില്ലെന്ന് ആരാഞ്ഞ കോടതി പ്രതികളുടെ ആവശ്യം തള്ളുകളായിരുന്നു. നിര്‍ഭയയുടെ അമ്മയുടെ ഹര്‍ജിയിലാണ് നിര്‍ണായക വിധി ഉണ്ടായത്. വിധിയില്‍ നിര്‍ഭയയുടെ അമ്മ സന്തോഷം പ്രകടിപ്പിച്ചു. രാജ്യത്തെ സ്ത്രീകള്‍ക്ക് നിയമത്തില്‍ വിശ്വാസം ഉറപ്പിക്കുന്ന വിധിയാണ് ഇതെന്ന് നിര്‍ഭയയുടെ അമ്മ പ്രതികരിച്ചു.

വധശിക്ഷക്കെതിരെ തിരുത്തല്‍ ഹര്‍ജി നല്‍കുമെന്ന് രണ്ട് പ്രതികള്‍ അറിയിച്ചതായി അമിക്കസ്‌ക്യൂറി ഇന്ന് കോടതിയെ അറിയിച്ചിരുന്നു. തിരുത്തല്‍ ഹര്‍ജി നല്‍കുന്നത് വാറണ്ട് പുറപ്പെടുവിക്കുന്നതിന് തടസ്സമല്ലെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്.

Tags: