ഡിസംബര്‍ 06: എസ് ഡിപിഐ ഫാഷിസ്റ്റ് വിരുദ്ധ ദിനമായി ആചരിക്കും

സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളില്‍ സായാഹ്ന സംഗമങ്ങള്‍ നടത്തും

Update: 2023-11-30 12:26 GMT

തിരുവനന്തപുരം: ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ വാര്‍ഷികദിനമായ ഡിസംബര്‍ ആറിന് 'ബാബരി: അനീതിയുടെ 31 വര്‍ഷങ്ങള്‍' എന്ന തലക്കെട്ടില്‍ ഫാഷിസ്റ്റ് വിരുദ്ധ ദിനമായി ആചരിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. ആറിന് സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളില്‍ സായാഹ്ന സംഗമങ്ങള്‍ സംഘടിപ്പിക്കും. ഗാന്ധി വധത്തിനു ശേഷം നടന്ന രണ്ടാമത്തെ ഭീകരാക്രമണമായിരുന്നു ബാബരി മസ്ജിദ് ധ്വംസനം. 1528 ല്‍ നിര്‍മിക്കപ്പെട്ട മസ്ജിദ് 1992 ഡിസംബര്‍ ആറിനാണ് ഫാഷിസ്റ്റ് അക്രമികള്‍ നിയമവിരുദ്ധമായി തല്ലിത്തകര്‍ത്തത്. രാജ്യത്തെ സാമ്പ്രദായിക മതേതര പാര്‍ട്ടികളുള്‍പ്പെടെ ഈ കൊടുംപാതകത്തില്‍ തുല്യ പങ്കാളിത്തമുണ്ട്. അതേസമയം, 2019 നവംബര്‍ ഒമ്പതിന് ബാബരിഭൂമി തര്‍ക്കത്തില്‍ അന്തിമ വിധിപറഞ്ഞ സുപ്രിംകോടതി ബാബരി മസ്ജിദ് നിലനില്‍ക്കുന്നിടത്ത് ക്ഷേത്രം തകര്‍ക്കപ്പെട്ടതിന് യാതൊരു തെളിവുകളുമില്ലെന്ന് ആവര്‍ത്തിച്ച് നിലപാട് സ്വീകരിച്ചതിനോടൊപ്പം ബാബരി മസ്ജിദ് ഭൂമി തര്‍ക്കമുന്നയിച്ചവര്‍ക്ക് വിട്ടുകൊടുക്കുന്നു എന്ന ഒരു മധ്യസ്ഥന്റെ റോളാണ് സ്വീകരിച്ചത്. തെളിവുകള്‍ വച്ച് വിധിപറയുകയെന്ന ഒരു ഉത്തരവാദിത്വം കോടതിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

    അനധികൃതമായി ബാബരി മസ്ജിദ് പിടിച്ചെടുത്ത ശേഷവും ഒട്ടനവധി പള്ളികള്‍ക്കെതിരേ വീണ്ടും സംഘപരിവാര്‍ അവകാശവാദം ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. 1669ല്‍ നിര്‍മിച്ച ഗ്യാന്‍ വ്യാപി മസ്ജിദും മറ്റൊരു ബാബരിയായി മാറുന്ന അവസ്ഥയിലാണ്. ബാബരി മസ്ജിദ് തകര്‍ക്കുന്ന വേളയില്‍ ഫാഷിസ്റ്റുകള്‍ മുക്കിയ മുദ്രാവാക്യം 'കാശി മധുര ബാക്കി ഹേ...' എന്നതായിരുന്നു എന്നത് നാം വിസ്മരിക്കരുത്. രാജ്യത്തെ ആരാധനാലയങ്ങളുടെ തദ്സ്ഥിതി സംബന്ധിച്ച സംരക്ഷണത്തിനു വേണ്ടി പാര്‍ലമെന്റ് പാസാക്കിയ 1991ലെ ആരാധനാസ്ഥല നിയമത്തെ അട്ടിമറിച്ചാണ് ഭരണകൂടത്തിന്റെ ഒത്താശയില്‍ അക്രമികള്‍ മസ്ജിദുകള്‍ക്കെതിരേ കൈയേറ്റം ആവര്‍ത്തിക്കുന്നത്. രാജ്യഭരണത്തിലേക്കുള്ള സംഘപരിവാരത്തിന്റെ ചവിട്ടുപടിയായിരുന്നു ബാബരി മസ്ജിദ് ധ്വംസനം. അധികാരം നിലനിര്‍ത്താനും സംഘര്‍ഷഭരിതമായ അന്തരീക്ഷം അനിവാര്യമായിരിക്കുകയാണ്. തലമുറകയ്ക്ക് ചരിത്രബോധം പകര്‍ന്നു നല്‍കുന്നതിനും ഫാഷിസത്തിനെതിരേ ജനകീയ ബോധം ഉയര്‍ത്തുന്നതിനും വേണ്ടിയാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്നും പി അബ്ദുല്‍ ഹമീദ് വ്യക്തമാക്കി.

Tags:    

Similar News