'വായു' ഭീതിയില്‍ ഗുജറാത്ത്, മൂന്നുലക്ഷം പേരെ ഒഴിപ്പിച്ചു; കേരളത്തില്‍ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരും

വ്യാഴാഴ്ച പുലര്‍ച്ചെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടും. പോര്‍ബന്തര്‍, വരാവല്‍, മഹുവ, ദിയു എന്നിവിടങ്ങളിലാണ് വീശിയടിക്കുക. ഇതെത്തുടര്‍ന്ന് ഗുജറാത്തിന്റെ തീരമേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. അടിയന്തരസാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ നാശം വിതയ്ക്കാന്‍ സാധ്യതയുള്ള ഗുജറാത്ത്, ദിയു മേഖലയില്‍നിന്ന് മൂന്നുലക്ഷം പേരെ അധികൃതര്‍ ഒഴിപ്പിച്ചു.

Update: 2019-06-12 04:28 GMT

ന്യൂഡല്‍ഹി: അറബിക്കടലില്‍ ലക്ഷദ്വീപിനു സമീപം രൂപം കൊണ്ട 'വായു' ചുഴലിക്കാറ്റ് ഗുജറാത്തില്‍ കനത്ത നാശംവിതയ്ക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച പുലര്‍ച്ചെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടും. പോര്‍ബന്തര്‍, വരാവല്‍, മഹുവ, ദിയു എന്നിവിടങ്ങളിലാണ് വീശിയടിക്കുക. ഇതെത്തുടര്‍ന്ന് ഗുജറാത്തിന്റെ തീരമേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. അടിയന്തരസാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ നാശം വിതയ്ക്കാന്‍ സാധ്യതയുള്ള ഗുജറാത്ത്, ദിയു മേഖലയില്‍നിന്ന് മൂന്നുലക്ഷം പേരെ അധികൃതര്‍ ഒഴിപ്പിച്ചു.

ഇന്ന് രാവിലെ മുതലാണ് ദുരിതാശ്വാസ ക്യാംപുകളിലേക്കും മറ്റ് സുരക്ഷിത സ്ഥാനങ്ങളിലേക്കും ആളുകളെ മാറ്റിത്തുടങ്ങിയത്. വിനോദസഞ്ചാരികളോട് തീരത്തുനിന്ന് മടങ്ങാന്‍ ഗുജറാത്ത് മുഖ്യമന്ത്രി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. കൂടാതെ കര നാവിക തീരസംരക്ഷണ സേനകളെ ഗുജറാത്ത് തീരത്ത് വിന്യസിച്ചു. വ്യോമസേനയുടെ സി-17 വിമാനം ജമുനാനഗര്‍ മേഖലയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ആകെ 700 സൈനികരെ വിവിധ മേഖലകളില്‍ വിന്യസിച്ചിരിക്കുകയാണ്. സൈന്യത്തിന് പുറമേ ദുരന്തനിവാരണ സേനയുടെ 20 യൂനിറ്റുകളെയും ഗുജറാത്തില്‍ വിന്യസിച്ചിട്ടുണ്ട്.

അടിയന്തര സാഹചര്യം നേരിടാന്‍ വൈദ്യസംഘത്തെയും സജ്ജമാക്കിയിട്ടുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുമായി സ്ഥിതിഗതികള്‍ പ്രധാനമന്ത്രി വിലയിരുത്തി. 60 ലക്ഷം ആളുകളെ വായു ചുഴലിക്കാറ്റ് ബാധിക്കുമെന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. കടല്‍ പ്രക്ഷുബ്ധമാവുമെന്നതിനാല്‍ മല്‍സ്യത്തൊഴിലാളികളോട് കടലില്‍ പോവരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കച്ച്, ദ്വാരക, പോര്‍ബന്ദര്‍, ജുനഗഢ്, ദിയു, ഗിര്‍ സോമനാഥ്, അമ്രേലി, ഭാവ്‌നഗര്‍ എന്നീ ജില്ലകളിലെ തീരമേഖലയില്‍ ശക്തമായ കടല്‍ക്ഷോഭമുണ്ടാവുമെന്നാണ് മുന്നറിയിപ്പ്.

ആഴക്കടല്‍ മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എത്രയും പെട്ടെന്ന് ഏറ്റവും അടുത്തുള്ള തീരത്തു തിരിച്ചെത്തണം. മുംബൈയിലും കനത്ത മഴയുണ്ടാവും. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കാറ്റിന്റെ സഞ്ചാരപാതയിലുള്ള കോളജുകളും സ്‌കൂളുകള്‍ക്കും അടച്ചിരിക്കുകയാണ്. മണിക്കൂറില്‍ 140 മുതല്‍ 165 കിലോമീറ്റര്‍ വരെ വേഗതയിലാവും ചുഴലിക്കാറ്റ് വീശുകയെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍. 'വായു' ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ കേരളമില്ലെങ്കിലും കേരളതീരത്ത് ശക്തമായ മഴയും കാറ്റുമുണ്ടാവാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. അതുകൊണ്ടുതന്നെ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരും.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്നും എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ വ്യാഴാഴ്ചയും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ വെള്ളിയാഴ്ചയും ഇടുക്കി, മലപ്പുറം ജില്ലകളില്‍ ശനിയാഴ്ചയും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 12 സെന്റീമീറ്റര്‍ വരെ മഴ തീരദേശ ജില്ലകളില്‍ പെയ്യാന്‍ സാധ്യതയുണ്ട്. മൂന്ന് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് നേരത്തെ പിന്‍വലിച്ചിരുന്നു. എങ്കിലും അപൂര്‍വം ഇടങ്ങളില്‍ 12 സെന്റീമീറ്ററിന് മുകളില്‍ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. അടുത്ത അഞ്ച് ദിവത്തേക്ക് സംസ്ഥാനമാകെ കനത്ത മഴയുണ്ടാവും. 

Tags:    

Similar News