ഭൂമി ഇടപാട് കുരുക്കില്‍ തൃശൂര്‍ നടത്തറയിലെ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണസംഘം

സിപിഎം നേതാവായ മുന്‍ പ്രസിഡന്റ് സംഘത്തിന് ഭൂമി മറിച്ചുവിറ്റത് 20 ഇരട്ടി വിലയ്ക്ക്

Update: 2022-08-09 07:44 GMT

തൃശൂര്‍: ഭൂമി ഇടപാട് കുരുക്കില്‍ തൃശൂര്‍ നടത്തറയിലെ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണസംഘം. സഹകരണസംഘങ്ങളെ ഉപയോഗിച്ച് നടത്തിവരുന്ന ക്രമക്കേടിന്റെ തുടര്‍ച്ചയാണ് തൃശൂര്‍ നടത്തറ കാര്‍ഷിക, കാര്‍ഷികേതര തൊഴിലാളി സഹകരണസംഘത്തിലേത്. സംഘം മുന്‍ പ്രസിഡന്റും മൂര്‍ക്കനിക്കര സ്വദേശിയും സിപിഎം ഒല്ലൂര്‍ ഏരിയാ കമ്മിറ്റിയംഗവുമായ ശ്രീകുമാറിനെതിരേയാണ് ഭൂമി ഇടപാട് ക്രമക്കേട് ആരോപണമുയര്‍ന്നിരിക്കുന്നത്.


 പ്രസിഡന്റായിരിക്കെ ശ്രീകുമാര്‍ സ്വന്തം പേരില്‍ നിസാര തുകയ്ക്ക് വാങ്ങിയ ഭൂമിയും കെട്ടിടയും സംഘത്തിന് മറിച്ചുവിറ്റത് 20 ഇരട്ടി വിലയ്ക്കാണ് എന്നതിന്റെ രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. ഇതിലൂടെ ലക്ഷങ്ങളുടെ ലാഭം ശ്രീകുമാര്‍ നേടിയെന്നാണ് വ്യക്തമായിരിക്കുന്നത്. 2013 ജൂണ്‍ 25ന് ശ്രീകുമാര്‍ മൂന്നര സെന്റ് സ്ഥലം വാങ്ങിയത് 2.2 ലക്ഷം രൂപയ്ക്കാണ്. ഇദ്ദേഹം പ്രസിഡന്റായിരുന്ന സഹകരണസംഘത്തിന് ഇതേ ഭൂമി മറിച്ചുവിറ്റത് 45.26 ലക്ഷം രൂപയ്ക്കാണ്.


 സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തില്‍ ഏരിയാ കമ്മിറ്റി അംഗം തന്നെ ഇത്രയും തുകയുടെ വെട്ടിപ്പ് നടത്തിയത് പുറത്തുവന്നതോടെ പാര്‍ട്ടി നേതൃത്വം വീണ്ടും വെട്ടിലായിരിക്കുകയാണ്. സിപിഎം മണ്ണുത്തി ഏരിയാ കമ്മിറ്റിയംഗവും, സിഐടിയു ജില്ലാ കമ്മിറ്റി അംഗവും കൂടിയാണ് മൂര്‍ക്കനിക്കര തലാപ്പിള്ളി വീട്ടില്‍ ശ്രീകുമാര്‍. പ്രസിഡന്റ് കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് അതായത് 2013 ജൂണ്‍ 25ന് ശ്രീകുമാറും തൃശൂര്‍ തൃക്കൂര്‍ സ്വദേശികളായ സുനിത, സനീഷ്, ഷിബു, മുകേഷ് എന്നിവരും തമ്മിലാണ് ഭൂമി ഇടപാട് നടന്നത്.


 ഈ നാലുപേരുടെയും ഉടമസ്ഥതയിലുള്ള സര്‍വേ നമ്പര്‍ 612 പ്രകാരമുള്ള മൂന്നര സെന്റ് സ്ഥലവും കടമുറികളും ശ്രീകുമാറിന് ആധാരം ചെയ്തുനല്‍കി. പറമ്പിന് 1.16 ലക്ഷവും കടമുറികള്‍ക്ക് 1.1 ലക്ഷവും ചേര്‍ത്ത് ആകെ 2.20 ലക്ഷം രൂപ. 2014ല്‍ കാര്‍ഷിക കാര്‍ഷികേതര തൊഴിലാളി സഹകരണസംഘത്തിന്റെ അധ്യക്ഷ സ്ഥാനത്തു നിന്ന് മാറി ശ്രീകുമാര്‍ മൂര്‍ക്കനിക്കര സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.


 2015 ഫെബ്രുവരി ഏഴിന് താന്‍ നേരത്തെ പ്രസിഡന്റായിരുന്ന കാര്‍ഷിക കാര്‍ഷികേതര തൊഴിലാളി സഹകരണസംഘത്തിന് 2.20 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഭൂമിയും കെട്ടിടവും ശ്രീകുമാര്‍ മറിച്ചുവിറ്റു. സഹകരണസംഘത്തില്‍ നിന്ന് വസൂലാക്കിയ തുക 45,26,189 രൂപ.


 അതായത് വാങ്ങിയതിന്റെ ഇരുപതിരട്ടി തുകയ്ക്കാണ് ഭൂമി മറിച്ചുവിറ്റത്. ഇതുവഴി ശ്രീകുമാറിന് ലാഭം കിട്ടിയത് 43 ലക്ഷത്തിലേറെ രൂപയാണ്. സഹകരണസംഘത്തെ ഉപയോഗിച്ച് സിപിഎം നേതാക്കള്‍ നടത്തിവരുന്ന തീവെട്ടിക്കൊള്ളയുടെ മറ്റൊരു പതിപ്പാണ് ഇപ്പോള്‍ തൃശൂര്‍ നടത്തറയിലും നടന്നിരിക്കുന്നത്.

Tags:    

Similar News