തീവ്ര വ്യാപനശേഷിയുള്ള കൊവിഡ് എക്‌സ് ഇ വകഭേദം ഗുജറാത്തില്‍ കണ്ടെത്തിയതായി റിപോര്‍ട്ട്

യുകെയിലാണ് പുതിയ എക്‌സ് ഇ വകഭേദം ആദ്യമായി കണ്ടെത്തിയത്. ഇതുവരെയുള്ള ഏതു വകഭേദത്തേക്കാള്‍ വ്യാപന ശേഷിയുള്ളതാണ് ഇതെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.

Update: 2022-04-09 05:38 GMT

ന്യൂഡല്‍ഹി: തീവ്ര വ്യാപനശേഷിയുള്ള കൊവിഡ് വകഭേദമായ എക്‌സ് ഇ ഗുജറാത്തില്‍ ഒരാള്‍ക്ക് ബാധിച്ചതായി റിപോര്‍ട്ട്. സംസ്ഥാനത്ത് എക്‌സ്- എം വകഭേദത്തിന്റെ ഒരു കേസും കണ്ടെത്തിയിട്ടുണ്ട്. രോഗം ബാധിച്ചവര്‍ പ്രത്യേക നിരീക്ഷണത്തില്‍ തുടരുകയാണ്. ഇവരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ടിട്ടില്ല. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡി ടിവിയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. ഈ ആഴ്ച ആദ്യം വിദേശ യാത്രാ ചരിത്രമുള്ള ഒരു രോഗിക്ക് എക്‌സ് ഇ (XE) വകഭേദം ബാധിച്ചതായി റിപോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍, ആരോഗ്യമന്ത്രാലയം ഇത് തള്ളിക്കളഞ്ഞു.

മുംബൈയില്‍ കൊവിഡ് വൈറസിന്റെ എക്‌സ് ഇ വകഭേദം കണ്ടെത്തിയതായ റിപോര്‍ട്ടുകളാണ് ആരോഗ്യമന്ത്രാലയം നിഷേധിച്ചത്. വകഭേദത്തിന്റെ ജീനോമിക് ഘടന എക്‌സ് ഇ യുടെ ജീനോമിക് ചിത്രവുമായി ബന്ധമില്ലെന്ന് അനുമാനിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിലെ തെളിവുകള്‍ പുതിയ വകഭേദത്തിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നില്ലെന്നായിരുന്നു മന്ത്രാലയത്തിന്റെ വിശദീകരണം. യുകെയിലാണ് പുതിയ എക്‌സ് ഇ വകഭേദം ആദ്യമായി കണ്ടെത്തിയത്. ഇതുവരെയുള്ള ഏതു വകഭേദത്തേക്കാള്‍ വ്യാപന ശേഷിയുള്ളതാണ് ഇതെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.

അതേസമയം, മറ്റൊരു കൊവിഡ് തരംഗത്തിനു കാരണമാവുന്ന തരത്തില്‍ വകഭേദം ശക്തമാണോയെന്ന് വ്യക്തമല്ലെന്ന് ഇന്ത്യയിലെ വൈറോളജിസ്റ്റുകള്‍ പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒമിക്രോണിന്റെ ഉപവിഭാഗങ്ങളെ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതുവരെ വ്യാപനത്തില്‍ അസാധാരണ കുതിപ്പൊന്നും കണ്ടിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. എന്തായാലും നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ (എന്‍സിഡിസി) പൊതുജനാരോഗ്യ വിദഗ്ധര്‍ പുതിയ വകഭേദങ്ങള്‍ വിശകലനം ചെയ്യുന്നുണ്ട്.

പൊതുജനാരോഗ്യ ആഘാതം സംബന്ധിച്ച് അന്തിമനിഗമനത്തിലെത്തുന്നതിന് മുമ്പ് വിവിധ വകഭേദങ്ങള്‍ സംബന്ധിച്ച് വിദഗ്ധര്‍ കണ്ടെത്തലുകള്‍ പഠിക്കേണ്ടതുണ്ട്. ഒമിക്രോണ്‍ BA.1, BA.2 ഉപവിഭാഗങ്ങളുടെ പുനസ്സംയോജനമാണ് XE വകഭേദം. യുകെയില്‍ കഴിഞ്ഞ ജനുവരി 19നാണ് വകഭേദം ആദ്യമായി കണ്ടെത്തിയത്. ഒമിക്രോണ്‍ BA.2 നെ അപേക്ഷിച്ച് 10 ശതമാനം വര്‍ധിച്ച വ്യാപനശേഷി ഇതിനുണ്ടെന്നാണ് നിഗമനം. എന്നിരുന്നാലും ഈ കണ്ടെത്തലിന് കൂടുതല്‍ സ്ഥിരീകരണം ആവശ്യമാണ്- ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News