സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കൂടി കൊവിഡ്; ആകെ 1004

സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച പ്രവര്‍ത്തനങ്ങളോട് രാഷ്ട്രീയനേതാക്കള്‍ മതിപ്പ് പ്രകടിപ്പിച്ചതായും പുതിയ നിരവധി നിര്‍ദേശങ്ങള്‍ നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു

Update: 2020-05-27 12:13 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 10 പേര്‍ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കാസര്‍കോട്-10, പാലക്കാട് -8, ആലപ്പുഴ-7, കൊല്ലം-4, പത്തനംതിട്ട-3, വയനാട്-3, കോഴിക്കോട്-2, എറണാകുളം-2, കണ്ണൂര്‍-1 എന്നിങ്ങനെയാണ് സ്ഥിരീകരിച്ചവരുടെ കണക്കുകള്‍. മൂന്നുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നു. ഇതുവരെ 1004 പേര്‍ക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു.

   പോസിറ്റീവ് ആയവരില്‍ 16 പേര്‍ മഹാരാഷ്ട്രയില്‍ നിന്നെത്തിയവരാണ്. തമിഴ്‌നാട്-5, തെലങ്കാന-1, ഡല്‍ഹി-3, ആന്ധ്ര, കര്‍ണാടക, ഉത്തര്‍പ്രദേശ്-ഒരോരുത്തര്‍ വീതം, വിദേശത്തുനിന്ന് 9, സമ്പര്‍ക്കത്തിലൂടെ മൂന്നുപേര്‍ എന്നിങ്ങനെയാണ് രോഗം പുതുതായി സ്ഥിരീകരിച്ചത്. പോസറ്റീവ് ആയവരില്‍ 16 പേര്‍ മഹാരാഷ്ട്രയില്‍ നിന്നെത്തിയവരാണ്. ഇതില്‍ 445 പേര്‍ ഇപ്പോള്‍ ചികില്‍സയിലാണ്. 10,07,832 പേരാണ് നിരീക്ഷണത്തില്‍. വീടുകളില്‍ 1,06,940 പേരുണ്ട്. 892 പേര്‍ ആശുപത്രികളിലാണ്. ഇന്ന് 229 പേരെ ആശുപത്രിയിലാക്കി. 58866 സാംപിള്‍ പരിശോധനയ്ക്കു അയച്ചു. 56,558 എണ്ണം രോഗമില്ലെന്ന് ഉറപ്പാക്കി. മുന്‍ഗണനാ വിഭാഗത്തില്‍പെട്ട 9095 സാംപിള്‍ ശേഖരിച്ചു. അതില്‍ 8541 പേര്‍ക്ക് രോഗമില്ലെന്ന് ഉറപ്പാക്കി. 81 ഹോട്ട്‌സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്. ഇന്ന് പുതുതായി 13 ഹോട്ട്‌സ്‌പോട്ടുകള്‍ വന്നു. പാലക്കാട്-10, തിരുവനന്തപുരം-3 എന്നിവയാണ് പുതുതായി വന്നത്.

    വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍നിന്നും പ്രവാസികള്‍ ധാരാളമായി വരാന്‍ തുടങ്ങിയതോടെ രോഗ പ്രതിരോധം പുതിയ ഘട്ടത്തിലേക്ക് കടന്നു. കേരളത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചു. ആശങ്കയുണ്ടാക്കുന്നതാണ് ഈ സാഹചര്യം. ഇത് ചര്‍ച്ച ചെയ്യാനായി ഇന്ന് എല്ലാ രാഷ്ട്രീയ കക്ഷികളുടെയും നേതാക്കളുമായി ചര്‍ച്ച നടത്തി. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു ചര്‍ച്ച. സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച പ്രവര്‍ത്തനങ്ങളോട് രാഷ്ട്രീയനേതാക്കള്‍ മതിപ്പ് പ്രകടിപ്പിച്ചതായും പുതിയ നിരവധി നിര്‍ദേശങ്ങള്‍ നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.

    വിദേശരാജ്യങ്ങളിലും മറ്റ് സംസ്ഥാനങ്ങലും നമ്മുടെ സഹോദരങ്ങള്‍ മരണപ്പെടുന്നത് വേദനാജനകമാണ്. കഴിഞ്ഞയാഴ്ച വിദേശ പ്രവാസികളുടെ മരണം 124 ആയിരുന്നു. ഇന്നലെ വരെ ലഭിക്കുന്ന കണക്ക് അത് 173 ആയി ഉയര്‍ന്നു. അവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. പ്രവാസികള്‍ തിരിച്ചെത്തുമ്പോള്‍ ക്വാറന്റൈന്‍ ചെലവ് സ്വയം വഹിക്കണമെന്ന തീരുമാനം തെറ്റിദ്ധാരണയ്ക്കിടയാക്കിയിട്ടുണ്ട്. പാവപ്പെട്ടവര്‍ക്ക് ഇതിലൂടെ ബുദ്ധിമുട്ടുണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


Tags: