കോണ്‍ഗ്രസ്സ് നേതാവ് ഡി കെ ശിവകുമാര്‍ അറസ്റ്റില്‍
2017 ഓഗസ്റ്റില്‍ ശിവകുമാറിന്റെയും ബന്ധുക്കളുടെയും കര്‍ണാടകത്തിലെ വീടുകളില്‍ പരിശോധന നടത്തിയ ആദായനികുതി വകുപ്പ് എട്ടുകോടിയിലധികം രൂപ പിടിച്ചെടുത്തിരുന്നു.
ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സ് നേതാവ് ഡി കെ ശിവകുമാര്‍ അറസ്റ്റിലായതായി സൂചന. കള്ളപ്പണ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായ ശിവകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളില്‍ നിന്ന് പരിരക്ഷ തേടിസമര്‍പ്പിച്ച ഹര്‍ജി കര്‍ണാടക ഹൈക്കേടതി തള്ളിയതോടെയാണ് ചോദ്യംചെയ്യലിന് ശിവകുമാര്‍ ഹാജരായത്. നാല് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. ശിവകുമാറിനെ ചോദ്യം ചെയ്ത എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ ഉത്തരങ്ങള്‍ തൃപ്തികരമല്ലെന്ന് പറഞ്ഞു. ഇതേ തുടര്‍ന്നായിരുന്നു അറസ്റ്റ്.
2017 ഓഗസ്റ്റില്‍ ശിവകുമാറിന്റെയും ബന്ധുക്കളുടെയും കര്‍ണാടകത്തിലെ വീടുകളില്‍ പരിശോധന നടത്തിയ ആദായനികുതി വകുപ്പ് എട്ടുകോടിയിലധികം രൂപ പിടിച്ചെടുത്തിരുന്നു. ഇതു സംബന്ധിച്ച് ആദായനികുതി വകുപ്പ് ബംഗളൂരു പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് കേസ് രജിസ്റ്റര്‍ ചെയ്തത്. ശിവകുമാറിന്റെ വ്യാപാര പങ്കാളിയെന്ന് കരുതുന്ന സച്ചിന്‍ നാരായണന്‍, ശര്‍മ്മ ട്രാവല്‍സ് ഉടമ സുനില്‍കുമാര്‍ ശര്‍മ്മ, ദില്ലി കര്‍ണാടക ഭവനിലെ രണ്ട് ഉദ്യോഗസ്ഥര്‍ എന്നിവരും അന്വേഷണ പരിധിയിലുണ്ട്.
