ബിജെപിയെ വെല്ലുവിളിച്ച് ഡല്‍ഹി നിയമസഭയില്‍ നാളെ വിശ്വാസവോട്ടെടുപ്പ്; ഓപറേഷന്‍ ലോട്ടസ് സമ്പൂര്‍ണപരാജയമെന്ന് കെജ്‌രിവാള്‍

Update: 2022-08-29 12:27 GMT

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പിന് നോട്ടിസ് നല്‍കി ആം ആദ്മി പാര്‍ട്ടി. ബിജെപിയുടെ ഓപറേഷന്‍ ലോട്ടസ് സമ്പൂര്‍ണ പാരജയമാണെന്ന് തെളിയിക്കുന്നതിന്റെ ഭാഗമായി എഎപി തന്നെയാണ് വിശ്വാസവോട്ടെടുപ്പ് ആവശ്യപ്പെട്ടത്. വോട്ടിങ് നാളെ നടക്കും.

വലിയ ബഹളത്തോടെയാണ് ഇന്ന് നിയമസഭ തുടങ്ങിയത്. വിവിധ വിഷയങ്ങള്‍ ഉന്നയിച്ച ബിജെപി അംഗങ്ങള്‍ സഭാ നടത്തിപ്പിന് തടസ്സം സൃഷ്ടിച്ചു. മദ്യനയത്തെക്കുറിച്ച് ചര്‍ച്ച വേണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. അതിനിടയില്‍ ബിജെപി അംഗങ്ങള്‍ നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി.

തന്റെ പാര്‍ട്ടിക്കാണ് ഭൂരിപക്ഷമെന്ന് തെളിയിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും തന്റെ പാര്‍ട്ടി എംഎല്‍എമാര്‍ സത്യസന്ധരാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി എഎപി എംഎല്‍എമാര്‍ക്ക് 20 കോടി രൂപവച്ച് വാഗ്ദാനം ചെയ്‌തെന്നും അദ്ദേഹം വീണ്ടും ആരോപിച്ചു.

ഇതുവരെ ബിജെപി വിവിധ സംസ്ഥാനങ്ങളിലായി 277 എംഎല്‍എമാരെ പണം കൊടുത്ത് കൈവശപ്പെടുത്തിയെന്ന് കെജ് രിവാള്‍ ആരോപിച്ചു. മഹാരാഷ്ട്ര, മധ്യപ്രദേശ്, ബീഹാര്‍, ഗോവ, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള എംഎല്‍എമാരും ഇതില്‍ ഉള്‍പ്പെടുന്നു.

15 ദിവസത്തിനുള്ള ജാര്‍ഖണ്ഡ് സര്‍ക്കാരിനെ വീഴ്ത്താനുള്ള ശ്രമം നടക്കുന്നതായും കെജ് രിവാള്‍ പറഞ്ഞു.

ബിജെപി ഞങ്ങളുടെ എംഎല്‍എാരെയും പണം കൊടുത്ത് വാങ്ങാന്‍ ശ്രമിച്ചു. ബിജെപി വിചാരിച്ചാല്‍ എഎപി എംഎല്‍എമാരെ വാങ്ങാന്‍ കഴിയില്ലെന്നാണ് നാളെ നടക്കുന്ന വിശ്വാസവോട്ടെടുപ്പ് തെളിയിക്കുന്നത്. ഡല്‍ഹി സര്‍ക്കാരിനെ വീഴ്ത്താനുള്ള ഓപറേഷന്‍ താമര പരാജയപ്പെട്ടു- അദ്ദേഹം പറഞ്ഞു.

കെജ്‌രിവാള്‍ പറഞ്ഞുനിര്‍ത്തി നിമിഷങ്ങള്‍ക്കകം ഒരു എഎപി എംഎല്‍എ നടുത്തളത്തില്‍ ചാടിക്കയറി ലഫ്റ്റ്‌നെന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന 1400 കോടിയുടെ അഴിമതിക്ക് നേതൃത്വം നല്‍കിയെന്ന് കുറ്റപ്പെടുത്തി.

ലഫ്റ്റ്‌നെന്‍ഡ് ഗവര്‍ണര്‍ക്കെതിരേയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി എഎപി എംഎല്‍എമാര്‍ രാത്രി നിയമസഭയില്‍ കഴിച്ചുകൂട്ടും. എഎപി വിടുകയാണെങ്കില്‍ തന്റെ പേരിലുള്ള കേസുകള്‍ പിന്‍വലിക്കാമെന്ന് ഉറപ്പുനല്‍കിയതായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചിരുന്നു.

70 അംഗ നിയമസഭയില്‍ 62സീറ്റുമായി എഎപിയാണ് മുന്നില്‍. ബിജെപിക്ക് 8സീറ്റാണ് ഉളളത്. 28 എംഎല്‍എമാര്‍ കൂടിയുണ്ടെങ്കിലേ ഭൂരിപക്ഷം ലഭിക്കൂ.

Tags: