ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളിലും ഓഫിസുകളിലും ഇഡി റെയ്ഡ്

Update: 2023-02-20 07:06 GMT

റായ്പൂര്‍: പ്ലീനറി സമ്മേളനം നടക്കാനിരിക്കെ ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളിലും ഓഫിസുകളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. കല്‍ക്കരി ഖനന അഴിമതിക്കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന. ഛത്തീസ്ഗഡ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ട്രഷറര്‍ രാംഗോപാല്‍ അഗര്‍വാള്‍, മുന്‍ വൈസ് പ്രസിഡന്റ്, കോണ്‍ഗ്രസ് ഭിലായില്‍ (ദുര്‍ഗ് ജില്ല) എംഎല്‍എ ദേവേന്ദ്ര യാദവ്, ഛത്തീസ്ഗഡ് സ്‌റ്റേറ്റ് ബില്‍ഡിങ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ സുശീല്‍ അടക്കമുള്ള പത്തോളം നേതാക്കളുടെ വീടുകളിലും ഓഫിസിലുമാണ് റെയ്ഡ് നടക്കുന്നത്. പതിനാല് ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ഇന്ന് രാവിലെ മുതല്‍ ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് അന്വേഷിക്കുന്ന ഇഡി സംഘമാണ് അന്വേഷണം നടത്തുന്നത്.

ട്രഷററുടെ വീട്ടിലടക്കം നടക്കുന്ന പരിശോധനയെ കോണ്‍ഗ്രസ് അപലപിച്ചു. പ്ലീനറി സമ്മേളനത്തിന് നാല് ദിവസം മുമ്പ് നടക്കുന്ന ഇഡി റെയ്ഡിനെ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ അപലപിച്ചു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള പരിശോധനകള്‍ കൊണ്ട് കോണ്‍ഗ്രസിന്റെ ആത്മവീര്യത്തെ തകര്‍ക്കാനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഭാരത് ജോഡോ യാത്രയുടെ വിജയവും അദാനിക്ക് പിന്നിലെ സത്യം വെളിപ്പെട്ടതും ബിജെപിയെ പരിഭ്രാന്തരാക്കി. ഇതില്‍ നിന്നെല്ലാം ശ്രദ്ധതിരിക്കാനുള്ള ബിജെപിയുടെ ശ്രമമാണ് റെയ്‌ഡെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി നടത്തുന്നത് തരം താഴ്ന്ന രാഷ്ട്രീയമാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും വിമര്‍ശിച്ചു.

കോണ്‍ഗ്രസിനെ തകര്‍ക്കാനാവില്ല. പ്രധാനമന്ത്രിക്കെതിരായ പോരാട്ടത്തിന് ഊര്‍ജം നല്‍കുന്നതാണ് കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള ഇത്തരം നീക്കങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ഇതേ കേസുമായി ബന്ധപ്പെട്ട് മുമ്പ് ഐഎഎസ് ഉദ്യോഗസ്ഥരുടെ വീടുകളിലടക്കം റെയ്ഡ് നടന്നിരുന്നു. ആ പരിശോധനയില്‍ സമീര്‍ വിഷ്‌ണോയ് എന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്നും കണക്കില്‍പ്പെടാത്ത 47 ലക്ഷം രൂപയും നാല് കിലോ സ്വര്‍ണവും കണ്ടെത്തിയിരുന്നു. ഫെബ്രുവരി 24 മുതല്‍ 26 വരെ സംസ്ഥാന തലസ്ഥാനമായ റായ്പൂരിലാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ത്രിദിന പ്ലീനറി സമ്മേളനം നടക്കുന്നത്.

Tags: