പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായി

125 പേര്‍ അനുകൂലിച്ചും 105 പേര്‍ എതിര്‍ത്തും വോട്ട് ചെയ്തു. ലോക്‌സഭയില്‍ ബില്ലിന് അനുകൂലമായി വോട്ട് ചെയ്ത ശിവസേന രാജ്യസഭയില്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു.

Update: 2019-12-11 15:18 GMT

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായി. 125 പേര്‍ അനുകൂലിച്ചും 105 പേര്‍ എതിര്‍ത്തും വോട്ട് ചെയ്തു. ലോക്‌സഭയില്‍ ബില്ലിന് അനുകൂലമായി വോട്ട് ചെയ്ത ശിവസേന രാജ്യസഭയില്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. രാത്രി എട്ടുമണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ഇരുസഭകളും പാസാക്കി ബില്ലില്‍ ഇനി രാഷ്ട്രപതി ഒപ്പ് വയ്ക്കുന്നതോടെ പൗരത്വ ഭേദഗതി ബില്‍ നിയമമായി മാറും.

ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം രാജ്യസഭ വോട്ടെടുപ്പിനിട്ട് തള്ളി. 124 അംഗങ്ങള്‍ സെലക്ട് കമ്മിറ്റിക്ക് വിടുന്നതിനെ എതിര്‍ത്ത് വോട്ടുചെയ്തു. 99 അംഗങ്ങള്‍ അനുകൂലിച്ചു. സിപിഎം എംപി കെകെ രാഗേഷാണ് ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രമേയം അവതരിപ്പിച്ചത്.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ 14 ഭേദഗതി നിര്‍ദേശങ്ങളും വോട്ടിനിട്ട് തള്ളി. 124 അംഗങ്ങള്‍ എതിര്‍ത്തും 98 അംഗങ്ങള്‍ അനുകൂലിച്ചും വോട്ട് ചെയ്തു. പൗരത്വ ബില്‍ ആരെയെങ്കിലും വേദനിപ്പിക്കുകയോ ഏതെങ്കിലും മതവിഭാഗത്തിന്റെ വികാരം വൃണപ്പെടുത്തുകയോ ചെയ്യില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയെ അറിയിച്ചു. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് അനീതി നേരിടേണ്ടി വരുമെന്ന ആശങ്ക ജനങ്ങള്‍ക്കുണ്ട്. എന്നാല്‍ അത് അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്നാണ് ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടുന്നത് സംബന്ധിച്ച വോട്ടെടുപ്പ് നടന്നത്.

സര്‍ക്കാര്‍ നടത്തി കൊണ്ടു പോകാന്‍ മാത്രമല്ല നരേന്ദ്ര മാദി അധികാരത്തിലെത്തിയതെന്നും രാജ്യത്ത് പല തിരുത്തലുകളും നടത്താന്‍ കൂടിയാണെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ. വിവാദങ്ങളെ പേടിച്ച് ശക്തമായ നടപടികളില്‍ നിന്നും ഞങ്ങള്‍ പിന്തിരിയില്ല. പൗരത്വ ഭേദഗതി ബില്‍ പാസായ ശേഷം അഭയാര്‍ത്ഥികളുടെ യഥാര്‍ത്ഥ എണ്ണം വ്യക്തമാകുമെന്നും അപ്പോള്‍ ലക്ഷക്കണക്കിനാളുകള്‍ പൗരത്വത്തിന് അപേക്ഷിക്കുമെന്നും അമിത് ഷാ പറഞ്ഞു.

പുതിയ നിയമപ്രകാരം പാക്കിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്നും 2014 ഡിസംബര്‍ 31 വരെ ഇന്ത്യയില്‍ അഭയം പ്രാപിച്ച ഹിന്ദു, ക്രിസ്ത്യന്‍, ജൈനര്‍, ബുദ്ധ, സിഖ്, പാഴ്‌സി ന്യൂനപക്ഷ മത വിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും. 

Tags:    

Similar News