മൂന്നര വയസ്സുകാരിയെ പട്ടിണിക്കിട്ടും മര്‍ദിച്ചും മുത്തശ്ശിയുടെ ക്രൂരത; ഇപ്പോള്‍ കുട്ടിയെ വേണ്ടെന്നും കുടുംബം

മലപ്പുറം കാളികാവിലെ വീട്ടില്‍ ഭക്ഷണം കിട്ടാതെയും പീഡനമേറ്റും അവശനിലയിലായ മൂന്നര വയസ്സുകാരി ഉള്‍പ്പടെ 4 കുട്ടികളെ ചൈല്‍ഡ് ലൈന്‍ ഇടപെട്ടാണ് മോചിപ്പിച്ചത്. വീട്ടില്‍നിന്ന് ഒരു പെണ്‍കുട്ടിയുടെ നിര്‍ത്താതെയുള്ള നിലവിളി കേട്ടതായി നാട്ടുകാര്‍ പറഞ്ഞതനുസരിച്ചാണ് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെത്തി പരിശോധന നടത്തിയത്. അതേസമയം, മര്‍ദനത്തിനിരയായ മൂന്നരവയസുകാരിയെ വേണ്ടെന്ന് കുടുംബം അറിയിച്ചു.

Update: 2019-04-09 08:34 GMT

മലപ്പുറം: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദനമേറ്റ് ഏഴുവയസ്സുകാരന്‍ കൊല്ലപ്പെട്ടതിന്റെ ഞെട്ടല്‍ മാറുംമുമ്പ് മലപ്പുറത്തും മൂന്നര വയസ്സുകാരിയോടും കണ്ണീച്ചോരയില്ലാത്ത ക്രൂരത. മലപ്പുറം കാളികാവിലെ വീട്ടില്‍ ഭക്ഷണം കിട്ടാതെയും പീഡനമേറ്റും അവശനിലയിലായ മൂന്നരവയസ്സുകാരി ഉള്‍പ്പടെ 4 കുട്ടികളെ ചൈല്‍ഡ് ലൈന്‍ ഇടപെട്ടാണ് മോചിപ്പിച്ചത്. വീട്ടില്‍നിന്ന് ഒരു പെണ്‍കുട്ടിയുടെ നിര്‍ത്താതെയുള്ള നിലവിളി കേട്ടതായി നാട്ടുകാര്‍ പറഞ്ഞതനുസരിച്ചാണ് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെത്തി പരിശോധന നടത്തിയത്.

അതേസമയം, മര്‍ദനത്തിനിരയായ മൂന്നരവയസ്സുകാരിയെ വേണ്ടെന്ന് കുടുംബം അറിയിച്ചു. കുട്ടിയെ കൊണ്ടുപൊയ്‌ക്കൊള്ളാന്‍ ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. സാമ്പത്തിക ബുദ്ധിമുട്ടാണ് കാരണമെന്നാണ് കുടുംബം വ്യക്തമാക്കിയത്. യുവതിയും അവരുടെ പ്രായമായ മാതാപിതാക്കളും മക്കളായ ഒമ്പതും നാലരയും വയസ്സുള്ള 2 ആണ്‍കുട്ടികളും രണ്ടും മൂന്നരയും വയസ്സുള്ള 2 പെണ്‍കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. ഇതില്‍ 9 വയസ്സുകാരന്‍ യുവതിയുടെ ആദ്യവിവാഹത്തിലെ കുട്ടിയാണ്. പതിവായി മര്‍ദനമേറ്റ് എഴുന്നേറ്റുനില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തുമ്പോള്‍ മൂന്നര വയസ്സുകാരി. വീട്ടിലെ ഇരുട്ടുമുറിയില്‍ തള്ളിയ കുട്ടിയെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചപ്പോഴാണ് ഒരു പെണ്‍കുട്ടി കൂടി വീട്ടിലുണ്ടെന്ന വിവരം പലരും അറിയുന്നത്.

ആണ്‍കുട്ടികളെ ഇടയ്ക്കു പുറത്തുകാണാറുണ്ടെങ്കിലും ഇളയ പെണ്‍കുട്ടിയെ കണ്ടിട്ടില്ലെന്ന് പരിസരവാസികള്‍ പറയുന്നു. സമീപത്തെ ആരാധനാലയത്തില്‍നിന്ന് സൗജന്യമായി നല്‍കുന്ന ഭക്ഷണം കഴിക്കാന്‍ യുവതിയും 3 മക്കളും എത്താറുണ്ട്. നാട്ടുകാരെ വീട്ടിലേക്ക് കയറ്റാറില്ല. യുവതിയുടെ മാതാവ് മൂന്നര വയസ്സുകാരിയെ ക്രൂരമായി മര്‍ദിക്കാറുണ്ടെന്നും ഭക്ഷണം നല്‍കാറില്ലെന്നും പുറത്തിറങ്ങാന്‍ അനുവദിക്കാറില്ലെന്നുമാണ് സഹോദരങ്ങളുടെ മൊഴി. കുട്ടി വീട്ടില്‍ താമസിച്ചാല്‍ കുടുംബത്തിന് നാശമാണെന്ന അന്ധവിശ്വാസത്തിന്റെ പേരിലാണ് കുട്ടിയെ മുത്തശ്ശി ഇരുട്ടുമുറിയില്‍ അടച്ചിട്ടതും ഭക്ഷണം നല്‍കാതെ മര്‍ദിച്ചതും. കുട്ടിയെ ഏറ്റെടുക്കാന്‍ വിമുഖത കാണിക്കുന്നതും ഇതിന്റെ പേരിലാണെന്നാണ് വിവരം.

അന്ധവിശ്വാസത്തെത്തുടര്‍ന്ന് കുട്ടികള്‍ക്ക് ചികില്‍സയും നിഷേധിച്ചു. ഇവരെ സ്‌കൂളിലോ അങ്കണവാടിയിലോ വിട്ടിരുന്നില്ല. ദിവസങ്ങളോളം പട്ടിണിയിലായതിനാല്‍ കുട്ടിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ബാധിച്ചിട്ടുണ്ടെന്നാണ് നിഗമനം. ശരീരമാസകലം മര്‍ദനമേറ്റതിന്റെ പാടുകളാണ്. മെലിഞ്ഞ് എല്ലുംതോലുമായ നിലയിലാണ് പെണ്‍കുട്ടി. പോഷകാഹാരക്കുറവിന്റെ ലക്ഷണങ്ങള്‍ പ്രകടമാണ്. വാരിയെല്ലുകള്‍ ഉന്തി കാലിന്റെ അസ്ഥി വളഞ്ഞ നിലയിലാണ്. രാത്രികാലങ്ങളില്‍ മൂന്നര വയസ്സുകാരിയെ മാത്രം കട്ടിലിനുതാഴെ വെറുംനിലത്താണ് കിടത്തുന്നത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കിയ മൂന്നരവയസുകാരിയെ ശിശുപരിചരണ കേന്ദ്രത്തിലേക്കും രണ്ടുകുട്ടികളെ സംരക്ഷണകേന്ദ്രത്തിലേക്കും മാറ്റി. രണ്ടു വയസ്സുകാരിയെ മാതാവിനൊപ്പം മറ്റൊരു മന്ദിരത്തിലേക്കു വിട്ടിരിക്കുകയാണ്.

Tags: