അഭിപ്രായ ഭിന്നത; മുഖ്യമന്ത്രിയെ തള്ളി നളിനി നെറ്റോ രാജിവച്ചു

രാജിവയ്ക്കുമെന്ന സൂചനയെ തുടര്‍ന്ന് തിരഞ്ഞടുപ്പ് കഴിയുന്നതുവരെ തദ്സ്ഥാനത്ത് തുടരാന്‍ നളിനി നെറ്റോയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് തള്ളിയാണ് സ്ഥാനമൊഴിഞ്ഞത്

Update: 2019-03-12 14:48 GMT

തിരുവനന്തപുരം: അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനം നളിനി നെറ്റോ രാജിവച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് രാജിക്കത്ത് കൈമാറിയത്. പഴ്‌സനല്‍ സ്റ്റാഫിലെ ചിലരുമായുള്ള ഭിന്നതയും പ്രധാനപ്പെട്ട ഫയലുകള്‍ കാണിക്കാത്തതും രാജിക്കു കാരണമായെന്നാണ് സൂചന. രാജിവയ്ക്കുമെന്ന സൂചനയെ തുടര്‍ന്ന് തിരഞ്ഞടുപ്പ് കഴിയുന്നതുവരെ തദ്സ്ഥാനത്ത് തുടരാന്‍ നളിനി നെറ്റോയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് തള്ളിയാണ് സ്ഥാനമൊഴിഞ്ഞത്. അതേസമയം, വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള മറുപടി. പൊളിറ്റിക്കല്‍ സെക്രട്ടിയും മുഖ്യമന്ത്രിയുടെ ഓഫിസിലെ മറ്റ് ചില ഉദ്യോഗസ്ഥരുമായി നേരത്തേ നളിനി നെറ്റോ ശീതസമരത്തിലായിരുന്നു. ഇതേത്തുടര്‍ന്ന് പ്രധാനപ്പെട്ട ഫയലുകള്‍ നളിനി നെറ്റോയ്ക്ക് നല്‍കിയിരുന്നില്ലെന്നു വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി രാജി സ്വീകരിച്ചോ എന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. നേരത്തേ ചീഫ് സെക്രട്ടറിയായി വിരമിച്ച നളിനി നെറ്റോയെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന പദവി പുതുതായി ഉണ്ടാക്കി നിയമിക്കുകയായിരുന്നു. സംസ്ഥാനത്തെ നാലാമത്തെ വനിതാ ചീഫ് സെക്രട്ടറിയാണു നളിനി നെറ്റോ. 1981 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ നളിനി കേരളത്തിലെ ആദ്യ വനിതാ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറായി ചരിത്രം കുറിച്ചിരുന്നു.



Tags:    

Similar News