മൂടുപടം വലിച്ചെറിഞ്ഞ് തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങൂ; ആര്‍എസ്എസിനെ വെല്ലുവിളിച്ച് ചന്ദ്രശേഖര്‍ ആസാദ്

Update: 2020-02-23 05:22 GMT

നാഗ്പൂര്‍: സംഘപരിവാരത്തിന്റെ മനുവാദി അജണ്ടയ്ക്ക് പൊതുജനപിന്തുണയുണ്ടോയെന്നറിയാന്‍ നേരിട്ട് തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങാന്‍ ആര്‍എസ്എസിനോട് ഭീം ആര്‍മി മേധാവി ചന്ദ്രശേഖര്‍ ആസാദിന്റെ വെല്ലുവിളി. നാഗ്പൂരിലെ ആര്‍എസ്എസ് കാര്യാലയത്തിനു സമീപത്തെ രേഷിംബേഗ് ഗ്രൗണ്ടില്‍ ഭീം ആര്‍മി പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവ ആര്‍എസ്എസ് അജണ്ടകളാണ്. അതിനാല്‍ ആര്‍എസ്എസ് മേധാവിയോട് ഞാനൊരു നിര്‍ദേശം വയ്ക്കുകയാണ്. നുണകളുടെ മൂടുപടം വലിച്ചെറിഞ്ഞ് ഗോദയിലേക്ക് വരൂ. ഇത് ജനാധിപത്യമാണ്. ബിജെപിയെന്ന മുഖപടം മാറ്റി, നിങ്ങളുടെ അജണ്ടയുമായി നേരിട്ട് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കൂ. ആളുകള്‍ നിങ്ങളോട് പറയും മനുസ്മൃതിയാണോ ഭരണഘടനയാണോ രാജ്യത്തിന് ആവശ്യമെന്ന് എന്നും ആസാദ് പറഞ്ഞു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രാദേശിക പോലിസ് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് ബോംബെ ഹൈക്കോടതിയിലെ നാഗ്പൂര്‍ ബെഞ്ചില്‍ നിന്ന് ഉപാധികളോട് അനുമതി വാങ്ങിയാണ് രേഷിംബേഗ് മൈതാനിയില്‍ ഭീം ആര്‍മി യോഗം ചേര്‍ന്നത്.

    രണ്ട് പ്രത്യയശാസ്ത്രങ്ങള്‍ എപ്പോഴും ഏറ്റുമുട്ടും. ഞങ്ങള്‍ ഭരണഘടനയില്‍ വിശ്വസിക്കുമ്പോള്‍ അവര്‍ മനുസ്മൃതിയില്‍ വിശ്വസിക്കുന്നു. ഈ രാജ്യം പ്രവര്‍ത്തിക്കുന്നത് ഭരണഘടനയില്‍ മാത്രമാണ്. അല്ലാതെ മറ്റേതെങ്കിലും പ്രത്യയശാസ്ത്രത്തിലല്ല. ആര്‍എസ്എസിന് നിരോധനം ഏര്‍പ്പെടുത്തിയാല്‍ മാത്രമേ ഈ മനുവാദം രാജ്യത്ത് അവസാനിക്കുകയുള്ളൂ-ആസാദ് പറഞ്ഞു. 'അവര്‍ ഭരണഘടനയെക്കുറിച്ച് സംസാരിക്കുന്നു, പക്ഷേ മനുസ്മൃതി അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നു,' അദ്ദേഹം ആരോപിച്ചു. ബാക്ക്‌ഡോര്‍ വഴി സംവരണ സംവിധാനം അവസാനിപ്പിക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുകയാണെന്നും ആസാദ് ആരോപിച്ചു.

    ഞങ്ങളുടെ ആളുകള്‍ക്ക് സര്‍ക്കാര്‍ പദവികളും തസ്തികകളും ലഭിക്കണം. ഒരു ദിവസം, ഞങ്ങളുടെ പ്രധാനമന്ത്രിയെയും മറ്റ് സംസ്ഥാനങ്ങളിലും സര്‍ക്കാരുകളുണ്ടാവും. അന്ന് ഞങ്ങള്‍ നിങ്ങള്‍ക്ക് സംവരണം നല്‍കും. സമൂഹത്തിലെ മറ്റ് വിഭാഗങ്ങള്‍ക്കും ഞങ്ങള്‍ സംവരണം നല്‍കും. ഞങ്ങള്‍ നല്‍കുന്നവരാവും. എടുക്കുന്നവരല്ല-ആസാദ് പറഞ്ഞു. സംവരണത്തെ പിന്‍വാതിതിലൂടെ തകര്‍ക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. സംവരണത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സംഘപരിവാറിനു ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ജനതാല്‍പര്യം പരിഗണിച്ച് സംസ്ഥാനത്ത് എന്‍പിആര്‍ അനുവദിക്കരുതെന്ന് ശിവസേന നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാരിനോട് ആസാദ് അഭ്യര്‍ഥിച്ചു. സാധാരണക്കാരുടെ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ കുറ്റവാളികളെ വെറുതെവിടില്ലെന്നും ആസാദ് പറഞ്ഞു.



Tags:    

Similar News