എന്‍പിആറിന് കേന്ദ്രമന്ത്രിസഭാ അംഗീകാരം: എന്‍പിആറും പൗരത്വ രജിസ്റ്ററും തമ്മില്‍ ബന്ധമില്ലെന്ന് മന്ത്രി

സെന്‍സസിന്റെ ഭാഗമായി ജനങ്ങള്‍ രേഖകളോ ബയോ മെട്രിക് വിവരങ്ങളോ നല്‍കേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി.

Update: 2019-12-24 11:09 GMT

ന്യൂഡല്‍ഹി: ദേശീയ ജനസംഖ്യ രജിസ്റ്ററിനും (എന്‍പിആര്‍) 2021 സെന്‍സസ് നടപടികള്‍ക്കും കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി. എന്‍പിആറും പൗരത്വ രജിസ്റ്ററും തമ്മില്‍ ബന്ധമില്ലെന്നും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും എന്‍പിആറും സെന്‍സസ് നടപടിയും അംഗീകരിച്ചതാണെന്നും കേന്ദ്രമന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചു കൊണ്ട് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

2020 മാര്‍ച്ച് മുതല്‍ സെപ്തംബര്‍ വരെയാണ് രാജ്യവ്യാപകമായി സെന്‍സസ്-എന്‍പിആര്‍ കണക്കെടുപ്പ് നടക്കുക. 2021ലാവും സെന്‍സസ് അന്തിമപ്പട്ടിക പുറത്തു വിടുക. സെന്‍സസ് നടപടികള്‍ക്കായി 8754 കോടി രൂപയും എന്‍പിആറിനായി 3941 കോടി രൂപയും കേന്ദ്രമന്ത്രിസഭായോഗം വകയിരുത്തി.

ദേശീയ ജനസംഖ്യ രജിസ്റ്ററിനും സെന്‍സസിനുമായി മൊബൈല്‍ ആപ്പ് പുറത്തിറക്കും. സെന്‍സസിന്റെ ഭാഗമായി ജനങ്ങള്‍ രേഖകളോ ബയോ മെട്രിക് വിവരങ്ങളോ നല്‍കേണ്ടതില്ലെന്ന് പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി.

വിവിധ സേനാവിഭാഗങ്ങളുടെ ഏകോപനത്തിനായി പ്രതിരോധ സേനാ തലവനെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഫോര്‍സ്റ്റാര്‍ ജനറലായിട്ടാവും തലവനെ നിയമിക്കുക. ഇതോടൊപ്പം സൈനികകാര്യ വകുപ്പ് രൂപീകരിക്കാനും തീരുമാനിച്ചു. പ്രതിരോധസേനാ തലവന്‍ തന്നെ ഈ വകുപ്പിന്റെയും ചുമതല വഹിക്കും. കര/നാവിക/വ്യോമസേനാ മേധാവിമാരില്‍ ഒരാളാവും ഈ പദവിയില്‍ എത്തുക.

Full View

Tags:    

Similar News